ബിനോയ് കോടിയേരി പ്രതിയായ ദുബായിലെ തട്ടിപ്പു കേസില്‍ വിവരങ്ങള്‍ ഒന്നൊന്നായി പുറത്തുവരുന്നു. ബിനോയ് കോടിയേരിക്ക് അക്കൗണ്ട് ഉണ്ടായിരുന്നത് പാക്കിസ്താനില്‍ നിന്നുള്ള ബാങ്കാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനാണ് ആദ്യം ഈ ആരോപണം ഉന്നയിച്ച്‌ രംഗത്തെത്തിയിരിക്കുന്നത്. ദേശീയ മാധ്യമങ്ങളും ഇത്തരത്തിലൊരു വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇന്ത്യക്കാരാരും തന്നെ നിലവില്‍ പാക്കിസ്താന്‍ ബാങ്കില്‍ അക്കൗണ്ട് തുറക്കാറില്ല. ഇത് വലിയ സംശയങ്ങള്‍ക്കാണ് ഇപ്പോള്‍ കളമൊരുക്കിയിരിക്കുന്നത്. എന്നാല്‍ ബിനോയ്ക്കെതിരായ പരാതി ചോര്‍ന്നതിനു പിന്നില്‍ സി.പി.എം കേന്ദ്രനേതൃത്വമാണെന്ന ആരോപണം ശക്തമായിട്ടുണ്ട്. യുഎഇയിലെ ജാസ് ടൂറിസം കമ്ബനി ഉടമ ഹസന്‍ ഇസ്മായില്‍ അബ്ദുള്ള അല്‍മര്‍സൂക്കി അയച്ച പരാതി കേന്ദ്ര നേതൃത്വത്തിന്റെ പക്കല്‍ എത്തുകയും അതു പോളിറ്റ് ബ്യൂറോയുടെ മുന്നില്‍ വയ്ക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ കത്തിലെ വിവരങ്ങള്‍ ചോര്‍ന്നത്.

ഏകദേശം 13 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണമാണു കത്തിലുള്ളത്. ബിനോയ്ക്കെതിരേ യുഎഇയില്‍ കേസുകള്‍ നിലവിലുണ്ടെന്നും അല്‍ മര്‍സൂക്കി ഇന്നലെ അവിടെ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞിരുന്നു. തനിക്കെതിരേ യുഎഇയില്‍ കേസുകളൊന്നും ഇല്ലെന്നാണു ബിനോയി പറഞ്ഞത്.

പ്രായപൂര്‍ത്തിയായ മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതിന് അച്ഛനെതിരേ പാര്‍ട്ടി എന്തിനു നടപടിയെടുക്കണം എന്ന നിലപാടാണ് സി.പി.എം കേന്ദ്ര നേതൃത്വത്തിലെ ചിലര്‍ സ്വീകരിച്ചത്. ഇതൊക്കെ ആരോപണങ്ങളല്ലേ എന്നു ചോദിച്ച സീതാറാം യെച്ചൂരി സി.പി.എം കേന്ദ്ര നേതൃത്വത്തിനു മുന്നില്‍ പരാതി ലഭിക്കുകയോ ഏതെങ്കിലും തരത്തിലുള്ള മധ്യസ്ഥ ചര്‍ച്ചയ്ക്കു പാര്‍ട്ടി നേതൃത്വം ഇടപെടുകയോ ചെയ്തിട്ടില്ലെന്നു പറഞ്ഞു.