ഷിബു മാത്യു 
ലീഡ്‌സ് സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ചാപ്ലിയന്‍സില്‍ അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ അന്തോണീസിന്റെ തിരുന്നാള്‍ ജൂണ്‍ പതിനെട്ട് ഞായറാഴ്ച ആഘോഷിക്കും.

വിശുദ്ധ അന്തോണീസിന്റെ, സുവിശേഷത്തോടുള്ള തീവ്രമായ ബന്ധവും സ്‌നേഹവും തിരുന്നാള്‍ ആഘോഷിക്കുന്ന എല്ലാവരും പങ്ക് വെയ്ക്കണമെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ലീഡ്‌സ് സെന്റ് മേരീസ് സീറോ മലബാര്‍ ചാപ്ലിന്‍സിക്ക് നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു. സുവിശേഷം തന്നെയായ ഈശോയെ കരങ്ങളില്‍ വഹിക്കുവാനായിട്ട് വി. അന്തോണീസിന് സാധിച്ചു. ആ ഭാഗ്യം നമുക്ക് ഓരോരുത്തര്‍ക്കും ലഭിക്കട്ടെയെന്ന് ആശംസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്ന് അഭിവന്ദ്യ പിതാവ് തന്റെ ആശംസയില്‍ കൂട്ടിച്ചേര്‍ത്തു.

സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ രാവിലെ 10.30 തിന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ മിഷന്‍ലീഗ് കമ്മീഷന്‍ ചെയര്‍മാനും ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിനുമായ റവ. ഫാ. മാത്യൂ മുളയോലിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ ദിവ്യബലി നടക്കും. ദിവ്യബലിയോടൊപ്പം ഫാ. മുളയോലില്‍ തിരുന്നാള്‍ സന്ദേശം നല്കും. അഘോഷമായ ദിവ്യബലിക്കു ശേഷം വിശുദ്ധനോടുള്ള ആദരവ് സൂചകമായി പ്രദക്ഷിണം നടക്കും. തുടര്‍ന്ന് നൊവേനയും ആശീര്‍വാദവും നടക്കും. ചാപ്ലിന്‍സിയുടെ കീഴിലുള്ള ആറ് കമ്മ്യൂണിറ്റികളില്‍ നിന്നുമായി നൂറ് കണക്കിനാളുകള്‍ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കും.

സെന്റ് മേരീസ് സീറോ മലബാര്‍ ചാപ്ലിന്‍സിയുടെ കീഴിലുള്ള വിശുദ്ധ അന്തോണീസ് കാത്തലിക് കമ്മ്യൂണിറ്റി ബ്രാഡ്‌ഫോര്‍ഡാണ് തിരുന്നാള്‍ നടത്തുന്നത്. തിരുന്നാളിന് ഒരുക്കമായി ബ്രാഡ്‌ഫോര്‍ഡ് കമ്മ്യൂണിറ്റിയിലെ പതിനേഴ് കുടുംബങ്ങളിലും വിശുദ്ധനോടുള്ള ആദരവ് സൂചകമായി നൊവേന പ്രാര്‍ത്ഥനകള്‍ നടക്കുകയാണിപ്പോള്‍. കൂടാതെ കഴിഞ്ഞ രണ്ട് വര്‍ഷമായി സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ എല്ലാ ചൊവ്വാഴ്ചയും വിശുദ്ധ കുര്‍ബാനയും വി. അന്തോണീസിന്റെ നൊവേനയും നടന്നു വരുന്നു. തിരുന്നാള്‍ ദിവസം വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം അടിമ വെയ്ക്കുന്നതിനുള്ള അവസരമുണ്ടായിരിക്കുന്നതാണ്. സ്‌നേഹവിരുന്നോടെ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ അവസാനിക്കും.

തിരുന്നാളിലും തിരുക്കര്‍മ്മളിലും പങ്കു ചേര്‍ന്ന് വിശുദ്ധന്റെ മാധ്യസ്ഥം വഴി അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ എല്ലാ ക്രൈസ്തവ വിശ്വാസികളേയും ഈശോയിലുള്ള സ്‌നേഹത്തില്‍ ക്ഷണിക്കുന്നതായി ചാപ്ലിന്‍ റവ. ഫാ. മാത്യൂ മുളയോലില്‍ അറിയിച്ചു.