ശബരിമല വിശ്വാസ സമരം ബിജെപിയുടെ രാഷ്ട്രീയ തുറുപ്പു ചീട്ടായി അമിത്ഷാ മാറ്റി. ഈ കളി ജയിക്കാന്‍ വേണ്ടിയാകണം. പരാജയപ്പെട്ടാല്‍ ബിജെപിക്ക് കേരള ഘടകം ഇനി വേണ്ട. നേതാക്കള്‍ക്കുള്ള താക്കീതും, അണികളെ ഉണര്‍ത്തി വിടുന്നു പ്രസംഗവുമായി അമിത്ഷാ കളം നിറയുമ്പോള്‍ ഇതു വെറും അമിട്ടാണെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും കോടിയേരിയും തിരിച്ചടിച്ചു. ഇന്നലത്തെ വാക് യുദ്ധം കഴിഞ്ഞപ്പോള്‍ അമിത്ഷായുടെ അറ്റകൈ പ്രയോഗം. മണ്ഡല കാലത്ത് ശബരിമലയിലെത്തും.

ഇവിടെ അക്ഷരാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ പെട്ടുപോവുകയാണ്. അമിത് ഷാ ശബരിമലയിലെത്തുക എന്നു പറഞ്ഞാല്‍ ബിജെപിയുടെ ദേശീയ നേതൃത്വം ഒന്നാകെ ശബരിമലയിലേക്ക് ശ്രദ്ധയൂന്നുന്നു എന്നു വരും. ഇസഡ് കാറ്റഗറി സുരക്ഷയുള്ള അമിത്ഷാ എത്തുന്നതിനു മുമ്പ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും, കേന്ദ്ര പോലീസും കളം നിറയും. ഏതു നിമിഷം വേണമെങ്കിലും അര്‍ദ്ധ സൈനിക വിഭാഗത്തെ വിന്യസിക്കുന്നതില്‍ വരെ കാര്യങ്ങളെത്താം. നാലു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും ശബരിമല പ്രധാന വിഷയമാണ്. ഈ സംസ്ഥാനങ്ങളിലെ ബിജെപിയും ഭരണ സംവിധാനങ്ങളും ശബരിമലയിലേക്ക് ശ്രദ്ധ തിരിയും.

ചുരുക്കത്തില്‍ ശബരിമല വിഷയം ദേശീയ ചര്‍ച്ചയാകുന്നതിനൊപ്പം കേരളത്തിലെ വിശ്വാസി സമരങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയൊരുക്കാനും അമിത്ഷാക്കു കഴിയും ഇത് സംസ്ഥാന സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാകും. ശബരിമല സമരത്തിന്റെ ഭാഗമായുള്ള പ്രതിഷേധങ്ങളും, വിശ്വാസ സംരക്ഷണ നടപടികളും തുടരാന്‍ വിശ്വാസികള്‍ക്കു കവചമൊരുക്കുകയും സംസ്ഥാന ബിജെപിക്ക് ശക്തമായ സമരമൊരുക്കാനുള്ള അവസരങ്ങളുണ്ടാകുകയുമാണ് അമിത് ഷാ ലക്ഷ്യമിടുന്നത്.

കേരളത്തിലെ ബിജെപിക്കിത് ജീവന്‍മരണ കളിയാണ്. കാസര്‍കോട് മുധൂര്‍ ക്ഷേത്രത്തില്‍ നിന്നു തുടങ്ങുന്ന രഥയാത്ര അക്ഷരാര്‍ത്ഥത്തില്‍ കേരളത്തെ ഇളക്കി മറിക്കുമെന്ന് അവര്‍ കണക്കു കൂട്ടുന്നു. എന്‍എസ്എസിന്റെ ഹൈന്ദവ സംഘടനകളുടെയും ഉറച്ച പിന്തുണയില്‍ കേരളത്തിലാദ്യമായാണ് ഇത്തരമൊരു പ്രക്ഷോഭത്തിന് ബിജെപി ഇറങ്ങിത്തിരിക്കുന്നത്. കൂടെ പട നയിക്കാന്‍ സാക്ഷാല്‍ അമിത്ഷായും വിശ്വാസി സമരത്തിന്റെ ഭാഗമായി മൂവായിരത്തിലധികം ആളുകളെ അറസ്റ്റു ചെയ്ത് ശക്തമായ പ്രതിരോധമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്.

പരസ്യ പോര്‍വിളിയുമായി കോടിയേരിയും കടകംപള്ളിയുമൊക്കെ പിണറായിയുടെ കരുത്തില്‍ കളം നിറയുന്നു. സുപ്രീംകോടതി വിധിക്ക് എതിരു നിന്നാല്‍ നിയമപരമായ ഒരു വിധ പരിരക്ഷയും ബിജെപിക്കും സംഘപരിവാര്‍ സംഘടകള്‍ക്കും ലഭിക്കില്ല എന്ന ധൈര്യമാണ് സര്‍ക്കാരിനുള്ളത്. ഇത്തരം നീക്കങ്ങളെ തടയിടാനുള്ള ബിജെപി തന്ത്രമാണ് അമിത് ഷായുടെ ശബരിമല യാത്ര.

സര്‍ക്കാരിനും ബിജെപിക്കും ഇതു തീക്കളിയാണ്. രണ്ടും കല്‍പ്പിച്ച് കേരളം പിടിക്കാനിറങ്ങിയ അമിത്ഷായെ അത്രയെളുപ്പം തുരത്താന്‍ സര്‍ക്കാരിനാകുമോ? ഇതു വെല്ലുവിളി തന്നെ, വാചക കസര്‍ത്തല്ല നീക്കങ്ങളാണ് പ്രധാനം കേന്ദ്രവുമായി നേരിട്ടൊരു ഏറ്റുമുട്ടല്‍ സംസ്ഥാനത്തെ വീര്‍പ്പു മുട്ടിക്കും. അമിത്ഷാ പറഞ്ഞത് വെറുതെയാവില്ലെന്ന് പറയുന്ന ബിജെപിയും രണ്ടും കല്‍പ്പിച്ചു തന്നെ.