ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പലിശ നിരക്ക് വീണ്ടും വർദ്ധിപ്പിച്ചു ബാങ്ക് ഓഫ് ഇംഗ്ലണ്ട്. പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കാനാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം. ഇതോടെ പ്രധാന പലിശ നിരക്ക് 50 bps വർദ്ധിപ്പിച്ച് 4 ശതമാനമായി ഉയർത്തി. 2008 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന പലിശനിരക്കാണിത്. മാത്രമല്ല തുടർച്ചയായി പത്താമത്തെ തവണയാണ് നിരക്ക് ഉയർത്തുന്നത്.

പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാനുള്ള ഉത്തരവാദിത്തം ബാങ്ക് ഓഫ് ഇംഗ്ലണ്ടിനാണ്. 2022 ഡിസംബറിൽ യുകെയിലെ പണപ്പെരുപ്പം 10.5 ശതമാനത്തിലെത്തി. തുടർന്നാണ് പലിശ നിരക്ക് ഉയർത്തി പണപ്പെരുപ്പം ലഘൂകരിക്കുന്നതിനുള്ള നടപടി കൈകൊണ്ടതെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റി വ്യക്തമാക്കുന്നത്. വായ്പയെടുക്കുന്നവരിൽ നിന്ന് പണം ഈടാക്കുന്നതിനും ലാഭിക്കുന്നവർക്ക് പണം നൽകുന്നതിനും ബാങ്കുകൾ പലിശ നിരക്കുകൾ ഉപയോഗിക്കുന്നു.

പലിശ നിരക്ക് ഉയർത്തുമ്പോൾ മോർട്ട്ഗേജ് നിരക്ക് വർധിക്കുമോ എന്നുള്ളതാണ് ഇപ്പോൾ ആളുകളുടെ മനസ്സിൽ ഉയരുന്ന ചോദ്യം. സാധാരണയായി, ട്രാക്കർ മോർട്ട്ഗേജ് നേരിട്ട് അടിസ്ഥാന നിരക്കാണ് പിന്തുടരുന്നത്. യുകെ ഏറ്റവും ഉയർന്ന പലിശനിരക്കിലേക്ക് അടുക്കുകയാണെന്നും ബാങ്ക് സൂചന നൽകുന്നുണ്ട്. പണപെരുപ്പ സമ്മർദ്ദം നിലനിന്നാൽ കൂടുതൽ കടുത്ത നടപടികളിലേക്ക് പോകേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്