വോട്ടെണ്ണല്‍ മൂന്നുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഇടതിന് മുന്‍തൂക്കം. കേരള കോണ്‍ഗ്രസ് സഖ്യം പാലാ നഗരസഭയില്‍ ഉള്‍പ്പെടെ നേട്ടമുണ്ടാക്കിയത് എൽഡിഎഫിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. കൊല്ലം, കോഴിക്കോട് കോര്‍പറേഷനുകളില്‍ ഭരണത്തുടര്‍ച്ച ഉറപ്പായി.

തിരുവനന്തപുരത്ത് വ്യക്തമായ മുന്‍തൂക്കം. ഇവിടെ യുഡിഎഫിന് വൻ തിരിച്ചടി. നഗരങ്ങളിലും ഗ്രാമങ്ങളിലും ആദ്യമുണ്ടാക്കിയ നേട്ടം യുഡിഎഫിന് നഷ്ടമായി. എറണാകുളം, മലപ്പുറം, ഇടുക്കി ജില്ലകളില്‍ മുന്‍തൂക്കം യുഡിഎഫിനാണ്. മലപ്പുറത്തും കോഴിക്കോട്ടും വെല്‍ഫെയര്‍ സഖ്യത്തിന് നേട്ടമുണ്ട്. പക്ഷേ മുക്കം നഗരസഭയില്‍ അധികാരത്തിലെത്താനായില്ല. തളിപ്പറമ്പ്, ശ്രീകണ്ഠപുരം നഗരസഭകളിൽ യുഡിഎഫ് ഭരണമുറപ്പിച്ചു. വിഡിയോ സ്റ്റോറി കാണാം.

അതേസമയം, പാലക്കാട്, ഷൊര്‍ണൂര്‍, ചെങ്ങന്നൂര്‍ നഗരസഭകളില്‍ ബിജെപിക്ക് മുന്നേറ്റമുണ്ട്. കണ്ണൂര്‍ കോര്‍പറേഷനിലും അങ്കമാലി, നിലമ്പൂര്‍ നഗരസഭകളിലും അക്കൗണ്ട് തുറന്നു. വര്‍ക്കലയില്‍ എല്‍ഡിഎഫ്–ബിജെപി ഒപ്പത്തിനൊപ്പമാണ്. കോഴിക്കോട്ട് മേയറുടെ വാര്‍ഡില്‍ ബിജെപിക്കാണ് ജയം.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 20 ഇടത്ത് എല്‍.ഡി.എഫും മൂന്നിടത്ത് യു.ഡി.എഫും 12 ഇടത്ത് എന്‍.ഡി.എയും ലീഡ് ചെയ്യുന്നു.