ഉത്തരാഖണ്ഡിലെ ബിജെപി നേതാവിന്റെ മകന്റെ റിസോര്‍ട്ട് ജീവനക്കാരി അങ്കിത ഭണ്ഡാരി കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പ് സുഹൃത്തിനയച്ച വാട്‌സ്ആപ്പ് സന്ദേശം കണ്ടെടുത്തു. പെണ്‍കുട്ടിക്ക് റിസോര്‍ട്ട് ഉടമയില്‍ നിന്നും മാനേജരില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ വെളിവാക്കുന്നതാണ് സുഹൃത്തിനോട് പങ്കുവെച്ച സന്ദേശങ്ങള്‍.

റിസോര്‍ട്ടില്‍ എത്തുന്ന അതിഥികളുമായി അതിഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ മാനേജരും റിസോര്‍ട്ട് ഉടമയും തന്നെ നിര്‍ബന്ധിച്ചുവെന്നും ദരിദ്രയാണെങ്കിലും 10,000 രൂപക്ക് വേണ്ടി സ്വന്തം ശരീരം വില്‍ക്കാന്‍ ഒരിക്കലും തയാറാകില്ല എന്നുമാണ് പെണ#്കുട്ടി സുഹൃത്തിന് അയച്ച സന്ദേശത്തില്‍ പറയുന്നത്.

ഉത്തരാഖിലെ മുന്‍ മന്ത്രിയും ബിജെപി നേതാവുമായ വിനോദ് ആര്യയുടെ മകന്‍ പുല്‍കിത് ആര്യയുടെ റിസോര്‍ട്ടിലെ ജീവനക്കാരിയായിരുന്നു 19കാരി അങ്കിത. സെപ്റ്റംബര്‍ 18ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് റിസോര്‍ട്ടിന് സമീപത്തെ കനാലില്‍ നിന്നും പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. സെപ്റ്റംബര്‍ 23ന് പുല്‍കിത് ആര്യയെയും റിസോര്‍ട്ടിലെ മറ്റ് ജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു.

അങ്കിതയുടെത് മുങ്ങിമരണമാണെന്നും ശരീരത്തില്‍ നിന്ന് ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തിയതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടിയുടെ കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്ത് വന്നതോടെ ഋഷികേശിലെ വനതാര റിസോര്‍ട്ട് നാട്ടുകാര്‍ തകര്‍ത്തിരുന്നു. സര്‍ക്കാര്‍ റിസോര്‍ട്ട് ഇടിച്ചു നിരത്തുകയും ചെയ്തു. എന്നാല്‍ റിസോര്‍ട്ട് തകര്‍ത്തത് തെളിവ് നശിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണെന്നാണ് അങ്കിതയുടെ കുടുംബം ആരോപിക്കുന്നത്.