ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കൊടുംക്രൂരതയ്ക്ക് ഇരയായാണ് ഏതാനും മാസങ്ങൾക്ക് മുമ്പ് സാറാ എവറാഡ് (33) ഈ ലോകത്തോട് വിട പറഞ്ഞത്. ഓൾഡ് ബെയ്‌ലി കോടതിയിൽ നടന്ന വിചാരണയിൽ ഞെട്ടിക്കുന്ന സത്യങ്ങളാണ് പുറത്തുവന്നത്. വെയ്ൻ കൂസൻസ് എന്ന പോലീസ് ഉദ്യോഗസ്ഥൻ വളരെ അസൂത്രിതമായി നടത്തിയ കൊലയാണ് ഇത്. 2021 മാർച്ച് മൂന്നിന് ജോലി കഴിഞ്ഞു സൗത്ത് ലണ്ടനിലെ ക്ലാഫാമിൽനിന്നു ബ്രിക് സ്ടനിലെ വീട്ടിലേക്കു നടന്നുപോകുകയായിരുന്ന സാറായെ വെയ്ൻ തട്ടിക്കൊണ്ടുപോകുകയായിരുന്നു. സാറയുടെ കാമുകന്റെ പരാതിയിന്മേൽ മാർച്ച് 9ന് പോലീസ് ഉദ്യോഗസ്ഥനെയും അദ്ദേഹത്തിന്‍റെ സഹായിയായ ഒരു സ്ത്രീയെയും അറസ്റ്റ് ചെയ്തു. മാര്‍ച്ച്‌ 10 ന് ലണ്ടനിൽനിന്നു 100 കിലോമീറ്റർ അകലെ കെന്റിലെ ആഷ്ഫോഡിൽ നിന്ന് കണ്ടെടുത്ത ശരീരാവശിഷ്ടങ്ങള്‍, മാര്‍ച്ച്‌ 12 ന് സാറയുടേതാണെന്ന് സ്ഥിരീകരിച്ചു. അന്നു തന്നെ സാറയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കുറ്റം വെയ്നിൽ ചുമത്തപ്പെട്ടു. ‘പോലീസ് ബെൽറ്റ്’ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുന്നതിന് മുമ്പ് സാറയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പ്രതി കോടതിയിൽ സമ്മതിച്ചു. വാടകയ്ക്ക് എടുത്ത കാറിന്റെ പിൻസീറ്റിൽ കെട്ടിയിട്ടാണ് സാറയെ കടത്തികൊണ്ടുപോയത്. രാത്രിയിൽ ജോലിയുണ്ടെന്ന് പറഞ്ഞ് പ്രതി സമർഥമായി ഭാര്യയെ കമ്പളിപ്പിച്ചു.

ഒറ്റപ്പെട്ട പ്രദേശത്തേക്ക് കൊണ്ടുപോയി ഏകദേശം അഞ്ചു മണിക്കൂറോളം പ്രതി സാറയെ പീഡിപ്പിച്ചു. അതിനുശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. 2019 ൽ താൻ വാങ്ങിയ സ്ഥലത്തെത്തിച്ച് സാറയുടെ മൃതദേഹം ചുട്ടെരിച്ച ശേഷം ഉപേക്ഷിച്ചു. 2021 ജനുവരിയിൽ, കോവിഡ് പട്രോളിംഗിൽ പ്രവർത്തിച്ച പ്രതി, ഫെബ്രുവരി 10-ന് അദ്ദേഹം ആമസോണിൽ നിന്ന് ഒരു പോലീസ് വിലങ്ങു വാങ്ങി. ഫെബ്രുവരി 28 -ന് ഓൺലൈനിൽ ഒരു വാടക കാർ ബുക്ക് ചെയ്യുകയും ആമസോണിൽ നിന്ന് 100 മീറ്റർ റോൾ കാർപെറ്റ് പ്രൊട്ടക്ടർ ഫിലിം വാങ്ങുകയും ചെയ്തു. ഇതെല്ലാം വിരൽചൂണ്ടുന്നത് ക്രൂരമായ ആ കൊലപാതകത്തിലേയ്ക്കാണ്.

രണ്ടുവര്‍ഷമായി മെട്രോപൊളിറ്റന്‍ പോലീസ് സേനയില്‍ സേവനമനുഷ്ഠിക്കുന്ന കൂസെന്‍സ്, യുകെയിലെ പാര്‍ലമെന്ററി എസ്റ്റേറ്റിന്റെയും ലണ്ടനിലെ എംബസികളുടെയും സുരക്ഷാസേനയിലുണ്ടായിരുന്നു. കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായതോടെയാണു സ്ത്രീസുരക്ഷ സംബന്ധിച്ച ചോദ്യങ്ങൾ ഉയർത്തി ആയിരങ്ങളാണ് അന്ന് തെരുവിലിറങ്ങി പ്രതിഷേധിച്ചത്. എവറാഡിന്റെ സ്മരണയ്ക്കായി ദീപം തെളിയിക്കാൻ ഒരുമിച്ചു കൂടിയവർക്കെതിരെ പോലീസ് ബലപ്രയോഗം നടത്തിയിരുന്നു. സാറാ എവറാര്‍ഡിന്റെ തിരോധാനവും കൊലയും കേസ് അന്വേഷണവും ബ്രിട്ടനിൽ വലിയ കോളിളക്കം സൃഷ്ടിച്ചു. വര്‍ദ്ധിച്ചുവരുന്ന പൊലീസ് അക്രമങ്ങള്‍ക്കെതിരെ നിശിതമായ വിമര്‍ശനം ഉയർന്നതോടൊപ്പം സാറയ്ക്ക് വേണ്ടി ആയിരങ്ങളാണ് അണിചേർന്നത്. സാമൂഹിക നീതിയും മനുഷ്യാവകാശങ്ങളും തുല്യതയും പ്രഥമ പരിഗണനയിലെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നാണ് ഇത്തരം ക്രൂരകൃത്യങ്ങൾ ഓർമിപ്പിക്കുന്നത്. സാറയുടെ കുടുംബവും സുഹൃത്തുക്കളും ഓൾഡ് ബെയ്‌ലിൽ ഇന്ന് ഹാജരായി. രണ്ട് ദിവസത്തെ വിചാരണയ്ക്ക് ശേഷം കോടതി ശിക്ഷ വിധിക്കും.