ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവിടരുമെന്ന് ഡബ്ല്യൂസിസി ആവശ്യപ്പെട്ടെന്ന് നിയമമന്ത്രി പി.രാജീവ്. ഡബ്ല്യൂസിസി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നെന്നും മന്ത്രി പറഞ്ഞു. വൻ വിവാദങ്ങൾക്ക് വഴി വെയ്ക്കുന്നതാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ .

ശുപാർശകളിൽ തുടർനടപടികൾ വൈകുന്ന സാഹചര്യത്തിൽ സർക്കാരിനെ വിമർശിച്ച് ഡബ്ല്യൂസിസി രംഗത്തു വന്നിരുന്നു. ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് ഒട്ടേറെ പേരുടെ സ്വകാര്യ അനുഭവങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ളതിനാൽ പുറത്തു വിടാൻ കഴിയില്ലെന്നായിരുന്നു മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞത്.

ഇതിനിടെ  നടി മാലാ പാര്‍വതി താരസംഘടനയായ ‘അമ്മ’യുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍നിന്ന് രാജിവച്ചു. ലൈംഗിക പീഡന പരാതിയില്‍ നടന്‍ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. വിജയ് ബാബുവിനെതിരെ നടപടിയെടുക്കണമെന്ന് ആഭ്യന്തര പരാതി പരിഹാര സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

യുവനടിയുടെ പീഡന പരാതിയില്‍ വിജയ് ബാബുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. നടിയുടെ പേരു വെളിപ്പെടുത്തി സമൂഹമാധ്യമത്തില്‍ വിഡിയോ പോസ്റ്റ് ചെയ്തതും വന്‍വിവാദമായി. ഇതോടെ വിജയ് ബാബു ഒളിവില്‍ പോയിരുന്നു.