മനാമ: ബഹ്‌റൈനിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ, പ്രകൃതി വാതക നിക്ഷേപം കണ്ടെത്തി. പടിഞ്ഞാറന്‍ തീരമായ ഖലീജ് അല്‍ ബഹ്‌റൈന്‍ എന്ന സ്ഥലത്താണ് ശേഖരം കണ്ടെത്തിയത്. രാജ്യത്തിന് വലിയ സാമ്പത്തിക മുന്നേറ്റം നടത്താന്‍ പുതിയ എണ്ണ ശേഖരം സഹായിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ ബഹ്‌റൈന്‍ എണ്ണ ഉത്പാദന പട്ടികയില്‍ താഴെത്തട്ടില്‍ നില്‍ക്കുന്ന രാജ്യമാണ്. എന്നാല്‍ പുതിയ നിക്ഷേപം കണ്ടെത്തിയതോടെ ഇതില്‍ മാറ്റം വരും.

ഏകദേശം 80 ബില്യണ്‍ ബാരല്‍ എണ്ണ പുതിയ സ്ഥലത്ത് നിന്ന് കണ്ടെത്താന്‍ കഴിയുമെന്നാണ് കരുതുന്നത്. ഇവിടെ നിന്ന് അഞ്ച് വര്‍ഷത്തിനുള്ളില്‍ എണ്ണ ഉത്പാദനം ആരംഭിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. എണ്ണ കൂടാതെ വന്‍ തോതിലുള്ള പ്രകൃതി വാതക നിക്ഷേപവും പ്രദേശത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. 10 ട്രില്യണ്‍ ക്യുബിക് അടി മുതല്‍ 20 ട്രില്യണ്‍ ക്യുബിക് അടിവരെ പ്രകൃതി വാതകനിക്ഷേപമുണ്ടെന്നാണ് കരുതുന്നത്.

നിലവില്‍ രണ്ട് എണ്ണപ്പാടങ്ങളാണ് ബഹ്‌റൈന് സ്വന്തമായുള്ളത്. അവിടെ നിന്ന് പ്രതിദിനം 50,000 ബാരല്‍ ക്രൂഡ് ഓയില്‍ രാജ്യം ഉദ്പാദിപ്പിക്കുന്നുണ്ട്. പ്രദേശവാസികള്‍ക്കൊപ്പം വിദേശീയര്‍ക്കും പ്രതീക്ഷയുണ്ടാക്കുന്നതാണ് പുതിയ എണ്ണ നിക്ഷേപം. ബഹ്‌റൈനിലെ സാമ്പത്തിക രംഗത്ത് ഉണ്ടാകുന്ന വളര്‍ച്ച കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അത് ഗുണം ചെയ്യും.