ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടനിൽ പതിനാലുകാരിയായ പെൺകുട്ടി ലൂക്കിമിയ ബാധിച്ച് മരിച്ച സംഭവത്തിൽ നടന്ന അന്വേഷണം രാജ്യത്താകമാനമുള്ള ഹിമറ്റോളജിസ്റ്റുകളുടെ കുറവിനെ ചൂണ്ടിക്കാട്ടുന്നു. ലിവർപൂളിലെ അൽഡർ ഹേ ചിൽഡ്രൻസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കെയ്റ്റി വിൽകിൻസ് എന്ന പെൺകുട്ടിയാണ് മരണപ്പെട്ടത്. ആശുപത്രിയിൽ നിന്ന് വന്ന ചികിത്സാപിഴവ് ആണ് മരണത്തിന് കാരണമെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. തലച്ചോറിൽ നിന്നും അമിതമായ രക്തസ്രാവം ഉണ്ടായിരുന്ന പെൺകുട്ടിയെ ചികിത്സിച്ചത് ഹിമറ്റോളജിസ്‌റ്റിന് പകരം ഓങ്കോളജിസ്റ്റ് ആയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥയായ കേയ്റ്റി അയ്ഞ്ച് ആണ് രാജ്യത്താകമാനം നടക്കുന്ന റിക്രൂട്ട്മെന്റ് പ്രശ്നങ്ങളെ സംബന്ധിച്ച് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച് ഇവർ ആരോഗ്യ സെക്രട്ടറി സാജിദ് ജാവേദിനും കത്തെഴുതിയിട്ടുണ്ട്. ഇത്തരത്തിലുള്ള മരണങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാനാണ് ഇത്തരമൊരു നീക്കമെന്ന് അന്വേഷണ ഉദ്യോഗസ്ഥ വ്യക്തമാക്കി.

ആശുപത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായ അനാസ്ഥയാണ് തങ്ങളുടെ മകളുടെ മരണത്തിന് കാരണമെന്ന് ചെഷൈറിലെ വാറിങ്ടാണിൽ നിന്നുള്ള കേയ്റ്റിയുടെ കുടുംബം വ്യക്തമാക്കി. 2020 ജൂലൈയിലാണ് കേയ്റ്റിക്ക് അക്യൂട്ട് പ്രൊമൈലോസൈറ്റിക് ലുക്കിമിയ ആണെന്ന് കണ്ടെത്തിയത്. എന്നാൽ ഇതിനു മുൻപേ തന്നെ രോഗവസ്ഥ വാറിങ്ടൻ ആശുപത്രി അധികൃതർക്ക് കണ്ടെത്താൻ സാധിക്കുമായിരുന്നു. പിന്നീടാണ് കേയ്റ്റിയെ അൽഡർ ഹേ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ വെച്ച് ഹെമറ്റോളജി ഡിപ്പാർട്ട്മെന്റും ഓങ്കോളജി ഡിപ്പാർട്ട്മെന്റും തമ്മിലുള്ള ആശയവിനിമയമില്ലായ്മയെ തുടർന്നാണ് 31 ജൂലൈയിൽ തങ്ങളുടെ മകൾ മരണപ്പെട്ടതെന്ന് കുടുംബം വ്യക്തമാക്കുന്നു. അൽഡർ ഹേയിൽ കേയ്റ്റിയെ ഓങ്കോളജിസ്റ്റ് മാത്രമായിരുന്ന ചികിത്സിച്ചത്. സാധാരണ ഇത്തരം കേസുകളിൽ ഇരു ഡിപ്പാർട്ട്മെന്റുകളും ചേർന്നുള്ള ചികിത്സാരീതിയാണ് നടപ്പിലാക്കുന്നത്. ഹെമറ്റോളജിസ്റ്റുകളെ റിക്രൂട്ട് ചെയ്യുന്നതിൽ ഉണ്ടാകുന്ന പിഴവാണ് ഇത്തരം മരണങ്ങൾക്ക് കാരണമാകുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥ വിലയിരുത്തി. ഇതുസംബന്ധിച്ച് ആരോഗ്യ സെക്രട്ടറിയുടെ ഭാഗത്തുനിന്ന് ഉടൻ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് താനെന്നും അവർ വ്യക്തമാക്കി.