കോട്ടയം മുണ്ടക്കയം ചോറ്റിയിൽ ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം മനഃപൂർവം സൃഷ്ടിച്ചതാണെന്ന് പൊലീസ്. ജീവനൊടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കൂട്ടിക്കൽ തേൻപുഴ സ്വദേശി ഷാലോം അമിതവേഗത്തിൽ കാർ ഓടിച്ച് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറ്റിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സംഭവത്തിൽ ഷാലോമിനെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. അപകടത്തിൽ പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഷാലോം ഓടിച്ച ബൊലേനോ കാർ അമിതവേഗത്തിൽ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
ഞായറാഴ്ച രാവിലെ 8.15ഓടെ ദേശീയപാത 183ൽ ചോറ്റി ജങ്ഷനിലായിരുന്നു അപകടം. മുണ്ടക്കയം ഭാഗത്തുനിന്ന് എത്തിയ ബൊലേനോ കാർ ആദ്യം ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലും പിന്നാലെയും എതിർദിശയിൽനിന്നും എത്തിയ വാഹനങ്ങളിലും തുടർച്ചയായി ഇടിച്ചതോടെ അഞ്ച് കാറുകളും ഒരു ഓട്ടോറിക്ഷയും ഒരു സ്കൂട്ടറും അപകടത്തിൽപ്പെട്ടു. കാൽനടയാത്രക്കാരുൾപ്പെടെ ഒൻപത് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. പരിക്കേറ്റവരെ 26-ാം മൈലിലെ മേരീ ക്വീൻസ് മിഷൻ ആശുപത്രിയിലും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.
അപകടം മനഃപൂർവം സൃഷ്ടിച്ചതാണെന്നും വാഹനമിടിച്ച് ജീവനൊടുക്കാനായിരുന്നു ശ്രമമെന്നും ഷാലോം മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. എന്നാൽ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ച സാഹചര്യം എന്താണെന്ന് വ്യക്തമായിട്ടില്ല. ആദ്യഘട്ടത്തിൽ അമിതവേഗത്തിൽ വാഹനമോടിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടുണ്ടായ അപകടമെന്നായിരുന്നു പ്രാഥമിക വിവരം. പിന്നീട് സിസിടിവി ദൃശ്യങ്ങളും ഡ്രൈവറുടെ മൊഴിയും പരിശോധിച്ചാണ് സംഭവത്തിന് പിന്നിൽ മനഃപൂർവമായ ശ്രമമുണ്ടെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ് .











Leave a Reply