മാത്യൂ ചെമ്പുകണ്ടത്തിൽ

എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തൻ വികാരി സ്ഥാനത്തു നിന്ന് മാർ ആൻ്റണി കരിയിൽ രാജിവച്ച് ഒഴിയുമ്പോൾ, “പേറെടുക്കാൻ വന്നവൾ ഇരട്ട പെറ്റു കിടക്കുന്നു” എന്ന പഴഞ്ചൊല്ലാണ് ഓർമ്മ വരുന്നത്. അനുസരണക്കേടു കാണിക്കുന്നവരെ ഗുണപ്പെടുത്താൻ വന്നയാൾ അനുസരണക്കേടിൻ്റെ പേരിൽ കടുത്ത ശിക്ഷയും വാങ്ങി സ്ഥാനമുപേക്ഷിച്ചു പോവുക എന്നത് സഭയിലോ ലോകത്തിലോ കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. “വത്തിക്കാൻ സ്ഥാനപതി നേരിട്ട് വന്നു രാജിക്കത്തു എഴുതി വാങ്ങിച്ചുകൊണ്ട് പോയ മെത്രാൻ” എന്ന അവമതിയും സ്വന്തമാക്കായാണ് അദ്ദേഹം അതിരൂപതയുടെ പടിയിറങ്ങുന്നത്.

സാർവ്വത്രിക സഭയിലെ വ്യക്തിസഭകളിൽ ഏറ്റവും പൗരാണികതയും പ്രവർത്തന മികവും ആൾബലവും കൊണ്ട് മുഖ്യസ്ഥാനത്തു നിൽക്കുന്ന സഭയാണ് സീറോ മലബാർ സഭ. ഈ സഭയെ പിടിച്ചുലച്ച സംഭവമായിരുന്നു എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാടിനെ തുടർന്നുണ്ടായ സംഭവങ്ങൾ. ഇതിൻ്റെ പേരിൽ അതിരൂപതയിൽ നിഴലിട്ട അശാന്തിയുടെ അന്തരീക്ഷം മാറ്റിയെടുക്കുക എന്ന പ്രത്യേക ദൗത്യവുമായി നിയുക്തനായ വ്യക്തിയായിരുന്നു മാർ ആന്റണി കരിയിൽ. ഒരു പ്രത്യേക ദൗത്യത്തിനായി നിയോഗിക്കപ്പെട്ട വ്യക്തി തന്റെ ദൗത്യവും നിയോഗവും മറന്ന് തനിക്കിഷ്ടമുള്ള വഴിയിൽ നീങ്ങുമ്പോൾ മാറ്റമില്ലാത്ത ദൈവത്തിന്റെ നീതി, യോനാ പ്രവാചകനോടെന്നപോലെ കരിയിൽ മെത്രാനേയും പിന്തുടരുന്ന കാഴ്ചയാണ് കാണുന്നത്.

എറണാകുളം അങ്കമാലി അതിരൂപതയിൽ അന്നുവരെ നിലവിലില്ലാതിരുന്ന “മെത്രാപ്പിലീത്തൻ വികാരി” എന്ന പദവിയും “മെത്രാപോലീത്താ” സ്ഥാനവും നൽകിയാണ് മാർ കരിയിലിനെ ഇവിടേക്ക് സമാധാനദൂതനായി സഭാസിനഡ് അയയ്ക്കുന്നത്. സഭയുടെ ചൈതന്യത്തിനും സ്വഭാവത്തിനും നിരക്കാത്ത രീതിയിൽ അവിടെ പ്രവർത്തിച്ചിരുന്ന വിമതസംഘത്തെ പ്രാർത്ഥനയുടെയും സ്നേഹത്തിന്റെയും അരൂപിയിൽ രമ്യതപ്പെടുത്തുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ ദൗത്യം. എന്നാൽ എല്ലാവരുടെയും പ്രതീക്ഷകൾക്ക് വിരുദ്ധമായി, വിമതരുടെ ഇഷ്ടതൊഴനും തലതൊട്ടപ്പനുമായി മാർ കരിയിൽ മാറുന്ന കാഴ്ചയാണ് പിന്നീട് എല്ലാവരും കണ്ടത്. സഭയിൽ ഐക്യത്തിന്റെ പൊൻപുലരി പ്രതീക്ഷിച്ചിരുന്നവർക്ക് കടുത്ത നിരാശയായിരുന്നു ഫലം.

“മെത്രാപോലീത്തൻ വികാരി” എന്ന നിലയിൽ എറണാകുളത്തെ മേജർ ആർച്ച് ബിഷപ്സ് ഹൗസിൽ എത്തിയ മാർ കരിയിലിന്റെ ആദ്യ നടപടിതന്നെ സഭാമക്കളുടെയെല്ലാം നെറ്റി ചുളിപ്പിക്കുന്നതായിരുന്നു. ആ ഭവനത്തിൽ തന്നോടൊപ്പം മേജർ ആർച്ച് ബിഷപ്പ് താമസിക്കേണ്ടതില്ല എന്ന് അദ്ദേഹം തീരുമാനിച്ചു. അതിരൂപതയുടെ ആസ്ഥാന മന്ദിരത്തിൽ അതിരൂപതയുടെ അധ്യക്ഷന് തലചായ്ക്കാൻ ഒരു മുറി വേണ്ട എന്നുള്ളത് പ്രശ്നപരിഹാരത്തിന് നിയുക്തനായ ഒരു മാനേജ്‌മെന്റ് വിദഗ്ധന്റെ നല്ല തീരുമാനം ആയിരുന്നു എന്നു കരുതി എല്ലാവരും ആശ്വസിച്ചു. പക്ഷേ, അത് ദൈവത്തെ കൂടാതെയുള്ള ഒരു തീരുമാനം ആയിരുന്നുവെന്ന് മാർ കരിയിലിന്റെ തുടർന്നുള്ള ഓരോ തീരുമാനങ്ങളും പ്രവർത്തികളും തെളിയിച്ചുകൊണ്ടിരുന്നു.

സീറോ മലബാർ സഭയുടെ സിനഡിന്റെ സെക്രട്ടറി എന്ന നിലയിൽ താൻ കൂടി അംഗമായിരുന്ന് ചർച്ച ചെയ്തു തീരുമാനിച്ചതും മാർപ്പാപ്പ അംഗീകാരം നൽകി നടപ്പാക്കാൻ നിർദേശം നൽകിയതുമായ കുർബാന ക്രമത്തെ സംബന്ധിച്ച് മാർ കരിയിൽ കൈക്കൊണ്ട നടപടികളാണ് അദ്ദേഹത്തേ രാജി നൽകേണ്ട സ്ഥിതിയിൽ എത്തിച്ചത്. മാർപാപ്പയും സിനഡും അംഗീകാരം നൽകിയ പുതിയ കുർബാനക്രമം എറണാകുളം അങ്കമാലി അതിരൂപതയിൽ നടപ്പിലാക്കേണ്ടതില്ല എന്ന നിലപാട് വിമതർക്ക് വേണ്ടി അദ്ദേഹം കൈക്കൊണ്ടു. ഒരു പുരോഹിതൻ എന്ന നിലയിലും മെത്രാൻ എന്ന നിലയിലും അദ്ദേഹം ഏറ്റുപറഞ്ഞ സത്യപ്രതിജ്ഞയാണ് ഇവിടെ മാർ കരിയിൽ ലംഘിച്ചത്. ഇതോടെ, രാജി വയ്ക്കുക അല്ലെങ്കിൽ പുറത്താക്കപ്പെടുക എന്നീ രണ്ട് വഴികൾ മാത്രമേ അദ്ദേഹത്തിനു മുന്നിൽ അവശേഷിച്ചുള്ളൂ. ഒരിക്കലും ഗുണപ്പെടാത്തവരോട് സംസാരിച്ചു എന്തിനു സമയം പാഴാക്കണം എന്ന് ദൗത്യം മറന്ന യോനാ ചിന്തിച്ചു കാണും. അല്ലെങ്കിൽ, തന്നെ അവർ കൊന്നു കളയുമോ എന്ന് ഭയന്നിട്ടുണ്ടാവാം. എന്നാൽ, തന്നിലൂടെ പ്രവർത്തിക്കുന്നത് ദൈവമാണെന്നും തമ്പുരാന്റെ കൈയ്യിലെ വെറുമൊരു ഉപകാരണമാണു താനെന്നും യോനാ മറന്നതുപോലെ മാർ കരിയിലും ദൈവ പദ്ധതിക്കു മുകളിൽ തൻ്റെ തീരുമാനം നടപ്പാക്കാനാണ് ശ്രമിച്ചത്. അദ്ദേഹത്തിനു തെറ്റുപറ്റിയതും ഇവിടെയാണ്.

സീറോ മലബാർ സഭയെ അരനൂറ്റാണ്ടു കാലമായി വിഷമിപ്പിച്ചുകൊണ്ടിരിക്കുന്ന ആരാധനക്രമത്തെ സംബന്ധിച്ച കാര്യത്തിൽ നിർണ്ണായക തീരുമാനം തന്നിൽ നിക്ഷിപ്തമായ അധികാരത്തോടെ ധൈര്യപൂർവം എടുക്കേണ്ട വ്യക്‌തി വിമത വൈദീകരുടെ കൈയിലെ പാവയാവുകയായിരുന്നു. അദ്ദേഹത്തിൻ്റെ നിലപാടുകൾ വിമതരുടെ ഉശിരും ധാർഷ്ട്യവും വർദ്ധിപ്പിച്ചു. ധൂർത്തപുത്രൻ തന്റെ ഓഹരിയാണ് ദുർവ്യയം ചെയ്തു നശിപ്പിച്ചതെങ്കിൽ, തിരുസഭ നൽകിയ പദവിയും അധികാരവുമാണ് മാർ കരിയിൽ ദുർവ്യയം ചെയ്തത്.

2021 നവംബർ 27 മംഗളവാർത്ത കാലത്തിന്റെ ആരംഭം മുതൽ നടപ്പിലാക്കി തുടങ്ങി 2022-ലെ ഉയിർപ്പ് തിരുനാളിൽ പൂർണ്ണമായും സീറോ മലബാർ സഭ മുഴുവനിലും നടപ്പിൽ വരുത്തണമെന്ന് സിനഡ് തീരുമാനിച്ചതും മാർപ്പാപ്പ അംഗീകാരം നൽകിയതുമായ വിശുദ്ധ കുർബാനയുടെ ക്രമം തങ്ങൾ യാതൊരു കാരണവശാലും അംഗീകരിക്കുകയില്ലെന്ന് അതിരൂപതയിലെ വിമത വൈദീകർ പ്രഖ്യാപിച്ചപ്പോൾ അവരേ തിരുത്തുവാൻ അദ്ദേഹം തയ്യാറായില്ല.

സിനഡിൽ ഒരു മുഖവും വിമതർക്ക് മുൻപിൽ മറ്റൊരു മുഖവുമായി വേഷപ്പകർച്ച നടത്തിയിരുന്ന മാർ കരിയിലിന്റെ യഥാർഥ മുഖം കാണുവാൻ 2021-ലെ ക്രിസ്തുമസിന് മുമ്പ് വിളിച്ചു ചേർത്ത അതിരൂപതയിലെ വൈദീകരുടെ ഓൺലൈൻ സമ്മേളനം സഹായിച്ചു. ക്രിസ്മസ് ദിനത്തിൽ എറണാകുളം ബസളിക്കയിൽ സമാധാന അന്തരീക്ഷത്തിൽ സഭാതലവൻ ഏകീകൃത കുർബാന അർപ്പിച്ചാൽ പിന്നെ നിവേദനവും കൊണ്ട് റോമിലേക്കു പോയിട്ട് ഒരു കാര്യവുമില്ലെന്നും അതിനാൽ അതുണ്ടാവാതെ നോക്കണം എന്നുൾപ്പെടെയുള്ള ഇളമുറക്കാരുടെ ഉപദേശങ്ങളോട് ഇദ്ദേഹം പ്രതികരിക്കുന്ന രീതി ആ സമ്മേളനത്തിൽ പങ്കെടുത്ത ചിലർ സമൂഹ മാധ്യമങ്ങളിൽ പങ്ക് വച്ചത് കണ്ടു ഏവരും ഞെട്ടി. ആ കാഴ്ച് സഭയെ അക്ഷരാർത്ഥത്തിൽ വേദനിപ്പിക്കുന്നതായിരുന്നു.

തുടർന്ന് നടന്ന വത്തിക്കാൻ സന്ദർശനത്തിൽ, മാർപ്പാപ്പയെ സന്ദർശിച്ചതിനു ശേഷം പരിശുദ്ധ പിതാവ് പറഞ്ഞിട്ട് എന്നവണ്ണം, തനിക്ക് ഇല്ലാത്ത അധികാരം ഉപയോഗിച്ചു അതിരൂപതയ്ക്കു മുഴുവൻ ഏകീകൃത രീതിയിലുള്ള ബലിയർപ്പണത്തിൽ നിന്ന് അദ്ദേഹം വിടുതൽ (dispensation) നൽകി. ഇത് മാതൃകയാക്കി ഇരിങ്ങാലക്കുട, ഫാരിദാബാദ് രൂപതകളിലെ മെത്രാന്മാരും തങ്ങളുടെ രൂപതകളിലും dispensation നൽകി. പിന്നീട് ഇരിങ്ങാലക്കുടയിൽ മെത്രാൻ വിശ്വാസികൾക്കും ഫാരിദാബാദിൽ വിശ്വാസികൾ മെത്രാനും ആവശ്യമായ നിർദേശങ്ങൾ നൽകി കുർബാന ക്രമം ശരിയായി രീതിയിൽ നടപ്പിലാക്കി.

അതിരൂപത മുഴുവനും പൊതുവായി നൽകപ്പെട്ട dispensation നിയമ വിരുദ്ധമാണെന്നും ആയതിനാൽ അത് പിൻവലിക്കണമെന്നും പൗരസ്ത്യ തിരുസംഘത്തിൽ നിന്ന് മാർ കരിയിലിനു നിർദേശം വന്നിട്ടും അദ്ദേഹം തന്റെ തെറ്റ് തിരുത്തുവാൻ തയ്യാറായില്ല. അങ്ങനെ മാർപ്പാപ്പയുടെ പേരിൽ കുർബാന ക്രമം തടഞ്ഞതു കൂടാതെ വത്തിക്കാൻ കാര്യാലയത്തിൽ നിന്നുള്ള നിർദേശത്തിന്റ നഗ്നമായ ലംഘനവും യാതൊരു കൂസലുമില്ലാതെ അദ്ദേഹം ആവർത്തിച്ചു. കുരിശുരണത്തോളം അനുസരണത്തിനു കീഴടങ്ങിയവന്റെ തിരുബലിയെ അനുസരണക്കേടിൻ്റെ അങ്കി ധരിച്ചുകൊണ്ടായിരുന്നു അദ്ദേഹവും വിമതരും ദിവസേന അൾത്താരയിൽ അർപ്പിച്ചത്. സഭയ്ക്കു വേണ്ടി രക്തസാക്ഷിയാകുവാനുള്ള മെത്രാൻ്റെ മനസിനെ സൂചിപ്പിക്കുന്നതാണ് രക്തനിറമുള്ള അരപ്പട്ടയെങ്കിൽ അതിനു വിരുദ്ധമായ മനസ്സോടെ സഭയെ സമൂഹത്തിൽ ദിവസേന അവഹേളിതയാക്കുന്ന നടപടികളിലൂടെ വിമതരെ നയിക്കുകയായിരുന്നു കരിയിൽ മെത്രാൻ.

ജനുവരി 2022-ൽ ചേർന്ന സീറോ മലബാർ സഭയുടെ സിനഡിൽ, ഏകീകൃത കുർബാന അതിരൂപതയിൽ നടപ്പാക്കണം എന്ന് നിഷ്കർഷിച്ചുകൊണ്ട് മേജർ ആർച്ച് ബിഷപ്പിനൊപ്പം സർക്കുലർ ഒപ്പിട്ടതിനു ശേഷം, തന്നേ സമ്മർദം ചെലുത്തിയാണ് ഒപ്പിടീച്ചത് എന്ന് അദ്ദേഹം പറഞ്ഞതായി മാർ കരിയിലിന്റെ സാന്നിധ്യത്തിൽ വിമത വൈദീകർ പ്രസംഗിക്കുന്നതും ലോകം കണ്ടു. തിരുസഭയിൽ ഈ തോന്ന്യവാസങ്ങൾ തുടരാൻ അനുവദിക്കുന്നത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചു വിശ്വാസികൾ താൽക്കാലികമായി ഭാഗ്നശരായെങ്കിലും അവർ പ്രാർത്ഥനയോടെ ദൈവിക ഇടപെടലിനായി കാത്തിരുന്നു.

2019 ഓഗസ്റ്റ് മാസം വരെ മാണ്ട്യ രൂപതയെ നയിച്ചിരുന്ന കരിയിൽ പിതാവിന് ഇന്നു ഭവിച്ചിരിക്കുന്ന ദുരവസ്ഥ പറുദീസയിലെ അനുസരണക്കേടിനേ ഓർമ്മിപ്പിക്കുന്നതാണ്. ജീവൻ ത്യജിക്കേണ്ടി വന്നാൽ പോലും താൻ തന്റെ മേലധികാരികളോട് അനുസരണക്കേടും വിധേയത്വമില്ലായ്മയും കാണിക്കില്ല എന്ന് സഭാ ശുശ്രൂഷയിൽ ഉള്ളവരേ നിരന്തരം ഓർമ്മിപ്പിക്കാൻ മാർ കരിയിലിൻ്റെ രാജി കാരണമാകും. എത്ര പ്രഗത്ഭനാണെങ്കിലും അനുസരണക്കേടു കാണിച്ചാൽ സഭ വച്ചുപൊറുപ്പിക്കില്ല എന്ന വലിയ പാഠമാണ് മാർ കരിയിലിൻ്റെ പടിയിറക്കം ഓർമ്മിപ്പിക്കുന്നത്.

യോനായുടെ ദൗത്യം തിമിംഗലത്തിന്റെ വയറിനുള്ളിലും ധൂർത്തപുത്രന്റെ ജീവിതം പന്നിക്കൂട്ടത്തിനൊപ്പവും തീരുവാനുള്ളതല്ല. മനസാന്തരത്തിനും മടങ്ങിവരവിനും നൽകപ്പെട്ട അവസരങ്ങളെല്ലാം വിമത സ്നേഹത്താൽ കളഞ്ഞുകുളിച്ചാണ് മാർ കരിയിൽ പടിയിറങ്ങുന്നത്. മുൻകാലങ്ങളിൽ ഉന്നതമായ പദവികളിലിരുന്ന് ശ്രേഷ്ഠമായ നിലയിൽ പ്രവർത്തിച്ച അദ്ദേഹത്തിന് ഈ ദുർഗതി വന്നല്ലോ എന്നോർത്ത് ദുഃഖിക്കുന്നവരാണ് എല്ലാവരും.