ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ റീസൈക്ലിങ് കേന്ദ്രങ്ങളിൽ തെറ്റായി ഉപേക്ഷിക്കുന്ന ലിഥിയം ബാറ്ററികൾ മൂലമുള്ള തീപിടിത്തം ആഴ്ചയിൽ പത്തിലധികം സംഭവിക്കുന്നതായുള്ള കണക്കുകൾ പുറത്തുവന്നു . വേസ്റ്റ് മാനേജ്മെന്റ് കമ്പനികളുടെ സംഘടനയായ എൻവയോൺമെന്റ് സർവീസസ് അസോസിയേഷൻ (ESA) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2025 ഏപ്രിൽ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ 1,518 തീപിടിത്തങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ കുറഞ്ഞത് 541 എണ്ണവും ലിഥിയം-അയൺ ബാറ്ററികളുമായി നേരിട്ട് ബന്ധപ്പെട്ടവയാണ്. ബിൻ ലോറികളിലും 216 ബാറ്ററി തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തു.

സ്മാർട്ട്ഫോണുകൾ, കുട്ടികളുടെ കളിപ്പാട്ടങ്ങൾ, ഇലക്ട്രിക് ടൂത്ത്‌ബ്രഷുകൾ, പവർ ബാങ്കുകൾ, ഇ-സ്കൂട്ടറുകൾ, പ്രത്യേകിച്ച് വേപ്പുകൾ എന്നിവയിൽ ഉപയോഗിക്കുന്ന ലിഥിയം ബാറ്ററികളാണ് അപകടത്തിന് പ്രധാന കാരണമെന്ന് വിദഗ്ധർ പറയുന്നു. റീസൈക്ലിങ് കേന്ദ്രങ്ങളിൽ മാലിന്യത്തിനൊപ്പം ബാറ്ററികൾ എത്തുകയും അവ യന്ത്രങ്ങളിൽ കുടുങ്ങുകയോ തകരുകയോ ചെയ്യുമ്പോൾ തീപിടിത്തത്തിന് സാധ്യതയേറുകയും ചെയ്യുന്നു. ബാറ്ററിയുടെ അകത്തെ സെപ്പറേറ്റർ തകരുമ്പോൾ ഷോർട്ട് സർക്യൂട്ട് ഉണ്ടായി താപനില കുത്തനെ ഉയരുന്നതാണ് തീപിടിത്തത്തിലേക്ക് നയിക്കുന്നത്. വേപ്പ് ബാറ്ററി പേപ്പറിനും കാർഡ്ബോർഡിനുമൊപ്പം കുത്തിപ്പരിശോധിച്ച പരീക്ഷണത്തിൽ 750 ഡിഗ്രി സെൽഷ്യസിലേറെ ചൂട് രേഖപ്പെടുത്തിയതായും ESA വ്യക്തമാക്കി.

ബാറ്ററി തീപിടിത്തങ്ങൾ മൂലമുള്ള വാർഷിക നഷ്ടം 2021ലെ 150 മില്യൺ പൗണ്ടിൽ നിന്ന് ഇപ്പോൾ 1 ബില്യൺ പൗണ്ടായി ഉയർന്നെന്നാണ് ESAയുടെ കണക്ക്. തീ അണയ്ക്കാൻ വൻതോതിൽ അഗ്നിരക്ഷാ സേനയും വിഭവങ്ങളും ആവശ്യമായി വരുന്നത് സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാക്കുന്നു. ഉപയോഗിച്ച വേപ്പുകൾ സുരക്ഷിതമായി തിരിച്ചേൽപ്പിക്കാൻ ഓരോ വേപ്പിനും 5 പൗണ്ട് ഡെപ്പോസിറ്റ് ഏർപ്പെടുത്തണമെന്നാണ് ESAയുടെ ആവശ്യം. മാലിന്യത്തിനൊപ്പം ഒളിച്ചെത്തുന്ന ഒരു ബാറ്ററി പോലും വലിയ തീപിടിത്തത്തിന് കാരണമാകാമെന്നും തൊഴിലാളികളുടെയും നിർണായക അടിസ്ഥാനസൗകര്യങ്ങളുടെയും സുരക്ഷയ്ക്ക് ഇത് വലിയ ഭീഷണിയാണെന്നും സംഘടന മുന്നറിയിപ്പ് നൽകി.











Leave a Reply