കൽപ്പറ്റ: അനധികൃതമായി മദ്യം കൈവശം വച്ച കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. തുടർന്ന് ജാമ്യം തേടി ആന്റോ ഹൈക്കോടതിയെ സമീപിച്ചു. ഹർജി ഇന്ന് തന്നെ പരിഗണിച്ചേക്കും. നിലവിൽ മാനന്തവാടി ജില്ലാ ജയിലിൽ കഴിയുന്ന ആന്റോയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ എക്സൈസ് നീക്കം തുടങ്ങി.
വീട്ടിൽ അനുവദനീയമായതിലും കൂടുതൽ മദ്യം സൂക്ഷിച്ചെന്ന കുറ്റത്തിലാണ് അബ്കാരി നിയമപ്രകാരം ആന്റോയെ അറസ്റ്റ് ചെയ്തത്. മെസ്സിയുടെ പേരിലുള്ള തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധനയ്ക്കിടെയാണ് വയനാട്ടിലെ വാഴവറ്റയിലെ കുടുംബവീട്ടിൽ നിന്ന് 67 ലിറ്റർ മദ്യം കണ്ടെത്തിയത്. ഇതിൽ 43 ലിറ്റർ വിദേശമദ്യവും 22 ലിറ്റർ വൈനും ഉൾപ്പെടുന്നു. പിടിച്ചെടുത്ത മദ്യത്തിൽ 12.75 ലിറ്റർ വ്യാജമദ്യമാണെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ.
മദ്യം വിൽപനയ്ക്കായി സൂക്ഷിച്ചിരുന്നെങ്കിൽ ഗുരുതര കുറ്റമായി കണക്കാക്കും. സ്വന്തം ആവശ്യത്തിനായാണ് സൂക്ഷിച്ചതെങ്കിൽ, നിശ്ചിത പരിധിയിൽ കൂടുതൽ മദ്യം കൈവശം വയ്ക്കുന്നതിന് വീട്ടിൽ സ്ഥിരതാമസക്കാരായ മുതിർന്നവരുടെ എണ്ണം സംബന്ധിച്ച വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട്. ഇക്കാര്യം തെളിയിക്കാൻ ആന്റോയ്ക്ക് കഴിഞ്ഞില്ലെന്നാണ് എക്സൈസ് പറയുന്നത്. കേരള അബ്കാരി നിയമത്തിലെ 55(a), 55(i), 58 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മദ്യം എത്തിച്ചതുമായി ബന്ധപ്പെട്ട നികുതിവെട്ടിപ്പും അന്വേഷണ പരിധിയിലുണ്ട്.











Leave a Reply