സംസ്ഥാനത്ത് ശനിയാഴ്ച മുതൽ ഏർപ്പെടുത്തുന്ന സമ്പൂർണ ലോക് ഡൗണുമായി ബന്ധപ്പെട്ട മാർഗ്ഗരേഖ പുറത്തിറങ്ങി. ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാത്രി ഏഴര വരെ പ്രവർത്തിക്കാമെന്ന് മാർഗ്ഗരേഖ വ്യക്തമാക്കുന്നു. എല്ലാ കടകളും പരമാവധി ഹോം ഡെലിവറി സംവിധാനം ഏർപ്പെടുത്തണം. പെട്രോൾ പമ്പുകൾ, കോൾഡ് സ്റ്റോറേജുകൾ, സുരക്ഷാ ഏജൻസികൾ എന്നിവയ്ക്കും പ്രവർത്തിക്കാം. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ട്.

കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകളിൽ അവശ്യ സേവനങ്ങൾ നൽകുന്നവ മാത്രമേ പ്രവർത്തിക്കൂ. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടണം. ട്രെയിനിങ്, റിസർച്ച്, കോച്ചിങ് സെന്ററുകളെല്ലാം ഇതിൽ ഉൾപ്പെടും.

എല്ലാ ആരാധനാലയങ്ങളും അടച്ചിടണം. റെയിൽ, വിമാന സർവീസുകൾ ഒഴികെയുള്ള ഗതാഗതം അനുവദിക്കില്ല. ബാങ്കുകൾ രാവിലെ പത്ത് മുതൽ ഒരു മണിവരെ പൊതുജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കും.