തിരുവനന്തപുരം: മാണി കോഴ വാങ്ങിയതിന് തെളിവില്ലെന്ന് പരാമര്‍ശിക്കുന്ന വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത്. വിജിലന്‍സ് എസ്പി സുകേശന്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് പുറത്തു വന്നത്. മാണിക്കെതിരേ കോഴ ആരോപണം ഉന്നയിച്ച ബിജു രമേശിന് 7.44 കോടി രൂപ ഒരു വര്‍ഷം മദ്യക്കച്ചവടത്തില്‍ നഷ്ടമുണ്ടായെന്നും ഇതു മൂലമാണ് മാണിക്കതിരേ കോഴ ആരോപണം ഉന്നയിച്ചതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും.
ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുടേത് ഒഴികെയുള്ള ബാറുകള്‍ അടച്ചു പൂട്ടിയതിലൂടെ ഉടമകള്‍ക്ക് വാര്‍ഷിക വരുമാനത്തില്‍ 509.59 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. അഞ്ചു വര്‍ഷത്തേക്ക് ഇത് 2547.95 കോടി രൂപ വരും. ബിജു രമേശിന് 9 ബാര്‍ ലൈസന്‍സ് ഉണ്ടായിരുന്നു. 2015 ഏപ്രില്‍ മുതല്‍ എട്ടു മാസം 5.97 കോടിയുടെ ബിയറും വൈനുമാണ് ഇവിടെ വാങ്ങിയത്. 12 മാസത്തേക്ക് ഇവടെ വാങ്ങാനിടയുള്ളത് 8.95 കോടിയുടെ മദ്യമാണ്. 4.48 കോടിയാണ് ഇതിലൂടെ ലഭിക്കുന്ന ലാഭം. 2013-14 വര്‍ഷത്തില്‍ 23.85 കോടി രൂപയുടെ മദ്യവും ബിയറുമാണ് ഇവിടേക്ക് വാങ്ങിയത്. 11.92 കോടി രൂപയായിരുന്നു ലാഭം. ഒരു വര്‍ഷത്തിനിടെ ഉണ്ടായത് 7.44 കോടി രൂപയുടെ വരുമാന നഷ്ടമാണ്. അഞ്ചു വര്‍ത്തേക്ക് ഇത് 32.22 കോടി രൂപ വരുമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍ക്കാരിന്റെ അബ്കാരി നയമാണ് ഈ നഷ്ടത്തിന് കാരണം. ഇതു ദതുടരാതിരിക്കാനാണ് ആരോപണവുമായി ബിജു രമേശ് രംഗത്തെത്തിയത്. സര്‍ക്കാരിനെ ഭീഷണിപ്പെടുത്താന്‍ മന്ത്രിമാര്‍ക്കെതിരേ ആരോപണമുന്നയിക്കുക എന്നതാണ് ഏക മാര്‍ഗം. മാണിക്കെതിരേ ആരോപണമുയര്‍ന്നതിന്റെ കാരണം ഇതാണെന്ന അന്വേഷണത്തില്‍ വ്യക്തമായതായി റിപ്പോര്‍ട്ട് പറയുന്നു. കേസില്‍ താന്‍ ആദ്യം തയ്യാറാക്കിയ വസ്തുതാ റിപ്പോര്‍ട്ടില്‍ നിര്‍ണ്ണായക സാക്ഷി മൊഴികള്‍ വേണ്ടത്ര പരിശോധന കൂടാതെ വിശ്വസിച്ചിരുന്നു. ഇത് ശരിയല്ലെന്ന് കണ്ടെത്തിയതായി പുതിയ റിപ്പോര്‍ട്ടില്‍ സുകേശന്‍ പറയുന്നു.

മൊബൈല്‍ ഫോണ്‍ വിളികളുടെ രേഖകളും മറ്റു രേഖകളും ഒത്തു നോക്കിയില്ല. ഇപ്പോള്‍ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോള്‍ അവ മൊഴികളുമായി പൊരുത്തപ്പെടുന്നില്ല. 2014 മാര്‍ച്ച് 22ന് മാണിയുടെ പാലായിലെ വീട്ടിലെത്തി സജു ഡൊമിനിക് ജേക്കബ് കുര്യന് പണം നല്‍കിയെന്ന് പറഞ്ഞ മൊഴി സത്യമല്ല. സജുവിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ആ സമയത്ത് പൊന്‍കുന്നത്തായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുപോലെ ബുജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴി കളവാണെന്നും സുകേശന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.