ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- വിവിധ ഇടങ്ങളിൽ നിന്നും ആശങ്കകൾ ഉയർന്നു വന്നതിനെ തുടർന്ന്, നഴ്സുമാരുടെ കുടിയേറ്റ ബില്ലിൽ മാറ്റങ്ങൾ വരുത്തുവാൻ തീരുമാനിച്ചിരിക്കുകയാണ് യുകെ ഗവൺമെന്റ്. യുകെയിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെ യോഗ്യതയും മറ്റും തീരുമാനിക്കുവാനുള്ള പൂർണ്ണ അധികാരം നഴ്സിംഗ് & മിഡ് വൈഫെറി കൗൺസിലിനു (എൻ എം സി ) ആയിരിക്കുമെന്ന് ഗവൺമെന്റ് ഉറപ്പിച്ച് പ്രഖ്യാപിച്ചിരിക്കുകയാണ്. യു കെ യിൽ ജോലി ചെയ്യുന്ന മറ്റു രാജ്യങ്ങളിൽ നിന്നുള്ള നേഴ്സുമാരെയും, മറ്റു രാജ്യങ്ങളിലേക്ക് ജോലിക്കായി പോകുന്ന യുകെ നേഴ്സുമാരെയും ഒരുപോലെ ബാധിക്കുന്ന ഈ ബില്ലിന് ഈ വർഷം അവസാനത്തോടെയോ, അടുത്തവർഷം ആദ്യമോ അന്തിമ അനുമതി ലഭിക്കും. ഈ ബില്ല് തുടക്കത്തിൽ കൊണ്ടുവന്നപ്പോൾ, എൻ എം സി യുടെ അധികാരം കുറയ്ക്കുന്നതാണെന്നും, രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ഒഴിവുകൾ നിറയ്ക്കുവാൻ ഈ ബില്ല് കാരണമായേക്കുമെന്നുമുള്ള കുറ്റപ്പെടുത്തലുകൾ ഉണ്ടായതിനെ തുടർന്നാണ് പുതിയ മാറ്റങ്ങൾ ഉണ്ടായിരിക്കുന്നത്. ഇപ്പോൾ മറ്റു രാജ്യങ്ങളിൽ നിന്നുള്ള നേഴ്സുമാരെ യൂറോപ്യൻ യൂണിയൻ നിർദ്ദേശിച്ചിട്ടുള്ള യോഗ്യത അടിസ്ഥാനത്തിലാണ് യുകെയിലും നിയമിക്കുന്നത്. എന്നാൽ യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രെക്സിറ്റോടെ യുകെ പിൻവാങ്ങിയതിനാലാണ് നിയമനങ്ങളിൽ പുതിയ മാറ്റങ്ങൾ വന്നിരിക്കുന്നത്. പുതിയ തീരുമാനങ്ങൾ പ്രകാരം എൻ എം സി ക്ക് ആയിരിക്കും നേഴ്സുമാരുടെ റിക്രൂട്ട്മെന്റുകളിൽ പൂർണ ഉത്തരവാദിത്വം ഉണ്ടാവുക.

യോഗ്യതകളുടെ അടിസ്ഥാനത്തിൽ മാത്രമാകും റിക്രൂട്ട്മെന്റുകൾ ഉണ്ടാവുകയെന്നും, ഇതിൽ യാതൊരു തരത്തിലുമുള്ള രാഷ്ട്രീയ ഇടപെടലുകളും ഉണ്ടാവുകയില്ലെന്നും മന്ത്രി ഗ്രിംസ്റ്റോൺ വ്യക്തമാക്കി. മെഡിക്കൽ കൗൺസിലിന് തൃപ്തിയില്ലാത്ത ഒരാളെപ്പോലും അംഗീകരിക്കുവാൻ ഗവൺമെന്റ് ഇടപെടുകയില്ല എന്നും അദ്ദേഹം ഉറപ്പു നൽകി. ഈ ബില്ലിന്റെ തുടക്കത്തിൽ ഗവൺമെന്റിന്റെ കൂടുതൽ സ്വാധീനം മൂലം യോഗ്യതയില്ലാത്തവരെ കൂടെ നിയമിക്കാനുള്ള സാധ്യതയുണ്ട് എന്ന ആരോപണത്തിൻ മേലാണ് പുതിയ മാറ്റങ്ങൾ. ഇതോടെ കേരളത്തിൽ നിന്നും മറ്റുമുള്ള നേഴ്സുമാരുടെ റിക്രൂട്ട്മെന്റ് പ്രക്രിയകൾ കൂടുതൽ കർശനമാകാൻനാണ് സാധ്യത.