ബി.ബി.സി ഡോക്യുമെന്ററി വിവാദത്തിൽ പാർട്ടി നിലപാടിന് വിരുദ്ധ നിലപാട് സ്വീകരിച്ച കെ.പി.സി.സി ഡിജിറ്റൽ മീഡിയ വിഭാഗം തലവൻ അനിൽ ആന്റണി പാർട്ടി പദവികളിൽനിന്നും രാജിവെച്ചു. അനിൽ ആന്റണിയുടെ നടപടി കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെയാണ് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകൻ കൂടിയായ അനിലിന്റെ രാജി.

അഭിപ്രായ സ്വാതന്ത്ര്യത്തിനായി പോരാടുന്നവർ ഒരു ട്വീറ്റിന്റെ പേരിൽ അസഹിഷ്ണത കാണിക്കുന്നു. യോഗ്യതയുള്ളവരേക്കാൾ സ്തുതിപാഠകർക്കാണ് പാർട്ടിയിൽ സ്ഥാനമെന്നും അനിൽ ആന്റണിയുടെ ട്വീറ്റ്

കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനർ, എ.ഐ.സി.സി ഡിജിറ്റൽ മീഡിയ കോ-ഓർഡിനേറ്റർ എന്നീ പദവികളിൽ നിന്നാണ് അനിൽ ആന്റണി രാജിവച്ചത്. ബി.ബി.സി ഡോക്യുമെന്ററിയിലെ വിവാദ പരാമർശത്തിൽ കോൺഗ്രസിൽ നിന്നും കടുത്ത വിമർശമാണ് അനിലിനു നേരെയുണ്ടായത്. കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനും സംസ്ഥാന, കേന്ദ്ര യൂത്ത് കോൺഗ്രസ് നേതൃത്വവും അനിലിനെ തള്ളിപ്പറഞ്ഞിരുന്നു. സമൂഹമാധ്യമങ്ങളിലും അനിലിനെതിരെ വിമർശം രൂക്ഷമായിരുന്നു.

അഭിപ്രായ സ്വാതന്ത്ര്യത്തിനായി പോരാടുന്നവർ ഒരു ട്വീറ്റിന്റെ പേരിൽ അസഹിഷ്ണത കാണിക്കുകയാണെന്നും ട്വീറ്റ് പിൻവലിക്കാനുള്ള അവരുടെ ആവശ്യം താൻ തള്ളിയെന്നും അനിൽ രാജിക്കത്ത് പങ്കുവച്ച് ട്വിറ്ററിൽ പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തിന് ചുറ്റും സ്തുതിപാഠകരാണെന്നും തന്നോട് പ്രതികരിച്ചതെല്ലാം കാപട്യക്കാരാണെന്നും അനിൽ ട്വീറ്റ് ചെയ്തു. യോഗ്യതയുള്ളവരേക്കാൾ സ്തുതിപാഠകർക്കാണ് പാർട്ടിയിൽ സ്ഥാനമെന്നും അനിൽ വിമർശിച്ചു.

ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററിക്ക് എതിരായ പാർട്ടി നിലപാടിനെ പ്രതികരിച്ച കോൺഗ്രസ് ഡിജിറ്റൽ മീഡിയ തലവൻ അനിൽ ആന്റണിയെ വിമർശിച്ച് യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി പി.എൻ വൈശാഖ്. നരേന്ദ്ര മോദി എന്ന പി.ആർ വർക്ക് പ്രോഡക്റ്റിന്റെ യഥാർഥമുഖം തുറന്നു കാണിച്ച ബി.ബി.സിക്കെതിരെ കോൺഗ്രസിന്റെ കേരളത്തിലെ ഐടി സെൽ കോ-ഓർഡിനേറ്റർ രംഗത്തുവരിക എന്നത് തികച്ചും അപമാനകരമാണെന്ന് വൈശാഖ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

പ്രിയപ്പെട്ട അനിൽ ആന്റണി,

പണത്തിനും അധികാരത്തിനും മുന്നിൽ ഓച്ഛാനിച്ചുനിന്ന്, നരേന്ദ്ര മോദി എന്ന പിആർ വർക്ക് പ്രോഡക്റ്റിന്റെ യഥാർഥ മുഖം ഇന്ത്യൻ കോർപ്പറേറ്റ് മാധ്യമങ്ങൾ മറച്ചുപിടിച്ചപ്പോൾ, ലോകത്തിനു മുന്നിൽ അത് തുറന്നു കാണിച്ച ബിബിസി എന്ന മാധ്യമത്തിനെതിരെ കോൺഗ്രസിന്റെ കേരളത്തിലെ ഐടി സെൽ കോ-ഓർഡിനേറ്റർ രംഗത്ത് വരിക എന്നത് തികച്ചും അപമാനകരമാണ്.

സ്വന്തം പിതാവ് രക്തവും വിയർപ്പും നൽകി കേരള വിദ്യാർഥി സമൂഹത്തിനു സമ്മാനിച്ച കേരള വിദ്യാർഥി പ്രസ്ഥാനത്തിന്റെ ഇന്ദ്രനീല പൊൻപതാക ഒരിക്കൽ പോലും കയ്യിലേന്താതെ, മെറിറ്റ് അടിസ്ഥാനമില്ലാതെ സ്ഥാനമാനങ്ങൾ ലഭിച്ചതിന്റെ ബാലിശം കളിക്കാനുള്ള സമയമല്ലിതെന്ന്, എ.കെ.ആന്റണിയുടെ മകൻ ആയതു കൊണ്ടു മാത്രം രാഷ്ട്രീയത്തിൽ വന്ന അനിൽ ആന്റണി മനസ്സിലാക്കണം.

ആരാധ്യനായ എ.കെ.ആന്റണി സാറിനോടുള്ള എല്ലാ ബഹുമാനവും നിലനിർത്തികൊണ്ട് തന്നെ പറയട്ടെ, അദ്ദേഹം കേരളത്തിനു നൽകിയ സംഭാവനകൾ മറന്നു കൊണ്ട് പ്രവർത്തകർ അദ്ദേഹത്തെ താങ്കൾ മൂലം എതിർക്കാനുള്ള അവസരം ഉണ്ടാക്കരുത്. രാഹുൽ ഗാന്ധി എന്ന മനുഷ്യൻ മോദിയുടെ ദുർഭരണത്തിനെതിരെ ഇന്ത്യയുടെ നാഡീമിടിപ്പുകൾ തൊട്ടറിഞ്ഞു കൊണ്ട് കാൽ നടയായി നടന്നു നീങ്ങി സമരമുഖത്ത് സർഗവസന്തം തീർത്ത് ഭാരതത്തെ ഒന്നിപ്പിക്കാൻ കഠിന പ്രയത്‌നം നടത്തുന്ന ഈ സമയത്ത്, സംഘപരിവാറിനു വേണ്ടി കോൺഗ്രസ് പാളയത്തിൽ ഇരുന്നു കൊണ്ട് കുഴലൂത്ത് നടത്തുന്നത് ഒരു സാധാരണ കോൺഗ്രസ് പ്രവർത്തകനും അംഗീകരിക്കാൻ കഴിയാത്ത ഒന്നാണ്.

ഇന്ത്യൻ നാഷനൽ കോൺഗ്രസ് കേരള ഘടകത്തിന്റെ ഐടി സെൽ കോ-ഓർഡിനേറ്റർ സ്ഥാനത്ത് തുടരാൻ ഒരു നിമിഷം പോലും അർഹനല്ല താങ്കൾ എന്ന് ഈ അവസരത്തിൽ ഓർമപ്പെടുത്തി കൊള്ളട്ടെ.. മാധ്യമശ്രദ്ധയ്ക്കായി താങ്കൾ ചെയ്ത പോസ്റ്റ് പിൻവലിച്ചു കൊണ്ട്, തൽസ്ഥാനത്തുനിന്നും രാജിവച്ച് ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രവർത്തക വികാരത്തോടൊപ്പം നിൽക്കണമെന്ന് എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയോട് ആവശ്യപ്പെടുന്നു…

പി.എൻ.വൈശാഖ്, ഇന്ത്യൻ യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി.