ബെംഗളൂരു യെലഹങ്ക വ്യോമസേനാതാവളത്തിന് സമീപമുണ്ടായ തീപിടിത്തത്തില്‍ മുന്നൂറോളം കാറുകള്‍ കത്തിനശിച്ചു. പുല്‍മേട്ടിലുണ്ടായ തീ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുകളിലേയ്ക്ക് വ്യാപിക്കുകയായിരുന്നു. എയ്റോ ഇന്ത്യാ ഷോ കാണാനെത്തിയവരുടെ വാഹനങ്ങളാണ് കത്തിനശിച്ചത്. തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കി. ആളപായമില്ല.

എയ്റോ ഇന്ത്യാ ഷോയുടെ ഭാഗമായി വ്യോമസേനയുടെ എയ്റോബാസ്റ്റിക്സ് അഭ്യാസങ്ങള്‍ അരങ്ങേറുന്നതിനിടയിലാണ്. സമീപത്തെ പുല്‍മേട്ടില്‍ നിന്ന് വന്‍ തോതില്‍ പുകയുയര്‍ന്നത്. കാറ്റ് അതിശക്തമായിരുന്നതിനാല്‍ പുല്‍മേട്ടിലുണ്ടായ അഗ്നിബാധ അതിവേഗം പാര്‍ക്കിംഗ് ഗ്രൗണ്ടിലേയ്ക്ക് പടര്‍ന്നു. എയ്റോ ഷോ കാണാനെത്തിയവരുടെ അറുനൂറോളം വാഹനങ്ങളാണ് ഇവിടെ പാര്‍ക്ക് ചെയ്തിരുന്നത്. ഇതില്‍ 300 എണ്ണം അഗ്നിക്കിരയായി.

സ്ഥലത്തുണ്ടായിരുന്ന ഫയര്‍ ഫോഴ്സിന്‍റെ നാല് യൂണിറ്റുകള്‍ അതിവേഗം പ്രവര്‍ത്തിച്ചതിനാല്‍ തീ കൂടുതല്‍ പടരുന്നത് തടയാനായി. പന്ത്രണ്ട് യൂണിറ്റുകളും പിന്നാലെയെത്തി. ഫയര്‍ഫോഴ്സിന്‍റെയും വ്യോമസേനയുടെയും കൂട്ടായ പരിശ്രമത്തെത്തുടര്‍ന്നാണ് തീയണക്കാനായത്. സന്ദര്‍ശകരിലാരോ പുല്‍മേട്ടിലേയ്ക്ക് സിഗരറ്റ് കത്തിച്ചെറിഞ്ഞതാണ് അപകടകാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പ്രദേശം മുഴുവന്‍ ഉണക്കപ്പുല്ലായിരുന്നതും, കാറ്റിന്‍റെ വേഗതയും ദുരന്തത്തിന്‍റെ വ്യാപ്തികൂട്ടി. ഇത്തവണത്തെ എയ്റോ ഇന്ത്യ ഷോയിലുണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്. കഴിഞ്ഞ ദിവസം പരിശീലനപ്പറക്കലിനിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് വ്യോമസേനയുടെ എയ്റോബാസ്റ്റിക്സ് ടീമിലെ പൈലറ്റ് മരിച്ചിരുന്നു.