വാഹനാപകടത്തെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ബാലഭാസ്‌കറിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരാന്‍ എല്ലാവരും ഒത്തുചേരുന്നു. തിരുവനന്തപുരം അനന്തപുരി ആശുപത്രി ഐസിയുവില്‍ വെന്റിലേറ്ററില്‍ കഴിയുന്ന ബാലഭാസ്‌കറിന് വേണ്ടി മലയാളികളെല്ലാവരും പ്രാര്‍ത്ഥനയിലാണ്. അതിനിടെ ലോകത്തിലെ മികച്ച ചികിത്സ നല്‍കി ബാലഭാസ്‌കറിനെ രക്ഷിക്കാന്‍ തീവ്ര ശ്രമവും നടക്കുകയാണ്.

ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അഭ്യര്‍ത്ഥന മാനിച്ച് എയിംസ് സംഘമെത്താന്‍ സാധ്യതയുണ്ട്. ബാലഭാസ്‌കറിന്റെ രോഗവിവരം ആശുപത്രി അധികൃതരുമായി സംസാരിച്ചതിന് ശേഷമാണ് മന്ത്രി എയിംസ് അധികൃതരുമായി ബന്ധപ്പെട്ടത്. തുടര്‍ന്ന് എയിംസിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അനന്തപുരി ആശുപത്രിയിലെ ഡോക്ടര്‍മാരുമായി സംസാരിച്ചിരുന്നു. ആവശ്യമെങ്കില്‍ എയിംസ് സംഘം എത്തുമെന്നാണ് അറിയുന്നത്.

അതേസമയം ബാലഭാസ്‌കറിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. ബാലഭാസ്‌കര്‍ ഇപ്പോഴും വെന്റിലേറ്ററിലാണ്. ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്. ലക്ഷ്മിക്ക് കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തി. വെന്റിലേറ്ററില്‍നിന്നും ഇന്ന് മാറ്റിയേക്കും.

അതിനിടെ, അപകടത്തില്‍ മരിച്ച രണ്ടു വയസുളള മകള്‍ തേജസ്വിനി ബാലയുടെ മൃതദേഹം തിട്ടമംഗലത്തെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. ബാലഭാസ്‌കറും ഭാര്യയും അബോധാവസ്ഥയിലായിരുന്നതിനാല്‍ ഇരുവരെയും കാണിക്കാതെയായിരുന്നു സംസ്‌കാരം.

തിരുവനന്തപുരം പളളിപ്പുറത്ത് വച്ചായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. തൃശൂരില്‍നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. നിയന്ത്രണം വിട്ട ഇന്നോവ മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഉറങ്ങിപ്പോയതാവാം അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം