ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കെറ്ററിങ്ങിൽ മലയാളി നേഴ്സും രണ്ട് പിഞ്ചു കുട്ടികളും കൊല്ലപ്പെട്ട സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് പോലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടത് . ബ്രിട്ടനിലെ മുൻനിര മാധ്യമങ്ങൾ എല്ലാം വളരെ പ്രാധാന്യത്തോടെയാണ് ദാരുണ കൊലപാതകത്തിന്റെ വാർത്ത പ്രസിദ്ധീകരിച്ചത്. പല മാധ്യമങ്ങളിലും ഏറ്റവും കൂടുതൽ പേർ വായിച്ച ന്യൂസ് അഞ്ജു അശോക് (35 ), മക്കളായ ജീവ (6) , ജാൻവി (4), എന്നിവർ കൊല്ലപ്പെട്ട വാർത്തയായിരുന്നു.

പ്രതിയായ അഞ്‌ജുവിന്റെ ഭർത്താവ് 52 വയസ്സുകാരനായ സാജു പോലീസിനോട് കുറ്റസമ്മതം നടത്തിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ . കണ്ണൂർ ഇരിട്ടി പടിയൂർ കൊമ്പൻപാറ ചേലപാലൻ സാജുവിനെതിരെ അന്വേഷണം പൂർത്തിയാക്കി നോർത്താംപ്ടൺ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഇന്ന് നോർത്താംപ്ടൺ മജിസ്ട്രേറ്റ് കോടതിയിൽ സാജുവിനെ ഹാജരാക്കും. രണ്ടു പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടെ മൂന്നുപേരുടെ കൊലപാതകം നടത്തിയ സാജുവിന് ശിഷ്ടകാലം മുഴുവൻ ജയിലിൽ കഴിയേണ്ടി വരുമെന്ന സൂചനകളാണ് നിയമവിദഗ്ധർ നൽകുന്നത്.

കൊല്ലപ്പെട്ട മൂന്നുപേരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ച്‌ മൃതസംസ്കാരം നടത്താനാണ് ബന്ധുക്കൾ ആഗ്രഹിക്കുന്നത്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് പുരോഗമിക്കുകയാണ്. ബ്രിട്ടനിലെ നിയമ നടപടിക്രമങ്ങൾ പൂർത്തിയായി എന്ന് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാമെന്നതിനെ കുറിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്