ബിഗ് ബി എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് അമൽ നീരദ് സംവിധാനരംഗത്തെത്തുന്നത്. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ഏറ്റവും സ്റ്റൈലിഷ് കഥാപാത്രങ്ങളിലൊന്നായിരുന്നു ബിഗ് ബിയിലെ ബിലാൽ ജോൺ കുരിശിങ്കൽ. ചിത്രം പുറത്തിറങ്ങിയിട്ട് പത്ത് വർഷം പിന്നിടുമ്പോൾ സിനിമയുടെ രണ്ടാം ഭാഗം എത്തുകയാണ്.

ബിഗ് ബി എന്നത് തങ്ങൾക്കൊരു സിനിമ മാത്രമല്ലായിരുന്നെന്നും ഇതൊരു അതിജീവനമായിരുന്നെന്നും അമൽനീരദ് മുമ്പ് പറഞ്ഞിരുന്നു. 2007 ഏപ്രിൽ 13 ഒരു വ്യാഴാഴ്ചയാണ് ബിഗ് ബി റിലീസിനെത്തുന്നത്. സിനിമ പുറത്തിറങ്ങി പത്ത് വർഷം പിന്നിട്ട വേളയിൽ ഫെയ്സ്ബുക്കില്‍ അമൽ‍ നീരദ് കുറിച്ച വാക്കുകൾ

‘ബിഗ് ബി ഞങ്ങൾക്കൊരു സിനിമ മാത്രമല്ലായിരുന്നു, അത് ‍ഞങ്ങളുടെ നിലനിൽപ് ആയിരുന്നു. നോഹയുടെ പേടകം പോലെ ബിഗ് ബി ആയിരുന്നു ഞങ്ങളുടെ അവസാന നൗക. പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് നന്ദി. ഞങ്ങളുടെ പേടകത്തിലെ ഹീറോയും രക്ഷകനും മമ്മൂക്കയായിരുന്നു. ഇക്കാലമത്രയും ഞങ്ങളുടെ തെറ്റുകുറ്റങ്ങളെയും നല്ലതിനെയും അംഗീകരിച്ച് കൂടെ നിന്ന ഏവർക്കും നന്ദി.’

ബിഗ് ബിയുടെ രണ്ടാം ഭാഗം വരുന്നുവെന്ന വാർത്ത ആവേശത്തോെടയാണ് മലയാളസിനിമാലോകം ഏറ്റെടുത്തത്. പ്രേക്ഷകർ മാത്രമല്ല മലയാള സിനിമാതാരങ്ങളും ഈ വാർത്തയുടെ ത്രില്ലിലായിരുന്നു. മറ്റൊരു സിനിമയ്ക്കും ലഭിക്കാത്ത സ്വീകരണമാണ് സമൂഹമാധ്യമങ്ങളില്‍ ബിഗ് ബി 2വിന് ലഭിച്ചത്.

പൃഥ്വിരാജ്, ദുൽക്കർ സൽമാൻ, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, നിവിൻ പോളി, ഉണ്ണി മുകുന്ദൻ, അജു വർഗീസ്, ശ്രീനാഥ് ഭാസി, സുരാജ് െവഞ്ഞാറമൂട്, നസ്രിയ, റിമ കല്ലിങ്കൽ, ആഷിക് അബു, ഹരീഷ്, ടൊവിനോ, സണ്ണി വെയ്ന്‍ തുടങ്ങി നിരവധി താരങ്ങളാണ് ബിലാലിന്റെ രണ്ടാംവരവിനെ ആവേശത്തോടെ വരവേറ്റത്.




രാം ഗോപാൽ വർമ ചിത്രങ്ങളുടെ ഛായാഗ്രാഹകനായി ബോളിവുഡിൽ തിളങ്ങിയ അമൽ 2007ലാണ് ബിഗ് ബി സംവിധാനം ചെയ്യുന്നത്. ആക്‌ഷൻ ത്രില്ലറായ ചിത്രത്തിന് പക്ഷേ സമ്മിശ്രപ്രതികരണമായിരുന്നു തിയറ്ററിൽ നിന്ന് ലഭിച്ചതും.

അല്‍ഫോൻസ് സംഗീതം നൽകിയ ചിത്രത്തിന് ഗോപി സുന്ദറായിരുന്നു പശ്ചാത്തലസംഗീതം. ഛായാഗ്രഹണം –സമീർ താഹിർ, സംഭാഷണം– ഉണ്ണി ആർ.

എന്നാൽ പിന്നീട് ചിത്രത്തെ പുകഴ്ത്തി പലരും രംഗത്തെത്തി. ടോറന്റിലും മറ്റും ഹിറ്റായ ബിഗ് ബി ഇപ്പോഴും പ്രേക്ഷകരുടെ പ്രിയ ചിത്രങ്ങളിലൊന്നാണ്.