മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവര്‍ണറായി നിയമിച്ചു. ജസ്റ്റിസ് പി.സദാശിവത്തിന്റെ കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് നിയമനം. ഷാബാനു കേസിലെ വിധിമറികടക്കാന്‍ നിയമംകൊണ്ടുവന്നതില്‍ പ്രതിഷേധിച്ച് രാജീവ്ഗാന്ധി മന്ത്രിസഭയില്‍ നിന്ന് രാജിവച്ചയാളാണ് ആരിഫ് ഖാന്‍. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വരാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു. കേരളത്തിന് പുറമേ നാല് സംസ്ഥാനങ്ങള്‍ക്കും പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു.

മുത്തലാഖ് വിഷയത്തില്‍ ബി.ജെ.പിയെ പിന്തുണച്ച കോണ്‍ഗ്രസ് മുന്‍ നേതാവ് ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവര്‍ണറാക്കി കേന്ദ്രസര്‍ക്കാര്‍. ഷാബാനു കേസിലെ വിധിമറികടക്കാന്‍ നിയമംകൊണ്ടുവന്നതില്‍ പ്രതിഷേധിച്ച് രാജീവ്ഗാന്ധി മന്ത്രിസഭയില്‍ നിന്ന് രാജിവച്ച ആരിഫ് മുഹമ്മദ് ഖാന്റെ പേര് ഒന്നിലേറെ തവണ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ പരാമര്‍ശിച്ചിരുന്നു.

മുത്തലാഖ് ഇസ്ലാമികമല്ലെന്നും പരിശുദ്ധ ഖുറാന് വിരുദ്ധമാണെന്നുമായിരുന്നു ആരിഫ് ഖാന്റെ നിലപാട്. ഇക്കാര്യം സുപ്രീംകോടതിയിലെ കേസിലും കക്ഷിച്ചേര്‍ന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. 1986ല്‍ കോണ്‍ഗ്രസ് വിട്ട ആരിഫ് ഖാന്‍ ജനതാദളില്‍ ചേര്‍ന്ന് വി.പി.സിങ് മന്ത്രിസഭയില്‍ കാബിനറ്റ് മന്ത്രിയായി. 2004ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നെങ്കിലും പിന്നീട് പാര്‍ട്ടി വിട്ടു. പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ആരിഫ് ഖാന്‍ പറഞ്ഞു.