നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ ആരോഗ്യനില ഗുരുതരം. കേസിലെ സാക്ഷി വിസ്താരം ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് തിരുവനന്തപുരത്തേക്ക് മാറ്റണമെന്ന് പ്രോസിക്യൂഷന്‍ നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കി.

തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യാനുളള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ സമര്‍പ്പിച്ചത്. ഇരുവൃക്കകളും തകരാറിലായ ബാലചന്ദ്രകുമാര്‍ ചികിത്സയില്‍ കഴിയുകയാണ്.കേസില്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് വിഐപി കൈമാറിയെന്ന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട ഓഡിയോ ക്ലിപ്പും അദ്ദേഹം പുറത്തുവിട്ടിരുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസിലെ അടിച്ചിട്ട കോടതി നടപടികള്‍ പുറത്തുവിട്ട അഭിഭാഷകന്‍ ശ്രീജിത്ത് പെരുമനക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. സ്ത്രീകള്‍ക്ക് എതിരെയുള്ള ലൈംഗികാ അതിക്രമ കേസുകള്‍ അടച്ചിട്ട കോടതിയില്‍ വിചാരണ നടത്തണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശ്രീജിത്ത് പെരുമന കോടതി നടപടി പരസ്യപ്പെടുത്തിയത്.

കേസില്‍ ആദ്യം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത നെടുമ്പാശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെകടര്‍ക്ക് സമന്‍സയച്ചിട്ടും വിചാരണക്ക് ഹാജരായില്ല. തുടര്‍ന്ന് ആണ് എസ്എച്ച്ഒക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. എസ്എച്ച്ഒയെ കോടതിയില്‍ ഹാജരാക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ വാദം തുടരുകയാണെന്നും ശ്രീജിത്ത് പെരുമന ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നുണ്ട്. ബാലചന്ദ്ര കുമാറിനേയും കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നു.