ചങ്ങനാശേരി ∙ ആരായിരുന്നു ഫ്രെഞ്ചി പാപ്പൻ ? . 40 വർഷത്തിലേറെ എസ്ബി ക്യാംപസിൽ ജീവിച്ചിരുന്നയാളാണ് ഫ്രാൻസിസ് (88). ഫ്രെഞ്ചി പാപ്പനെന്നും ഫ്രെഞ്ചി അപ്പാപ്പനെന്നുമൊക്കെ പല തലമുറകൾ അദ്ദേഹത്തെ വിളിച്ചു. ചൊവ്വാഴ്ച വൈകിട്ടായിരുന്നു മരണം. ഔദ്യോഗികമായി ക്യാംപസിലെ ആരുമായിരുന്നില്ല ഫ്രെഞ്ചി പാപ്പൻ. ഏതു വർഷമാണ് ക്യാംപസിൽ എത്തിയതെന്നോ എന്നു മുതലാണ് അവിടെ താമസം തുടങ്ങിയതെന്നോ കൃത്യമായി അറിയില്ല. കാവുകാട്ട് ഹാളിനോടു ചേർന്നായിരുന്നു താമസം. ചിലപ്പോൾ അമരാവതി ഹോസ്റ്റൽ പരിസരത്തും അന്തിയുറങ്ങി.

അദ്ദേഹത്തിന്റെ രഹസ്യങ്ങൾ അറിയാൻ കുട്ടികൾ ശ്രമിച്ചു. അധികമൊന്നും കിട്ടാതായപ്പോൾ പലരും സ്വന്തം നിലയിൽ കഥകൾ മെനഞ്ഞു. അതിലൊന്നാണ് ഫ്രെഞ്ചി പാപ്പൻ എസ് ബി കോളേജിലെ പല പ്രിൻസിപ്പൽ മാരുടെയും അധ്യാപകരുടെയും സഹപാഠിയായിരുന്നുവെന്നത് . അതിൽ ഒരു കഥയാണ് എസ് ബി കോളേജിലെ പ്രിൻസിപ്പൽ ആയിരുന്ന മാരൂർ അച്ചന്റെ സഹപാഠിയായിരുന്നു എന്ന കഥ. ഈ കഥകൾ ഒന്നും ആരും നിഷേധിച്ചില്ല . അതിനനുസരിച്ച് പുതിയ കഥകൾ രൂപപ്പെട്ടു കൊണ്ടേയിരുന്നു. ഫ്രെഞ്ചി പാപ്പനെ കൊണ്ട് ആർക്കും ഒരു ശല്യവും ഉണ്ടായിരുന്നില്ല . തലമുറകൾ വന്നുപോയിട്ടും ആർക്കും ഒരു ശല്യം ആകാതെ നിശബ്ദ സാന്നിധ്യമായിഫ്രെഞ്ചി പാപ്പൻ കോളേജ് ക്യാമ്പസ് ജീവിച്ചു.

പണ്ഡിതനായിരുന്നു, എവിടെയോ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു, വൈദികരുടെ സഹപാഠിയായിരുന്നു, വലിയ ഫുട്ബോൾ കളിക്കാരനായിരുന്നു… അങ്ങനെങ്ങനെ. എന്താണു തന്റെ കഥയെന്ന് അദ്ദേഹം ആരോടും പറഞ്ഞതുമില്ല. ഇംഗ്ലിഷ് പത്രങ്ങളും പുസ്തകങ്ങളും വായിച്ച്, ആരോടും കലഹിക്കാതെ ക്യാംപസിന്റെ പല ഭാഗങ്ങളിലായി പാപ്പൻ ഇരിക്കുന്ന ചിത്രങ്ങൾ ഇന്നലെ സമൂഹ മാധ്യമങ്ങളിൽ പലരും പങ്കുവച്ചു.

കോളജ് കന്റീനിൽ നിന്നും ഹോസ്റ്റലുകളിൽ നിന്നുമായിരുന്നു ഭക്ഷണം. ചങ്ങനാശേരിയിലെ ബന്ധുവീടുകളിലൊക്കെ അപൂർവമായി പോകുമായിരുന്നെങ്കിലും വൈകിട്ടു ക്യാംപസിൽ തിരിച്ചെത്തും. അധികമാരോടും സംസാരിച്ചിരുന്നില്ല. എന്നാൽ, അദ്ദേഹത്തെക്കുറിച്ച് എസ്ബി ക്യാംപസ് എല്ലാവരോടും സംസാരിച്ചു കൊണ്ടേയിരുന്നു.   ബർക്ക്മാൻസ് അപ്പൂപ്പൻ ഇനി ഇല്ല എന്നുള്ളത് ആയിരക്കണക്കിന് പൂർവ വിദ്യാർഥികൾക്കും അധ്യാപകർക്കും കണ്ണീരോർമയായി .