ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ജൂൺ പകുതിക്ക് ശേഷം ആദ്യമായി ബ്രിട്ടനിൽ ശരാശരി രണ്ടുവർഷത്തെ ശരാശരിമോർട്ട്ഗേജ് നിരക്ക് 6 ശതമാനത്തിൽ താഴെ എത്തിയിരിക്കുകയാണ്. ശരാശരി നിരക്ക് ഇപ്പോൾ 5.99% ആണെന്ന് ഫിനാൻഷ്യൽ ഇൻഫർമേഷൻ സർവീസ് അറിയിച്ചു. ഇതോടെ പുതിയ വീട്ടുടമകളെ ആകർഷിക്കുന്നതിനായി സേവന ദാതാക്കൾക്കിടയിൽ തന്നെ മത്സരം ആരംഭിച്ചിട്ടുണ്ട്. ലിസ് ട്രസിന്റെ കാലത്ത് സാധാരണ രണ്ട് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജിന്റെ നിരക്ക് കുത്തനെ ഉയർന്നിരുന്നു. പിന്നീട് ചെറിയതോതിൽ കുറവ് അനുഭവപ്പെട്ടെങ്കിലും ഉയർന്നു തന്നെയായിരുന്നു നിരക്ക് നിലനിന്നിരുന്നത്. ജൂലൈ അവസാനത്തോടെ ഇത് 6.86% ആയി ഉയർന്നു. പിന്നീട് ക്രമാനുഗതമായി കുറഞ്ഞാണ് ഇപ്പോൾ 5.99 ശതമാനത്തിൽ എത്തിനിൽക്കുന്നത്. എന്നാൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഏറ്റവും പുതിയ സാമ്പത്തിക സ്ഥിരത റിപ്പോർട്ട് പ്രകാരം 2026 ഓടെ അഞ്ച് ദശലക്ഷം മോർട്ട്ഗേജ് ഉടമകൾക്ക് അവരുടെ മോർട്ട്ഗേജ് പേയ്‌മെന്റുകൾ വർദ്ധിക്കുമെന്ന് കണക്കാക്കപ്പെടുന്നത്.

അടുത്തയാഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ യോഗം ഉണ്ടാകുമ്പോൾ, പലിശ നിരക്കുകൾ മൂന്നാം തവണയും 5.25 ശതമാനത്തിൽ തന്നെ നിലനിർത്തുമെന്നാണ് വിദഗ്ധർ പ്രതീക്ഷിക്കുന്നത്. ഉയർന്ന മോർട്ട്ഗേജ് നിരക്കുകൾ ഭവന വിപണിയെ മന്ദഗതിയിലാക്കിയിരുന്നു. എന്നാൽ ഇപ്പോൾ നിരക്കുകൾ 6 % ത്തിൽ താഴെ എത്തിയിരിക്കുന്നത് വീട് വാങ്ങുന്നവരെ തിരികെ കൊണ്ടുവരുവാൻ സഹായിക്കുമെന്ന് സാമ്പത്തിക സ്ഥാപനമായ ഹാർഗ്രീവ്‌സ് ലാൻസ്‌ഡൗണിലെ പേഴ്‌സണൽ ഫിനാൻസ് മേധാവി സാറാ കോൾസ് പറഞ്ഞു.