ന്യൂസ് ഡെസ്ക് മലയാളം യുകെ

ബാങ്ക് ഓഫ് സ്കോട്ട്‌ലൻഡ് ( ആർ ബി എസ് ) ആയിരക്കണക്കിന് വരുന്ന ചെറുകിട ബിസിനസ് സംരംഭകർക്ക് കനത്ത തിരിച്ചടി നേരിടുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് നടത്തിയത്. ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായ അപകടകരമായ ഈ നീക്കത്തിൽ ആൻഡ്ര്യൂ ബെയിലിയുടെ പങ്ക് എന്താണെന്ന് അന്വേഷിച്ചുവരികയാണ്. ഇപ്പോൾ നാറ്റ് വെസ്റ്റ് എന്ന പേരിൽ അറിയപ്പെടുന്ന ബാങ്ക് 16,000ത്തോളം വരുന്ന ചെറുകിട ബിസിനസ് ഗ്രൂപ്പുകളെ ഗ്ലോബൽ റിസ്ട്രക് ചറിങ് ഗ്രൂപ്പ് എന്ന വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. എന്നാൽ 2009 മുതൽ 2013 വരെയുള്ള കാലയളവിൽ ഇവയിലെ 90% സംരംഭകരും ബാങ്കിന്റെ ഭാഗത്തുനിന്ന് പലരീതിയിലുള്ള അവഗണനകൾക്ക് വിധേയരായി.

” ചിലപ്പോൾ ചില കസ്റ്റമേഴ്സിനെ നശിക്കാനായി നമ്മൾ തന്നെ വിട്ടു കൊടുക്കേണ്ടി വരും ” എന്ന് അർത്ഥം വരുന്ന രീതിയിലുള്ള ഇമെയിലുകൾ ബാങ്കിന്റെ ഉദ്യോഗസ്ഥ വൃത്തത്തിനുള്ളിൽ നിന്നു തന്നെ കണ്ടെത്തിയിട്ടുണ്ട്.

അസറ്റ് പ്രൊട്ടക്ഷൻ ഏജൻസി എന്ന രീതിയിൽ പ്രവർത്തിക്കേണ്ടിയിരുന്ന ഒരു ഗവൺമെന്റ് സ്ഥാപനം തന്നെയാണ് ഉപഭോക്താക്കളുടെ ജീവിതം താറുമാറാക്കുന്ന രീതിയിലെ പ്രവർത്തനങ്ങൾ നടത്തിയത്. ഈ കെണിയിൽ വീണു പോയ പലരുടെയും ബിസിനസ് തകർന്നു, വിവാഹ ബന്ധം വേർപിരിയുകയോ ശാരീരിക മാനസിക ആരോഗ്യം തകരാറിലാവുകയോ ചെയ്തിട്ടുണ്ട്. ഇത്രയും ഗുരുതരമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനോ, അത് മുൻകൂട്ടി കണ്ടു ആവശ്യമായ നടപടികൾ സ്വീകരിക്കാനോ ബെയിലി തയ്യാറായിരുന്നില്ല.

ആർ ബി എസ് ഡിവിഷനിലെ മുൻ തലവനായ ഡെറിക് ബോസ് ” ഉപഭോക്താക്കൾക്ക് സപ്പോർട്ട് നൽകേണ്ടുന്ന സിസ്റ്റം തന്നെ അവരെ താഴേക്ക് വലിച്ചിടുകയാണെന്ന് ” അഭിപ്രായപ്പെട്ടിരുന്നു. 2016 ഒക്ടോബറിൽ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം ജി ആർ ജി ഉപഭോക്താക്കളെ വഞ്ചിച്ചുകൊണ്ട് സ്വയം വളരുകയാണെന്ന് കണ്ടെത്തിയിരുന്നു. ” ഇത്രയും ഗുരുതരമായ പ്രശ്നങ്ങൾക്ക് ഉത്തരവാദിയായ ബെയിലി മറുപടി പറഞ്ഞേ മതിയാവൂ ” എന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് രാജ്യത്തുനിന്ന് അധികവും ഉയർന്നത്. ആൾ പാർട്ടി പാർലമെന്ററി ഗ്രൂപ്പ് ഓൺ ബിസിനസ് ബാങ്കിംഗ് കോ ചെയർമാൻ കെവിൻ ഹോളിൻറേക് എത്രയും പെട്ടെന്ന് ബെയിലി ഉത്തരം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.