തൃശൂർ: അമേരിക്കയിലെ കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളായ തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ മറ്റത്ത് ആൻമേരി മാത്യു (40) എന്നിവരുടെ മൃതദേഹങ്ങൾ സെപ്റ്റംബർ 21ന് രാവിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിക്കും. രാവിലെ എട്ടോടെയാണ് മൃതദേഹങ്ങൾ എത്തിക്കുക. അഞ്ജനയുടെ സംസ്കാരം അന്നു വൈകിട്ട് വീട്ടുവളപ്പിൽ നടക്കും.
അഞ്ജനയും ആൻമേരിയും കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ ഉറ്റസുഹൃത്ത് കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് തഴയ്ക്കവയൽ മാറാമറ്റം അനില ബേബി ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. സാന്റാക്ലാര കൗണ്ടി മെയിൻ ജയിലിലെ അതീവ സുരക്ഷാ വിഭാഗത്തിലാണ് അനിലയെ പാർപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് 28നായിരുന്നു കൊലപാതകം. പോസ്റ്റ്മോർട്ടം, എംബാമിങ്, ഇമിഗ്രേഷൻ നടപടികൾ എന്നിവ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത്.
ആൻമേരിയുടെ സംസ്കാരം ഭർത്താവിന്റെ ഇടവകയായ ചിങ്ങവനം സെന്റ് ഇഗ്നേഷ്യസ് ദേവാലയത്തിൽ ചൊവ്വാഴ്ച നടക്കും. സാൻഫ്രാൻസിസ്കോ സെന്റ് മേരീസ് യാക്കോബായ ദേവാലയത്തിലെ അസോഷ്യേറ്റ് വികാരി ഫാ. തോമസ് കോര പുൽപ്പാറയിലിന്റെ നേതൃത്വത്തിലാണ് കാലിഫോർണിയയിലെ നടപടികൾ പൂർത്തിയാക്കിയത്. മൃതദേഹങ്ങൾ വീടുകളിൽ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നോർക്ക അധികൃതർ ഒരുക്കും.











Leave a Reply