ന്യൂഡൽഹി∙ ഇന്ത്യ – ചൈന അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ സർവകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് വിഡിയോ കോൺഫറൻസിങ്ങിലൂടെയാകും യോഗം ചേരുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

അതേസമയം, കിഴക്കൻ ലഡാക്കിലെ ഗൽവാൻ അതിർത്തിയിൽ ബ്രിഗേഡ് തലത്തിൽ ഇരു സേനകളും ഇന്നു ചർച്ച നടത്തി. കാര്യമായ പുരോഗതിയില്ലെന്നു സേനാ വൃത്തങ്ങൾ അറിയിച്ചു. പിൻമാറില്ലെന്നുറച്ച് ചൈനീസ് സേന പട്രോൾ പോയിന്റ് 14നു സമീപം നിലയുറപ്പിച്ചിരിക്കുകയാണ്. പ്രദേശം തങ്ങളുടേതാണെന്നാണ് അവർ ഇപ്പോൾ വാദിക്കുന്നത്. ഇരു സേനകളും അതിർത്തിയിൽ സന്നാഹങ്ങൾ ശക്തമാക്കുന്നു.

ഗൽവാനു പുറമെ ഹോട് സ്പ്രിങ്സിലെ പട്രോൾ പോയിന്റുകളായ 15, 17, പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകൾ എന്നിവിടങ്ങളിലും സ്ഥിതി സംഘർഷഭരിതമാണ്. സംഘട്ടനത്തിലേക്കു കാര്യങ്ങൾ നീങ്ങാതിരിക്കാൻ ശ്രദ്ധിക്കണമെന്നാണു അതിർത്തിയിലെ കമാൻഡർമാർക്കു സേനാ നേതൃത്വം നിർദേശം നൽകിയിരിക്കുന്നത്.

അതേസമയം, തങ്ങളുടെ ഭാഗത്തെ മരണസംഖ്യ സ്ഥിരീകരിക്കാൻ ചൈന ഇതുവരെ തയാറായിട്ടില്ല. ഒട്ടേറെ പേരുടെ പരുക്കുകൾ അതീവ ഗുരുതരമായതിനാൽ ഇന്ത്യൻ ഭാഗത്ത് മരണനിരക്ക് ഉയർന്നേക്കാമെന്നാണു വിലയിരുത്തൽ.