കൊച്ചിയില്‍ വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ആലുവ വേങ്ങൂര്‍ക്കര അംബേദ്കര്‍ കോളനി ചേരാമ്പിള്ളില്‍ വീട്ടില്‍ രാജന്‍ സീത ദമ്പതികളുടെ മകനായ അരുണ്‍രാജ് (29) ഏഴ് പേര്‍ക്ക് പുതിയ ജീവിതം സമ്മാനിച്ച് യാത്രയായി. ഹൃദയം, കരള്‍, 2 വൃക്കകള്‍, 2 കൈകള്‍, പാന്‍ക്രിയാസ്, 2 കണ്ണുകള്‍ എന്നിവയാണ് ദാനം ചെയ്തത്. മൃതസഞ്ജീവനി വഴി ഇത്രയും അവയവങ്ങള്‍ ഒന്നിച്ച് ദാനം ചെയ്യുന്നത് ഇതാദ്യമാണ്.

വേദനയ്ക്കിടയിലും ഇത്രയും പേര്‍ക്ക് ജീവിതം നല്‍കാന്‍ തയ്യാറായ അരുണ്‍രാജിന്റെ കുടുംബത്തിന്റെ തീവ്ര ദു:ഖത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറും പങ്കുചേര്‍ന്നു. ജാതിമതത്തിനും ഭാഷയ്ക്കും ദേശത്തിനും അതീതമായി മാറി എന്നതും ഈ അവയവദാനത്തിന്റെ പ്രത്യേകതയാണെന്നും മന്ത്രി വ്യക്തമാക്കി. ഇക്കഴിഞ്ഞ ഒന്നാം തീയതി വൈകുന്നേരം 5.30 നാണ് അപകടം സംഭവിച്ചത്. സഹപ്രവര്‍ത്തകനായ സുഹൃത്തിനൊപ്പം വേങ്ങൂര്‍ നായത്തോട് എയര്‍പോര്‍ട്ട് റോഡ് വഴി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു അരുണ്‍ രാജ്. ഇവരുടെ ബൈക്കിന്റെ പുറകില്‍ ഒരു കാര്‍ വന്ന് ഇടിച്ചു. സുഹൃത്തിന് കാര്യമായ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. ബൈക്കിന്റെ പുറകിലിരുന്ന അരുണ്‍രാജിന് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ അരുണ്‍രാജിനെ എറണാകുളം ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രി ഐ.സി.യു.വില്‍ അഡ്മിറ്റാക്കി. അരുണ്‍രാജിന്റെ ജീവന്‍ രക്ഷിക്കാനുള്ള എല്ലാ പരിശ്രമവും നടത്തിയെങ്കിലും മസ്തിഷ്‌ക മരണമടയുകയായിരുന്നു.

അരുണ്‍രാജിന്റെ സുഹൃത്താണ് അവയവദാനത്തിന്റെ മഹത്വത്തെപ്പറ്റി ബന്ധുക്കളോട് വിവരിച്ചത്. മറ്റുള്ളവരിലൂടെ തങ്ങളുടെ മകന്‍ ജീവിക്കട്ടെ എന്ന് പറഞ്ഞ് പിതാവ് അവയവദാനത്തിന് സമ്മതിക്കുകയായിരുന്നു.

കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ കേരള നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിംഗ് (KNOS) അഥവാ മൃതസജ്ജീവനിയുമായി ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ ബന്ധപ്പെട്ടു. വിദഗ്ധ പരിശോധനയില്‍ അരുണ്‍ രാജിന്റെ മിക്കവാറും അവയവങ്ങള്‍ മാറ്റിവയ്ക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നു. എല്ലാ അവയവങ്ങളും നല്‍കാല്‍ ബന്ധുക്കള്‍ തയ്യാറാകുകയും ചെയ്തതോടെ മുന്‍ഗണനാ ക്രമത്തില്‍ അവയവ സ്വീകര്‍ത്താക്കളെ മൃതസഞ്ജീവനി കണ്ടെത്തുകയായിരുന്നു.

ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും ഇടനല്‍കാതെയാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നത്. സര്‍ക്കാര്‍ ഡോക്ടറുടെ സാന്നിധ്യത്തില്‍ 6 മണിക്കൂര്‍ ഇടവിട്ട് 2 പ്രാവശ്യം മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. രണ്ട് പ്രാവശ്യം ആപ്നിയോ ടെസ്റ്റ് നടത്തി തിരികെ ജീവിതത്തിലേക്ക് വരാനുള്ള ഒരു സാഹചര്യവുമില്ലെന്ന് ബോധ്യപ്പെട്ടതിന് ശേഷമാണ് മസ്തിഷ്‌ക മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു.

ഒരു വൃക്ക കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിക്കും കൈകള്‍ അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കും, കരള്‍ അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള പത്തനംതിട്ട സ്വദേശിക്കും, ഒരു വൃക്ക, പാന്‍ക്രിയാസ് എന്നിവ അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള എറണാകുളം സ്വദേശിക്കുമാണ് ലഭിച്ചത്. കണ്ണുകള്‍ ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ രോഗികള്‍ക്കാണ് നല്‍കുന്നത്.

കേരളത്തില്‍ അനുയോജ്യരായവരെ കണ്ടെത്താത്തതിനെ തുടര്‍ന്ന് ഹൃദയം തമിഴ്‌നാട് സര്‍ക്കാരിന്റെ അവയവദാന ഏജന്‍സിയുമായി (TRANSTAN) ബന്ധപ്പെട്ടു. ചെന്നൈ ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയിലെ 19കാരനാണ് ഹൃദയം ലഭിച്ചത്. പ്രത്യേക ഗ്രീന്‍പാതയൊരുക്കി വിമാനത്താവളത്തെത്തിച്ച് വിമാനമാര്‍ഗമാണ് ഹൃദയം ചെന്നൈയിലേക്ക് കൊണ്ടുപോയത്.

രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള അവയവദാനമായതിനാല്‍ ഒട്ടേറെ സങ്കീര്‍ണ പ്രശ്‌നങ്ങളുള്ളതായിരുന്നു ഈ അവയവദാന പ്രകൃയ. എന്നാല്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രശ്‌നത്തിലിടപെടുകയും വേണ്ടത്ര സഹായങ്ങള്‍ നല്‍കുകയും ചെയ്തു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, മൃതസഞ്ജീവനി സംസ്ഥാന കണ്‍വീനറും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായ ഡോ. തോമസ് മാത്യു, നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് തുടങ്ങിയ അവയവദാന പദ്ധതിക്ക് അന്തിമരൂപം നല്‍കിയതോടെ അവയവദാന പ്രകൃയ വിജയമായി. അവിവാഹിതനാണ് അരുണ്‍രാജ്. വിദേശത്ത് ജോലി ചെയ്യുന്ന അഖില്‍രാജാണ് ഏക സഹോദരന്‍. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.