തിരുവനന്തപുരം: കൊല്ലപ്പെട്ട മുന്‍ രഞ്ജി താരം ജയമോഹന്‍ തമ്പിയുടെ വീട്ടില്‍ വഴക്ക് പതിവായിരുന്നുവെന്ന് വീട്ടുജോലിക്കാരിയുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ഒന്നരവര്‍ഷമായി അച്ഛനും മകനും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവാണെന്നും ഇരുവരും മദ്യപിച്ച് പരസ്പരം അടികൂടാറുണ്ടെന്നും വീട്ടുജോലിക്കാരിയായ അനിത  പറഞ്ഞു.

വെള്ളിയാഴ്ചയാണ് വീട്ടില്‍ അവസാനമായി ജോലിക്ക് പോയത്. ആഴ്ചയിലൊരു ദിവസമാണ് വീട് വൃത്തിയാക്കാന്‍ പോകാറുള്ളത്. ശനിയാഴ്ച രാവിലെ എട്ട് മണിയോടെ ജയമോഹന്‍ തമ്പിയെ കണ്ടിരുന്നു. തമ്പിയുടെ വീട്ടില്‍ അച്ഛനും മകനും തമ്മില്‍ വഴക്ക് പതിവാണ്. വാഹനത്തിന്റെ താക്കോലിനും എടിഎം കാര്‍ഡിനുമൊക്കെയാണ് ഇരുവരും വഴക്കിടാറുള്ളത്. വീട്ടിലെ മുറിക്ക് വേണ്ടിയും തര്‍ക്കങ്ങളുണ്ടായിരുന്നു. ചിലപ്പോള്‍ അച്ഛന്‍ മകനെയും മകന്‍ അച്ഛനെയും മുറിയില്‍ പൂട്ടിയിടാറുണ്ടെന്നും അനിത വിശദീകരിച്ചു.

അതേസമയം, ശനിയാഴ്ചയാണ് ജയമോഹന്‍ തമ്പി കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. മദ്യലഹരിയില്‍ പണത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അച്ഛനെ കൊലപ്പെടുത്തിയെന്ന് അറസ്റ്റിലായ മകന്‍ അശ്വിന്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ സംഭവദിവസം അമിത മദ്യലഹരിയായതിനാല്‍ പലതും ഓര്‍മ്മയില്ലെന്നാണ് അശ്വിന്‍ പറയുന്നത്. കസ്റ്റഡിയിലുള്ള സുഹൃത്ത് സംഭവത്തില്‍ ദൃക്‌സാക്ഷിയല്ലെന്നാണ് നിഗമനം. ചില അയല്‍വാസികളും സുഹൃത്തുക്കളും ജയമോഹന്‍ തമ്പിയുടെ വീട്ടില്‍ വന്നുപോകാറുണ്ടെന്നും സി.ഐ. വിശദീകരിച്ചു.