യുഎസിനോ സഖ്യകക്ഷികള്‍ക്കോ ഉത്തര കൊറിയ ഭീഷണിയുയര്‍ത്തിയാല്‍ വലിയ തോതിലുള്ള സൈനിക പ്രതികരണമുണ്ടാകുമെന്ന് പെന്റഗണ്‍ മേധാവി ജയിംസ് മാറ്റിസ് അറിയിച്ചു. ഉത്തര കൊറിയയുടെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തെത്തുടര്‍ന്നു ചേര്‍ന്ന യുഎസിന്റെ ദേശീയ സുരക്ഷാ യോഗത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് സ്ഥിതിഗതികള്‍ വിശദീകരിച്ചശേഷമാണ് മാറ്റിസിന്റെ പ്രതികരണം വരുന്നത്.

പസഫിക് സമുദ്രത്തിലെ യുഎസ് ദ്വീപായ ഗുവാം ഉള്‍പ്പെടെ തങ്ങളുടെയോ സഖ്യകക്ഷികളുടെയോ അധീനതയില്‍പ്പെടുന്നവയ്ക്കുമേലുള്ള ഭീഷണിയെ ശക്തമായിത്തന്നെ നേരിടും. ഉത്തരകൊറിയയുടെ സമ്പൂര്‍ണ നാശം അല്ല ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഉത്തര കൊറിയയുടെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തെത്തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്താല്‍ യുഎന്‍ രക്ഷാസമിതി ഇന്ന് അടിയന്തരയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.

ഈയിടെ പരീക്ഷിച്ച 10,000 കിലോമീറ്ററിലേറെ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലില്‍ ഉപയോഗിക്കാന്‍ ഉദ്ദേശിച്ചാണ് പുതിയതരം ബോംബ് നിര്‍മിക്കുന്നതെന്നാണ് ഉത്തര കൊറിയയുടെ വാദം. അതേസമയം, ഉത്തരകൊറിയയുടെ നീക്കത്തിനെതിരെ രാജ്യാന്തര തലത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.