അഹമ്മദാബാദ്: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി മികച്ച വിജയം നേടിയെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മനാട്ടില്‍ പാര്‍ട്ടി പരാജയപ്പെട്ടു. മെഹ്‌സാന ജില്ലയിലെ ഉന്‍ജാ മണ്ഡലത്തിലാണ് ബി.ജെ.പി പരാജയപ്പെട്ടത്. പ്രധാനമന്ത്രിയുടെ ജന്മനാടായ വാദ്‌നഗര്‍ ഉള്‍പ്പെടുന്ന മണ്ഡലമാണ് ഉന്‍ജ. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആഷ പട്ടേല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി നാരായണ്‍ പട്ടേലിനെ 19,000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.

മണ്ഡലത്തിലെ സിറ്റിംഗ് എം.എല്‍.എയായിരുന്നു നാരായണ്‍ പട്ടേല്‍. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം ആഷ പട്ടേലിനെ പരാജയപ്പെടുത്തിയിരുന്നു. പട്ടേല്‍ സമുദായക്കാരുടെ സംവരണ സമരവും താക്കൂര്‍ വിഭാഗം കോണ്‍ഗ്രസിനോട് അടുത്തതുമാണ് ഇവിടെ ബി.ജെ.പിയുടെ പരാജയത്തില്‍ കലാശിച്ചത്. ഉന്‍ജ മണ്ഡലത്തിലെ 2.12 ലക്ഷം വോട്ടുകളുള്ള മണ്ഡലത്തില്‍ 77,000 വോട്ടുകള്‍ പട്ടേല്‍ സമുദായമാണ്. 50,000 വോട്ടുകള്‍ താക്കൂര്‍ വിഭാഗക്കാരുമാണ്.