ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ദിവസങ്ങളായുള്ള നീണ്ട ക്യൂകൾ മൂലം പെട്രോൾ സ്റ്റേഷനുകൾക്ക് മേലുള്ള സമ്മർദം കുറയ്ക്കുന്നതിനായി, ആർമിയെ സ്റ്റാൻഡ് ബൈയായി ഉപയോഗിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. മിലിറ്ററി ടാങ്കർ ഡ്രൈവർമാരെ അവശ്യഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനായി ട്രെയിൻ ചെയ്യുമെന്ന് ഗവൺമെന്റ് വൃത്തങ്ങൾ അറിയിച്ചു. ഇത് വിവേകപൂർവ്വം തീരുമാനിച്ച മുൻകരുതൽ നടപടിയാണെന്ന് ബിസിനസ്‌ സെക്രട്ടറി ക്വസി ക്വാർടെഗ് അഭിപ്രായപ്പെട്ടു. വരുംദിവസങ്ങളിൽ സാഹചര്യങ്ങൾ സാധാരണനിലയിലേയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ധന വിതരണക്കാർ വ്യക്തമാക്കി. എന്നാൽ ചിലയിടങ്ങളിൽ റിട്ടെയിൽ കടക്കാർ സാഹചര്യങ്ങളെ ദുരുപയോഗം ചെയ്യുന്നതായും ആരോപണമുണ്ട്. ചിലയിടങ്ങളിൽ അൺലെഡഡ് പെട്രോളിന് ഒരു പെന്നി വരെ വില വർദ്ധിച്ചിട്ടുണ്ട്. ജനങ്ങൾ ആവശ്യമില്ലാതെ പരിഭ്രാന്തരായി ഇന്ധനം കൂടുതൽ ശേഖരിച്ചു വയ്ക്കുന്നതും ഇപ്പോഴുള്ള ഇന്ധന ക്ഷാമത്തിന് കാരണമാകുന്നുണ്ടെന്ന് മന്ത്രിമാർ കുറ്റപ്പെടുത്തി.


കാര്യങ്ങളെ ഗൗരവമായി തന്നെയാണ് കാണുന്നതെന്നും, ആവശ്യമായ നടപടികൾ എല്ലാംതന്നെ സ്വീകരിക്കുന്നുണ്ടെന്ന വിശദീകരണമാണ് ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ആവശ്യഘട്ടങ്ങളിൽ മിലിറ്ററിയെ ഉപയോഗിക്കാനുള്ള തീരുമാനവും ഇതിന്റെ ഭാഗമായാണ്. സെപ്റ്റംബർ 27 മുതൽ ഡിസംബർ 31 വരെയുള്ള കാലഘട്ടങ്ങളിൽ ലൈസൻസ് എക്സ്പെയർ ആകുന്നവർക്ക് 2022 ജനുവരി 31 വരെ വാലിഡിറ്റി നീട്ടാനുള്ള തീരുമാനവും ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്.

ഡോക്ടേഴ്സ്, നേഴ്സസ് മുതലായ ആവശ്യ സ്റ്റാഫുകൾക്ക് ഇന്ധനം ലഭിക്കുന്നതിൽ മുൻഗണന നൽകണമെന്നുള്ള നിർദ്ദേശങ്ങളും ഗവൺമെന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഡ്രൈവർമാരുടെ ക്ഷാമം ഇന്ധന ലഭ്യതയെ മാത്രമല്ല, സൂപ്പർമാർക്കറ്റുകളെയും മറ്റും കാര്യമായിത്തന്നെ ബാധിച്ചിട്ടുണ്ട്. ഈ പ്രശ്നങ്ങൾക്ക് ഉടൻ തന്നെ പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.