പത്തനംതിട്ട: അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 29 വർഷം കഠിനതടവും 1,36,000 രൂപ പിഴയും വിധിച്ച് അടൂർ അതിവേഗ കോടതി. പന്തളം തോന്നല്ലൂർ പുതിയയ്യത്ത് കിഴക്കേതിൽ അനീഷ് (40) ആണ് ശിക്ഷിക്കപ്പെട്ടത്. അടൂർ അതിവേഗ കോടതി ജഡ്ജി ടി. മഞ്ജിത് ആണ് വിധി പ്രസ്താവിച്ചത്. പ്രതി പിഴത്തുക അടച്ചാൽ അത് അതിജീവിതയ്ക്ക് നൽകണമെന്ന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് കോടതി നിർദേശിച്ചു.
2024 മുതൽ ഒരു വർഷത്തിലേറെക്കാലം പ്രതി കുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പെൺകുട്ടിയും കുടുംബവും താമസിക്കുന്ന വീടിന് സമീപത്തെ ഷെഡിൽവച്ചാണ് പീഡനം നടന്നത്. സംഭവത്തിൽ പന്തളം പൊലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടറായിരുന്ന ടി.ഡി. പ്രജീഷ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു.
എസ്ഐ അനീഷ് ഏബ്രഹാം, എഎസ്ഐ ഷൈൻ ബി., എസ്.സി.പി.ഒ. അൻവർഷ എസ്. എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരായ ഗുരുതരമായ കുറ്റത്തിന് ശക്തമായ ശിക്ഷയാണ് കോടതി വിധിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകാനുള്ള നിർദേശവും കോടതി പുറപ്പെടുവിച്ചു.











Leave a Reply