ന്യുഡല്‍ഹി: യുക്രൈനില്‍ നിന്നും ഒഴിപ്പിക്കുന്ന കൂടുതല്‍ ഇന്ത്യക്കാരെ ഇന്ന് നാട്ടിലെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍. ഓപറേഷന്‍ ഗംഗയുടെ ഭാഗമായി ആറ് വിമാനങ്ങളിലായി 1377 പേരെ ഇന്ന് നാട്ടിലെത്തിക്കും- അദ്ദേഹം ട്വീറ്റ് ചെയ്തു.

പൗരന്മാരെ ഒഴിപ്പിക്കുന്നതിന് മേല്‍നോട്ടം വഹിക്കാനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി നാല് അയല്‍രാജ്യങ്ങളിലേക്ക് പ്രത്യേക ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. മൂന്നു ദിവസത്തിനുള്ളില്‍ 26 വിമാന സര്‍വീസുകള്‍ ഒരുക്കിയിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ വര്‍ധന്‍ ശ്രീംഹ്‌ളയും വ്യക്തമാക്കി.

അതിനിടെ, രക്ഷാദൗത്യത്തിന്റെ ഭാഗമായി വ്യോമസേനയുടെ സി-17 വിമാനം അതിര്‍ത്തിയിലേക്ക് പുറപ്പെട്ടു. യുക്രൈനുള്ള മരുന്നുകള്‍ അടക്കമുള്ള അവശ്യ സാധനങ്ങളമായാണ് വിമാനം പോയത്.

നിലവില്‍ എയര്‍ ഇന്ത്യ, സ്‌പൈസ്‌ജെറ്റ്, ഇന്‍ഡിഗോ വിമാനങ്ങളാണ് രക്ഷാദൗത്യത്തില്‍ പങ്കെടുക്കുന്നത്. വ്യോമസേന വിമാനങ്ങള്‍ കൂടി എത്തുന്നതോടെ കൂടുതല്‍ പേരെ അതിര്‍ത്തി നാടുകളില്‍ നിന്ന് ഇന്ത്യയില്‍ എത്തിക്കാന്‍ കഴിയും.

അതേസമയം, കീവില്‍ നിന്നും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,300 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു. കീവില്‍ ഇന് ഇന്ത്യക്കാര്‍ ആരും അവശേഷിക്കുന്നില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.

ഇന്നലെ ഹര്‍കീവില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട നവീന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടികള്‍ ആരംഭിച്ചു. ഹര്‍കീവിലെ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണ് മൃതദേഹമിപ്പോള്‍. ബങ്കറില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം വാങ്ങാന്‍ പുറത്തിറങ്ങിയപ്പോഴായിരുന്നു കര്‍ണാടക സ്വദേശിയായ നവീന്‍ കൊല്ലപ്പെട്ടത്.