ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ബ്രിട്ടനിലെ ആദ്യ ടൂർ ഡി ഫ്രാൻസ് സ്റ്റേജ് ജേതാവായ ബ്രയാൻ റോബിൻസൺ (91) അന്തരിച്ചു. ബ്രിട്ടനിലെ ആദ്യകാല സൈക്ലിംഗ് താരങ്ങളിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. വെസ്റ്റ് യോർക്ക്ഷെയറിലെ മിർഫീൽഡിൽ ജനിച്ച റോബിൻസന്റെ നേട്ടങ്ങൾ രാജ്യത്തിന്റെ സൈക്ലിംഗ് വിജയത്തിന് കൂടുതൽ കരുത്തേകി.

ബ്രാഡ്‌ലി വിഗ്ഗിൻസ്, ക്രിസ് ഫ്രൂം എന്നിവർക്ക് വളരെ മുമ്പ്, യോർക്ക്ഷയർമാൻ ടൂർ ഡി ഫ്രാൻസിന്റെ ഒരു ഘട്ടം വിജയിച്ച ആദ്യത്തെ ബ്രിട്ടീഷുകാരനും സൈക്ലിംഗിലെ ഏറ്റവും മികച്ച ഓട്ടം പൂർത്തിയാക്കിയ ആദ്യത്തെയാളുമായിരുന്നു. അദ്ദേഹത്തിന്റെ പേരക്കുട്ടി ജെയ്ക് വോമേഴ്‌സ്‌ലി ട്വിറ്ററിലൂടെയാണ് മരണ വിവരം അറിയിച്ചത്. ടൂർ ഡി ഫ്രാൻസിൽ മത്സരിച്ച ആദ്യത്തെ ബ്രിട്ടീഷ് ടീമിന്റെ ഭാഗമായിരുന്നു റോബിൻസൺ.

1961-ൽ അഭിമാനകരമായ ക്രൈറ്റീരിയം ഡു ഡുഫൈനിൽ വിജയത്തോടെ ഒരു പ്രധാന സ്റ്റേജ് റേസ് വിജയിച്ച ആദ്യത്തെ ബ്രിട്ടീഷ് റൈഡർ എന്ന നിലയിലും പ്രശസ്തനായി. 1955-ൽ ലാ ഫ്ലെഷെ വോലോണിൽ നാലാമതും 1956-ലെ വോൾട്ട എ എസ്പാനയിൽ എട്ടാമതും ഫിനിഷ് ചെയ്തു, കൂടാതെ 1957-ൽ മിലാൻ-സാൻറെമോയിൽ മൂന്നാമതും അദ്ദേഹം സൈക്കിൾ ചവിട്ടി ആരാധകരുടെ ഹൃദയത്തിലേക്ക് നടന്നു കയറി.

1930-ൽ ജനിച്ച അദ്ദേഹത്തിന് ചെറുപ്പം മുതലേ സൈക്ലിംഗിനോട് താത്പര്യം ഉണ്ടായിരുന്നു. മിർഫീൽഡിലെ തന്റെ വീട്ടിൽ നിന്ന് ഹാരോഗേറ്റിലേക്ക് മാസത്തിലൊരിക്കൽ ബന്ധുക്കളെ സന്ദർശിക്കാൻ 30 മൈലുകൾ സൈക്കിൾ ചവിട്ടുന്ന ശീലം തന്റെ ആഗ്രഹത്തെ യാഥാർഥ്യത്തിലേക്ക് നയിച്ചു.