ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മഡ്രിഡ്‌ : യുകെയിൽ നിന്നുള്ള ഈസിജെറ്റ് വിമാനത്തിൽ ബോംബ് ഭീഷണിയെന്ന തട്ടിപ്പ് സന്ദേശം നൽകിയ ഇന്ത്യൻ വംശജൻ അറസ്റ്റിൽ. കെന്റിനടുത്ത് ഓർപിംഗ്ടണിൽ താമസിക്കുന്ന ആദിത്യ വർമ (18)യാണ് സ് പാനിഷ് പോലീസിന്റെ പിടിയിലായത്. സ് പാനിഷ് ദ്വീപായ മെനോർക്കയിലെ കോടതിയിൽ ആദിത്യയെ ഹാജരാക്കി. യുകെയിൽ നിന്ന് യാത്രക്കാരുമായി മെനോർക്കയിലേക്ക് പോകുകയായിരുന്ന വിമാനം തകർക്കാൻ പോകുകയാണെന്ന് സ്‌നാപ് ചാറ്റിൽ വീമ്പിളക്കിയതോടെയാണ് കാര്യങ്ങൾ കൈവിട്ടുപോയത്. “ഞാൻ താലിബാൻ ആണ്. ഞാൻ ഈ വിമാനം തകർക്കാൻ പോകുന്നു.” – ഇതായിരുന്നു ആദിത്യയുടെ സ്‌നാപ് ചാറ്റ് സന്ദേശം. എ ലെവൽ പരീക്ഷയ്ക്ക് ശേഷം സുഹൃത്തുക്കളുമൊത്ത് അവധി ആഘോഷിക്കാൻ പോകുകയായിരുന്നു ആദിത്യ.


ഭീഷണിയെ തുടർന്ന് വടക്കൻ സ്പാനിഷ് നഗരമായ സരഗോസയിലെ സൈനിക താവളത്തിൽ നിന്ന് രണ്ട് എഫ് 18 യുദ്ധവിമാനങ്ങൾ ഈസിജെറ്റ് ഫ്ലൈറ്റിന് അകമ്പടി സേവിച്ചു. ഈ ചെലവിനുള്ള തുകയായ 86,000 പൗണ്ട് ആദിത്യ നൽകണമെന്ന് സ് പാനിഷ് പ്രോസിക്യൂട്ടർമാർ വാദിച്ചു. ആദിത്യയുടെ പേരിൽ നിലവിൽ കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ല. സെന്റ് തോമസ് എൻഎച്ച്എസ് ട്രസ്റ്റിൽ ജോലി ചെയ്യുന്ന അമ്മ ദീപ്തി പ്രസാദ്, മകന്റെ അറസ്റ്റ് വിവരം അറിഞ്ഞയുടനെ മെനോർക്കയിലേക്ക് പുറപ്പെട്ടു. മകന്റെ സന്ദേശം വെറും തമാശയാണെന്ന് അമ്മ പ്രതികരിച്ചു. പിതാവ് ആനന്ദ് യുകെയിൽ ഡോക്ടറാണ്.

അതേസമയം, കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് രണ്ട് ദിവസം പോലീസ് സെല്ലിലാണ് ആദിത്യ കഴിഞ്ഞത്. തന്റെ ബോംബ് ‘തമാശ’ ഈസിജെറ്റ് ഫ്‌ളൈറ്റിൽ തന്നോടൊപ്പം യാത്ര ചെയ്ത സുഹൃത്തുക്കൾക്ക് മാത്രമേ കാണാൻ കഴിയൂ എന്ന് കരുതിയതായി ആദിത്യ കോടതിയിൽ പറഞ്ഞു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കേസ് ആയതിനാൽ സ്‌പെയിനിലെ നാഷണൽ ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്. പത്ത് വർഷം മുമ്പ് ലോക യൂത്ത് ചെസ്സ് ചാമ്പ്യൻഷിപ്പിൽ നാലാം സ്ഥാനത്തെത്തിയ ആളാണ് ആദിത്യ. ഇംഗ്ലണ്ടിന്റെ പ്രതിനിധിയായാണ് അന്ന് പങ്കെടുത്തത്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദപഠനം തുടങ്ങാനിരിക്കവേയാണ് ഈ ബോംബ് തമാശ വില്ലനായെത്തിയത്.