കാനഡയില്‍ വ്യോമസേന വിമാനം തകര്‍ന്ന് വീണു. കൊറോണ വൈറസിനെതിരായ പോരാട്ടങ്ങള്‍ക്ക് ആദരവ് അര്‍പ്പിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വ്യോമസേനയുടെ സ്നോബേര്‍ഡ്‌സ് എയറോബാറ്റിക്‌സ് ടീമിന്റെ വിമാനമാണ് ബ്രിട്ടീഷ് കൊളംബിയയില്‍ തകര്‍ന്ന് വീണത്.

ഞായറാഴ്ച രാവിലെ മറ്റ് വിമാനങ്ങള്‍ക്കൊപ്പം കംപ്ലൂപ്സ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെ വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. വിമാനം ഇടിച്ചിറങ്ങുന്നതിന് മുമ്പ് തന്നെ പൈലറ്റിന് പുറത്ത് കടക്കാന്‍ സാധിച്ചുവെന്ന് ദൃക്സാക്ഷികളും കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് വിമാനം ഒരു വീടിന് മുകളില്‍ ഇടിച്ചിറങ്ങുകയായിരുന്നു.

റോയല്‍ കനേഡിയന്‍ എയര്‍ഫോഴ്സിന്റെ സ്നോബേര്‍ഡ്സ് വിമാനം കംലൂപ്സിന് സമീപം തകര്‍ന്നു വീണുവെന്ന് വിവരം ലഭിച്ചുവെന്ന് റോയല്‍ കനേഡിയന്‍ വ്യോമസേന ട്വീറ്റ് ചെയ്തു. ഇപ്പോള്‍ ഞങ്ങളുടെ മുന്‍ഗണന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ അറിയുന്നതിലും അവരെ പിന്തുണയ്ക്കുന്നതിലുമാണെന്നും അവര്‍ വ്യക്തമാക്കുകയും ചെയ്തു.