ആത്മഹത്യക്ക് തൊട്ടു മുന്‍പ് അഷ്ടമിയുടെ ഉച്ചത്തിലുള്ള സംസാരം ഏറെ നേരം അയല്‍വാസികള്‍ കേട്ടിരുന്നു. ഫോണില്‍ കലഹിക്കുന്നതായി തോന്നിയെന്നാണ് അയൽവാസികൾ പറയുന്നത്. ആത്മഹത്യക്ക് പിന്നില്‍ ദുരൂഹത ആരോപിച്ച്‌ ബന്ധുക്കളും നാട്ടുകാരും രംഗത്ത് വന്നതോടു കൂടിയാണ് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. ഫോണില്‍ ആരോടാണ് സംസാരിച്ചതെന്നാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഫോണില്‍ സംസാരിച്ചയാളെ കിട്ടിയാല്‍ അഷ്ടമിയുടെ ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമാകൂ.

അഷ്ടമി ഒരു ഫോട്ടോ ഗ്രാഫറുമായി സൗഹൃദത്തിലായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ പൊലീസ് ചോദ്യം ചെയ്യും. ഇന്ന് സംസ്‌ക്കാര ചടങ്ങുകള്‍ ആയതിനാല്‍ മാതാപിതാക്കളെ നേരില്‍ കണ്ട് നാളെ പൊലീസ് മൊഴിയെടുക്കും. പിന്നീടാകും ബാക്കി നടപടിക്രമങ്ങള്‍. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം അഷ്ടമിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരൂര്‍ അഷ്ടമിയില്‍ അജിത്ത് കുമാറിന്റെയും റെനയുടെയും മകളാണ് അഷ്ടമി. കൊട്ടാരക്കര കോടതിയിലെ അഭിഭാഷകയാണ്. കഴിഞ്ഞ ജനുവരിയിലാണ് ഇവിടെ അഭിഭാഷകയായി പ്രവര്‍ത്തിച്ചു തുടങ്ങിയത്.

അഷ്ടമി എല്ലാവരുടെയും പ്രിയപ്പെട്ടവളായിരുന്നു. അവള്‍ എന്തിന് സ്വയം ജീവിതം ഇല്ലാതാക്കി എന്ന ചോദ്യമാണ് ഇനിയും ബാക്കിയാകുന്നത്. ദുരൂഹതയുടെ കരിനിഴലുകള്‍ അഷ്ടമിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ഉണ്ടോ എന്ന സംശയം ഹ്യദയഭേദകമായ വേദനയിലും ബന്ധുക്കളിലും സമീപവാസികളിലും ഉയരുകയാണ്.കൊട്ടാരക്കര കുടവട്ടൂര്‍ മാരൂര്‍ അഷ്ടമിഭവനില്‍ ഡ്രൈവറായ അജിത്തിന്റെയും റെനയുടെയും ഏകമകളാണ് അഷ്ടമി. തുച്ഛമായ വരുമാനത്തിലും മകളെ പഠിപ്പിച്ച്‌ നിയമബിരുദധാരിയാക്കിയതിന്‍റെ അഭിമാനത്തിലായിരുന്നു ഈ മാതാപിതാക്കള്‍. ചെറുതെങ്കിലും സന്തുഷ്ടകുടുംബം. കൊല്ലം എസ്.എന്‍ ലോ കാളേജില്‍ നിന്നും കഴിഞ്ഞ വര്‍ഷം നിയമബിരുദം പൂര്‍ത്തിയായ അഷ്ടമി 2022 ജനുവരി മുതലാണ് കൊട്ടാരക്കര കോടതിയില്‍ പ്രാക്ടിസീനു പോയി തുടങ്ങിയത്. പിതാവ് അജിത്ത് പതിവ് പോലെ വണ്ടി ഓടിക്കാനും അമ്മ തൊഴിലുറപ്പ് ജോലിക്കായും പോയി.
​നിലവിളി കേട്ട് ഓടിയെത്തി

അമ്മ മടങ്ങിയെത്തിയപ്പോഴാണ് മകളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൊഴിലുറപ്പ് ജോലിസ്ഥലത്ത് നിന്നും ഉച്ചയ്ക്ക് ഉണ്ണാനായി വീട്ടിലേക്ക് വന്ന അമ്മ റെന അഷ്ടമിയുമായുമൊത്ത് സന്തോഷത്തോടെ ഭക്ഷണം കഴിച്ചു. അമ്മ തൊഴിലിടത്തേക്ക് മടങ്ങി പോയി. വൈകിട്ട് അഞ്ചേകാലോടെ ചായക്കുള്ള പാലുമായി വീട്ടിലേക്ക് വന്ന മാതാവ് ചാരിയിരുന്ന മുന്‍ഭാഗത്തെ കതക് പതുക്കെ തുറന്ന് അകത്തേക്ക് കയറി. ശബ്ദം ഒന്നും കേള്‍ക്കാത്തതുകൊണ്ട് അഷ്ടമിയുടെ മുറിയുടെ വാതില്‍ തള്ളി നോക്കി. മകള്‍ ഉറങ്ങുകയാണ് എന്ന് കരുതി വാതില്‍ തുറന്ന ആ മാതാവ് നടുങ്ങി പോയി. ഉച്ചയ്ക്ക് തന്നോടോപ്പം ഭക്ഷണം കഴിച്ച തന്റെ ജീവന്റെ പാതിയായ മകള്‍ കണ്‍മുന്നില്‍ തൂങ്ങിയാടുന്നു. നിലവിളി കേട്ടാണ് സമീപത്തെ പറമ്പില്‍ ജോലി ചെയ്തു കൊണ്ടിരുന്നവര്‍ ഓടി എത്തിയത്. വീടിനുള്ളിലേക്ക് പ്രവേശിച്ചവര്‍ കണ്ടത് കിടപ്പ്മുറിയില്‍ തൂങ്ങി നില്‍ക്കുന്ന അഷ്ടമിയേയും സമീപത്ത് ബോധരഹിതയായി വീണ അമ്മയേയുമാണ്. ഉടന്‍ തന്നെ അഷ്ടമിയുടെ കഴുത്തിലേ കയര്‍ അറുത്തു കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
​വീടിന് വെളിയിൽ നിന്ന് ഫോൺ ചെയ്തു

പരിശോധനകള്‍ നടത്തി മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയിലെക്ക് മാറ്റി. പൂയപ്പള്ളി പൊലീസ് എത്തി അഷ്ടമിയുടെ മുറി പരിശോധിക്കുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. സംഭവസ്ഥലത്ത് നിന്നും അഷ്ടമിയുടെ മോബൈല്‍ ഫോണ്‍ പൊലീസ് കണ്ടെടുത്തു. അതില്‍ വൈകിട്ട് 3.06 ന് വരെ സംസാരിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട് . വീടിനു സമീപം അടുത്ത പറമ്പില്‍ ജോലി ചെയ്തുകൊണ്ടിരുന്നവര്‍ മൂന്ന് മണി സമയത്ത് അഷ്ടമി വീടിന് വെളിയില്‍ നിന്ന് ഫോണ്‍ ചെയ്തിരുന്നത് കണ്ടതായി പറയുന്നു. ആരോടോ കലഹിക്കുന്നത് പൊലെ ആണ് സംസാരിച്ച്‌ കൊണ്ടിരുന്നത് എന്ന് അവര്‍ പൊലീസിനോട് പറഞ്ഞു. സംസാരാത്തിനൊടുവില്‍ ശബ്ദമുയർത്തി ദേഷ്യപ്പെടുകയോ നിലവിളിക്കുകയോ ചെയ്തതായി കേട്ടത് പൊലെ തോന്നിയതായും ഇവര്‍ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

കൊട്ടാരക്കര താലൂക്ക് ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിച്ച്‌ പോസ്മാര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. എല്ലാവരോടും സൗമ്യമായി ഇടപെടുന്ന നിയമവിദ്യാര്‍ത്ഥിയായ അഷ്ടമിയുടെ മരണത്തില്‍ അതുകൊണ്ട് തന്നെ ദൂരുഹത ഉണ്ട് എന്നാണ് ബന്ധുമിത്രാദികള്‍ ആരോപിക്കുന്നത്. എന്താണ് കാരണമെന്ന് അറിയില്ലെന്ന് നിസഹായനായി പിതാവ് അജിത്ത് പറയുന്നു. പൊലീസിന്റെ ഭാഗത്ത് നിന്ന് ക്യത്യമായ അന്വേഷണം വേണമെന്നതാണ് അഷ്ടമിയുടെ മാതാപിതാക്കളും ബന്ധുമിത്രാദികളും ആവിശ്യപ്പെടുന്നത്.