ഇന്ത്യയില്‍ ജനിച്ച താന്‍ ഇവിടെത്തന്നെ മരിയ്ക്കുമെന്ന് ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍. വൈവിദ്ധ്യപൂര്‍ണ്ണമായ രാജ്യം വിട്ട് പോകുന്നതിനെക്കുറിച്ച് താനോ ഭാര്യ കിരണ്‍ റാവുവോ ആലോചിക്കുന്നതേ ഇല്ല. രാജ്യംവിട്ട് രണ്ടാഴ്ച നിന്നാല്‍ ഗൃഹാതുരത്വമുണ്ടാകുന്നയാളാണ് താന്‍ ബോളിവുഡിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളിലൊന്നായ രംഗ്‌ദേ ബസന്തി 10 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന് തലേന്ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആമിര്‍ ഖാന്‍ പറഞ്ഞു.
രാജ്യം വിടേണ്ടി വരുമോ? എന്ന് ഭാര്യയ്ക്ക് ചോദിക്കേണ്ടി വന്നെന്ന് അഭിമുഖത്തിനിടെ ആമിര്‍ പറഞ്ഞത് ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നതിനിടെയാണ് പ്രതികരണം. ഉയര്‍ച്ചയും താഴ്ചയും എല്ലാ രാജ്യത്തിനുമുണ്ടാകുമെന്നും അതനുസരിച്ച് പ്രസ്താവനകള്‍ നടത്തരുതെന്നും സഹപ്രവര്‍ത്തകന്‍ അക്ഷയ് കുമാര്‍ ഇന്ന് പ്രതികരിച്ചത് വരെയെത്തുന്നതാണ് നടനെതിരായ വിമര്‍ശനങ്ങളുടെ സംഭവ പരമ്പര. ഇന്ത്യ അസഹിഷ്ണുവാണെന്നോ രാജ്യം വിട്ടുപോകുമെന്നോ പറഞ്ഞിട്ടില്ല.

പ്രസ്താവന മൂലം മുറിവേറ്റവരുടെ വികാരം മനസിലാക്കുന്നു. തന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതാണ്. മാദ്ധ്യമങ്ങള്‍ക്കും ഇക്കാര്യത്തില്‍ പങ്കുണ്ട്. ധാരാളം ഭാഷകളും സംസ്‌കാരങ്ങളും ഒത്തുചേരുന്ന നമ്മുടെ രാജ്യം പോലെ വൈവിദ്ധ്യമുള്ള മറ്റൊരിടമില്ല ആമിര്‍ പറയുന്നു. കഴിഞ്ഞ നവംബറില്‍ നടന്ന അഭിമുഖത്തിലാണ് രാജ്യത്തെ വളരുന്ന അസഹിഷ്ണുതയെക്കുറിച്ചുള്ള തന്റെ ആശങ്കകള്‍ അദ്ദേഹം തുറന്നു പറഞ്ഞത്. അന്നുമുതല്‍ പരാമര്‍ശത്തിനെതിരെ പൂച്ചെണ്ടും കല്ലേറും തുടരുകയാണ്. മേഖലയിലുള്ളവരുള്‍പ്പെടെ പലരും തള്ളിപ്പറഞ്ഞു.

രാജ്യത്ത് അസഹിഷ്ണുതയില്ലെന്ന് തെളിയിക്കാന്‍ സഹപ്രവര്‍ത്തകനായ അനുപം ഖേര്‍ റാലി നടത്തുക വരെ ചെയ്തു. കാലാവധി തീര്‍ന്നെന്ന ന്യായത്തില്‍ ആമിറിനെ ഇന്‍ക്രെഡിബിള്‍ ഇന്ത്യ കാമ്പയിന്റെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തു. ഒരു വ്യക്തിയെന്ന നിലയിലും,? രാജ്യത്തെ പൗരനെന്ന നിലയിലും രാജ്യത്ത് നടക്കുന്ന സംഭവങ്ങളറിയുമ്പോള്‍ ആശങ്ക തോന്നിയിട്ടുണ്ടെന്നത് നിഷേധിക്കുന്നില്ല. ഒരുപാട് സംഭവങ്ങള്‍ ഇതിന് വഴിവച്ചിട്ടുണ്ട് അദ്ദേഹം നിലപാട് വ്യക്തമാക്കി.

‘ഇന്ത്യ വിട്ടുപോകേണ്ടി വരുമോ? എന്ന കടുത്ത പ്രസ്താവന വീട്ടില്‍ സംസാരിക്കുന്നതിനിടെ ഭാര്യ കിരണിന് നടത്തേണ്ടി വന്നു. കുഞ്ഞിനെക്കുറിച്ച് ആശങ്കയുള്ള കിരണ്‍ തന്റെ അന്തരീക്ഷത്തെക്കുറിച്ചോര്‍ത്ത് ഭയക്കുന്നുണ്ട്. എല്ലാ ദിവസവും പത്രം തുറക്കാന്‍ പോലും അവര്‍ക്ക് പേടിയാണ്’ ഇതാണ് അസഹിഷ്ണുതയെക്കുറിച്ച് ആമിര്‍ പറഞ്ഞതും പിന്നീട് വിവാദമായതും. പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നെന്നും ഇന്ത്യക്കാരനെന്നതില്‍ തനിക്കുള്ള അഭിമാനം സ്ഥിരീകരിക്കാന്‍ ഒരാളുടെയും സമ്മതമോ അംഗീകാരമോ വേണ്ടെന്നും പ്രസ്താവനയ്ക്കുള്ള വിശദീകരണത്തില്‍ അന്നുതന്നെ ആമിര്‍ വ്യക്തമാക്കിയിരുന്നു. ഹൃദയം തുറന്നതിനെതിരെ കല്ലെറിഞ്ഞുള്ള പ്രതികരണം കാണുമ്പോള്‍ തന്റെ വാദം ശരിയെന്ന് തെളിയുകയാണ് അദ്ദേഹം വിശദീകരണക്കുറിപ്പില്‍ പറയുന്നു