ഖത്തറിൽ ഫുട്ബോൾ ലോകകപ്പ് നടത്താനുള്ള തീരുമാനം തെറ്റായി പോയിയെന്ന് മുൻ മുൻ ഫിഫ പ്രസിഡൻറ് സെപ് ബ്ലാറ്റർ. 2010ലാണ് 2022ലെ ഫുട്ബോൾ ലോകകപ്പിന് വേദിയായി ഫിഫ ഖത്തറിനെ തെരഞ്ഞെടുത്തത്. എന്നാൽ ആ തീരുമാനം വലിയ പിഴവായിപ്പോയെന്ന് ബ്ലാറ്റർ സ്വിസ് ദിനപത്രമായ ടെയ്ജസ് ആൻസിഗറിനോട് പറഞ്ഞു. “ഖത്തർ തിരഞ്ഞെടുത്തത് തെറ്റായിപ്പോയി. ആ തീരുമാനം വലിയ പിഴവാണ്,” അദ്ദേഹം പറഞ്ഞു.

ഖത്തറിന് ലോകകപ്പ് ആതിഥേയത്വം വഹിക്കാൻ അനുമതി കൊടുത്തത് മുതൽ വിവാദങ്ങൾ പിന്നാലെയുണ്ട്. അഴിമതി ആരോപണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളുമൊക്കെ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. 17 വർഷത്തോളം ഫിഫയെ നയിച്ച ബ്ലാറ്ററിനെതിരെയും അദ്ദേഹത്തിൻെറ കാലഘട്ടത്തിൽ അഴിമതി ആരോപണങ്ങൾ ഉയർന്ന് വന്നിരുന്നു. ജൂണിൽ ഒരു സ്വിസ് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. എന്നാൽ അതിനെതിരെ എതിർഭാഗം വീണ്ടും കോടതിയ സമീപിച്ചിട്ടുണ്ട്.

“ഖത്തർ ചെറിയൊരു രാജ്യമാണ്. ഫുട്ബോളും ലോകകപ്പുമൊക്കെ അവരെ സംബന്ധിച്ചിടത്തോളം വളരെ വലുതാണ്,” ബ്ലാറ്റർ പറഞ്ഞു. ഫിഫ ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ മിഡിൽ ഈസ്റ്റ് രാജ്യമാണ് ഖത്തർ. ലോകകപ്പിന് ആതിഥേയ രാജ്യങ്ങളെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ ഉണ്ടായിരുന്ന മാനദണ്ഡങ്ങൾ 2012ൽ ഫിഫ ഭേദഗതി ചെയ്തതായി അദ്ദേഹം പറഞ്ഞു. ഖത്തറിലെ ടൂർണമെന്റുമായി ബന്ധപ്പെട്ട നിർമ്മാണ സൈറ്റുകളിലെ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചുള്ള ആശങ്കകളുടെ വെളിച്ചത്തിലാണ് മാനദണ്ഡങ്ങൾ ഭേദഗതി ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു.

“മനുഷ്യാവകാശ പ്രശ്നങ്ങളും സാമൂഹിക അവസ്ഥയും അന്ന് മുതൽ നിരീക്ഷിച്ച് വരുന്നുണ്ട്,” ബ്ലാറ്റർ വ്യക്തമാക്കി. സൂറിച്ചിലെ വീട്ടിലിരുന്ന് താൻ ലോകകപ്പ് മത്സരങ്ങൾ കാണുമെന്നും അദ്ദേഹം അറിയിച്ചു.

ഖത്തര്‍ ലോകകപ്പിന് പന്തുരുളാന്‍ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. മത്സരങ്ങള്‍ക്കുള്ള സ്ക്വാഡുകളെ പ്രഖ്യാപിച്ചിച്ച് അന്തിമഘട്ട ഒരുക്കത്തിലാണ് ടീമുകള്‍. ടൂര്‍ണമെന്‍റിലെ ഫേവറിറ്റുകളായ ബ്രസീലിനും അര്‍ജന്‍റീനക്കുമൊപ്പം പോര്‍ച്ചുഗല്‍, ജര്‍മ്മനി, ഫ്രാന്‍സ്, സ്പെയിന്‍ തുടങ്ങിയ ടീമുകളും തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. 8 ഗ്രൂപ്പുകളിലായി 32 ടീമുകളാണ് ലോകകപ്പിനായി കളത്തിലിറങ്ങുന്നത്. മത്സരത്തിന്‍റെ ക്രമം വ്യക്തമാക്കുന്ന മാച്ച് ഫിക്സ്ചര്‍ ഫിഫ നേരത്തെ പുറത്തിറക്കിയിരുന്നു. ആതിഥേയരായ ഖത്തര്‍ ഇക്വഡോര്‍, സെനഗല്‍, നെതര്‍ലാന്‍ഡ് എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ്.

നവംബര്‍ 20ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മില്‍ ഏറ്റുമുട്ടും. ഗ്രൂപ്പ് എയിലെ മറ്റ് മത്സരങ്ങള്‍: നവംബര്‍ 21ന് സെനഗല്‍- നെതര്‍ലാന്‍ഡ്, 25ന് ഖത്തര്‍-സെനഗല്‍, നെതര്‍ലാന്‍ഡ്-ഇക്വഡോര്‍, 29ന് നെതര്‍ലാന്‍ഡ്-ഖത്തര്‍, ഇക്വഡോര്‍- സെനഗല്‍ മത്സരങ്ങളും നടക്കും. ഗ്രൂപ്പ് മത്സരങ്ങള്‍ പൂര്‍ത്തിയായ ശേഷം ഡിസംബര്‍ 3 മുതല്‍ രണ്ടാംഘട്ട മത്സരങ്ങള്‍ ആരംഭിക്കും. ഡിസംബര്‍ 9 മുതലാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. മൂന്നാം സ്ഥാനക്കാര്‍ക്ക് വേണ്ടിയുള്ള ലൂസേഴ്സ് ഫൈനല്‍ ഡിസംബര്‍ 17 ശനിയാഴ്ച നടക്കും. ഡിസംബര്‍ 18നാണ് ഫൈനല്‍.