ശബരിമല പ്രശ്നത്തില്‍ എല്‍ഡിഎഫിനും എന്‍എസ്എസിനുമിടയില്‍ കുടുങ്ങി കേരള കോൺഗ്രസ് (ബി) ചെയർമാൻ ആര്‍.ബാലകൃഷ്ണപിള്ള. ബുധനാഴ്ച കൊല്ലത്ത് എല്‍ഡിഎഫ് രാഷ്ട്രീയവിശദീകരണയോഗത്തില്‍ സുപ്രീംകോടതി വിധിയെ അനുകൂലിച്ച പിള്ള, ഇന്ന് പത്തനാപുരത്ത് എന്‍എസ്എസ് സ്ഥാപകദിനാഘോഷത്തില്‍ യുവതീപ്രവേശത്തെ എതിര്‍ക്കുന്ന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡംഗമാണ് ആര്‍.ബാലകൃഷ്ണപിള്ള. രാഷ്ട്രീയത്തില്‍ ഇടതുമുന്നണിക്കൊപ്പവും.

‘അമ്പലം അടച്ചുപൂട്ടും എന്നൊക്കെ പറഞ്ഞാല്‍, ബിജെപിയെ കണ്ട് അങ്ങനെയൊക്ക പറയുന്നവര്‍ അപകടത്തില്‍പ്പെടും..’ ഇതായിരുന്നു എല്‍ഡിഎഫ് യോഗത്തിലെ പിള്ളയുടെ പ്രസംഗം. കൊല്ലത്തെ പ്രസംഗം എന്‍എസ്എസിന്റെ പ്രഖ്യാപിത നിലപാടിന് കടകവിരുദ്ധമാണെന്ന് സംഘടനാനേതൃത്വം ചൂണ്ടിക്കാട്ടിയിരുന്നു. പത്തനാപുരം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് കൂടിയായ ആര്‍.ബാലകൃഷ്ണപിള്ളയെ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ അതൃപ്തി അറിയിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് പിള്ള താലൂക്ക് യൂണിയന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പങ്കെടുത്തതും ശബരിമല ആചാരസംരക്ഷണപ്രതിജ്ഞ ചൊല്ലിക്കൊടുത്തതും.