പ്രമുഖ നടിയെ കൊച്ചിയിൽ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് 3 പേർ അറസ്റ്റിൽ. വ്യാജ രേഖകളുപയോഗിച്ച് പൾസർ സുനിക്ക് സിം കാർഡ് ലഭ്യമാക്കിയ കേസിലാണ് ഇവ‍ർ അറസ്റ്റിലായിരിക്കുന്നത്. പൾസർ സുനിയുടെ സുഹൃത്തും ആലപ്പുഴ സ്വദേശിനിയുമായ ഷൈനി തോമസ്(35), പാലാ സ്വദേശി മോൻസി സ്‌കറിയ(46), വൈക്കം ഉദയനാപുരം കാലക്കോടത്ത് കെ.ജി മാർട്ടിൻ(52) എന്നിവരാണ് അറസ്റ്റിലായത്.
ആറു മാസം മുൻപ് റിയൽ എസ്റ്റേറ്റ് ബിസനിസുമായി ബന്ധപ്പെട്ട് എടുത്ത സിം കാർഡ് ഷൈനി സുനിക്ക് കൈമാറുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തിരുനക്കരയിലെ സ്വകാര്യ ആശുപത്രിക്ക് സമീപം സ്റ്റെല്ല പ്ളേസ്മെന്റ് എന്ന ജോബ് കൺസൾട്ടൻസി സ്ഥാപനം നടത്തുന്ന മാർട്ടിൻ, സുഹൃത്ത് മോൻസിയുടെ സഹായത്തോടെ വ്യാജ രേഖകളുപയോഗിച്ച് സിം കാർഡ് എടുക്കുകയായിരുന്നു.
സ്ഥാപനത്തിൽ ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് എത്തിയ കാഞ്ഞിരം സ്വദേശി ദീപക് സക്സേനയുടെ ആധാർകാർഡിന്റെ കോപ്പിയും ഇയാളോട് സാമ്യമുള്ള മറ്റൊരാളുടെ ഫോട്ടോയും ഉപയോഗിച്ച് തിരുനക്കര ബസ് സ്റ്റാൻഡിലെ മൊബൈൽ ഷോപ്പിൽ നിന്നാണ് ഇയാൾ സിം കാർഡ് സംഘടിപ്പിച്ചത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.