സോളാര്‍ കേസില്‍ സുപ്രധാന വെളിപ്പെടുത്തലുമായി സോളാര്‍ കേസിലെ മുഖ്യ പ്രതികളിലൊരാളും സരിതയുടെ മുന്‍ ഭര്‍ത്താവുമായ ബിജു രാധാകൃഷ്ണന്‍. കേസിന്റെ മുഖ്യസുത്രധാരന്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ കെ.ബി. ഗണേഷ് കുമാര്‍ ആണെന്ന് ബിജു കോടതിയില്‍ നല്‍കിയ നിര്‍ണ്ണായക മൊഴി . സോളാര്‍ കേസ് വീണ്ടും അന്വേഷിക്കുമ്പോള്‍ ഈ മൊഴി നിര്‍ണ്ണായകമാകും . സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് സരിതാ എസ്. നായര്‍ക്ക് രാഷ്ട്രീയക്കാരെയും വ്യവസായ പ്രമുഖരെയും പരിചയപ്പെടുത്തി നല്‍കിയത് ഗണേഷ് കുമാര്‍ ആണെന്ന്‍ ബിജു കോടതിയില്‍ മൊഴി നല്‍കി . വടകര കോടതിയിലാണ് ബിജു ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ കേസുമായി ബന്ധപ്പെട്ട് തന്റെയും അമ്മയുടെയും ജീവന് ഭീഷണിയുണ്ടെന്നും അതുകൊണ്ട് തന്റെ മരണമൊഴി രേഖപ്പെടുത്തണമെന്നും ബിജു കോടതിയില്‍ അറിയിച്ചു.   എന്നാല്‍, സോളാര്‍ കേസ് കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം കോടതിയാണെന്നും അതിനാല്‍ ഇത് സംബന്ധിച്ച് മൊഴി നല്‍കേണ്ടത് അവിടെയാണെന്നും വടകര കോടതി അറിയിച്ചു. ഇതേ തുടര്‍ന്ന് ഈ മാസം 17-ന് തിരുവനന്തപുരം കോടതിയെ സമീപിക്കാനാണ് ബിജു രാധാകൃഷ്ണന്‍റെ അടുത്ത നീക്കം .