Association

പ്രവർത്തന മികവുകൊണ്ടും, അംഗബലം കൊണ്ടും യു. കെ. യിലെ പ്രാദേശിക മലയാളി സംഘടനകളുടെ മുൻനിരയിൽ സ്ഥാനം ഉള്ളതും, നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനുമായ ‘മാസ്സ് ‘ എന്ന് ചുരുക്കപ്പേരുള്ള മലയാളി അസോസിയേഷൻ സണ്ടർലാൻഡിന് വീണ്ടും പരിചയ സമ്പന്നരുടെ പുതുനേതൃത്വം തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.

2022 ജനുവരി 29 -നു ചേർന്ന ജനറൽ ബോഡി യോഗത്തിൽ ആണ്, സംഘടനയുടെ ദശവർഷക്കാലത്തിനിടയിൽ മുൻപ് മൂന്നുതവണ പ്രസിഡന്റ് പദം അലങ്കരിച്ച്, സംഘടനയെ ഉന്നതികളിലേക്ക് നയിച്ച റെജി തോമസിന്റെ തന്നെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയെ ഐകകണ്ഠേന തിരഞ്ഞെടുത്തത്. സെക്രട്ടറിയായി വിപിൻ വർഗീസിനെയും, ട്രഷറർ ആയി അരുൺ ജോളിയെയും, കമ്മിറ്റി അംഗങ്ങളായി ഷാജി ജോസിനെയും, മിസ്സ് ജോത്സ്ന ജോയിയേയും തിരഞ്ഞെടുത്തു. യുകെയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മയിൽ അംഗമായ മാസ്സ്, യുക്മ നാഷണൽ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമുള്ള യുക്മ പ്രതിനിധികളായി റെജി തോമസ്, വിപിൻ വർഗീസ്, ബൈജു ഫ്രാൻസീസ് എന്നിവരെയും തിരഞ്ഞെടുത്തു.

കോവിഡ് മഹാമാരി മൂലം പൊതുജീവിതത്തിന്റെ താളക്രമം തന്നെ മാറിപ്പോയ മലയാളി സമൂഹത്തെ വീണ്ടും കലാ-കായിക-സാംസ്കാരിക പൊതു പരിപാടികളിലേക്ക് ആകർഷിച്ച് സമൂഹത്തിന്റെ ഉന്നമനം സാദ്ധ്യമാക്കുക എന്ന കനത്ത ഉത്തരവാദിത്തമാണ് റെജി തോമസിന്റെ നേതൃത്വത്തിലുള്ള ഈ ഭരണസമിതിക്ക് സാദ്ധ്യമാക്കാനുള്ളത്. 2018-ലെ യുക്മ നാഷണൽ കായികമേളയിൽ, മാസ്സ് സണ്ടർലാൻഡിനെ ചാമ്പ്യൻ അസോസിയേഷൻ പദവിയിലേക്ക് നയിച്ച റെജി തോമസിന്റെയും കൂട്ടാളികളുടെയും ആദ്യ പ്രവർത്തന പരിപാടിയായി ഷട്ടിൽ ബാറ്റ്മിന്റൺ ഡബിൾസ് ടൂർണ്ണമെന്റ് നടത്താൻ തീരുമാനിക്കുകയായിരുന്നു. അതുപ്രകാരം ഏപ്രിൽ 9-ന് ഈ കായിക മാമാങ്കം അരങ്ങേറ്റുവാനുള്ള ക്രമീകരണങ്ങൾ ചെയ്തുതുടങ്ങി.

അസോസിയേഷൻ അംഗങ്ങളിൽ നിന്നും, മറ്റുള്ളവരിൽ നിന്നും അകമഴിഞ്ഞ പ്രോത്സാഹനമാണ് ഈ ഉദ്യമത്തിന് ലഭിച്ചിരിക്കുന്നത്. സണ്ടർലാൻഡ് യൂണിവേഴ്‌സിറ്റിയുടെ സിറ്റി സ്‌പേസ് സ്പോർട്ട്സ് ഹാളിൽ, ഒരേ സമയം ആറു കോർട്ടുകളിലായാണ് മത്സരങ്ങൾ അരങ്ങേറുന്നത്. ഒരു മുഴുവൻ ദിന പരിപാടിയായി ക്രമീകരണം ചെയ്തിരിക്കുന്ന ഈ മേളയിൽ പുരുഷന്മാർക്കും, സ്ത്രീകൾക്കും, യുവാക്കൾക്കും, കുട്ടികൾക്കുമായി ജൂനിയർ, സീനിയർ, അഡൾട്ട് എന്നീ ഗ്രൂപ്പുകളിൽ ആയിരിക്കും മത്സരങ്ങൾ അരങ്ങേറുന്നത്. യു കെയിലെ ഏതു മലയാളികൾക്കും സംഘടനയുടെയോ, ക്ലബ്ബുകളുടെയോ പേരിലോ വ്യക്തിപരമായോ മത്സരങ്ങളിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇതോടകം തന്നെ നിരവധി മത്സരാർത്ഥികൾ രജിസ്റ്റർ ചെയ്തിരിക്കുന്ന ഈ മത്സരത്തിൽ ഏതെങ്കിലും വിഭാഗത്തിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ വാർത്തയുടെ അവസാനമായി നൽകിയിരിക്കുന്ന സംഘാടകരുടെ ഫോൺ നമ്പറിൽ കോൺടാക്റ്റ് ചെയ്യാവുന്നതാണ്. ഏപ്രിൽ 3 ഞായറാഴ്ചയാണ് മത്സരങ്ങളിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി.

മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് ക്യാഷ് അവാർഡും, ട്രോഫികളും നൽകി ആദരിക്കുന്നതാണ്. ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ വിജയികൾക്ക് 100 പൗണ്ട് ക്യാഷ് അവാർഡും, റണ്ണർ അപ്പിന് 50 പൗണ്ട് ക്യാഷ് അവാർഡും ട്രോഫികളുമാണ് സമ്മാനമായി നൽകുന്നത്. അഡൾട്ട് വിഭാഗത്തിലെ വിജയികൾക്ക് 300 പൗണ്ട് ക്യാഷ് അവാർഡും, റണ്ണേഴ്‌സ് അപ്പിന് 200 പൗണ്ട് ക്യാഷ് അവാർഡും ട്രോഫികളുമാണ് നൽകുന്നത്. കൂടാതെ, അസ്സോസിയേഷനുകളെയോ ക്ളബ്ബുകളെയോ പ്രതിനിധീകരിച്ച് മത്സരങ്ങളിൽ ഏറ്റവും അധികം പോയന്റ് നേടുന്ന സംഘടനക്ക് ഓവറോൾ കിരീടം നൽകുന്നതും, മറ്റു പ്രോത്സാഹന സമ്മാനങ്ങൾ നൽകുന്നതും തീരുമാനമായിട്ടുണ്ട്. മത്സരങ്ങൾ രാവിലെ 9 മണിയോടെ ആരംഭിക്കുന്നതിനാണ് സംഘാടക സമിതിയുടെ തീരുമാനം. മത്സരത്തിന്റെ നിയമാവലി സംഘാടകസമിതിയുടെ പക്കൽ നിന്നും ലഭ്യമാണ്. ഓരോ മത്സരത്തിലും റഫറിയുടെ തീരുമാനം അന്തിമമായിരിക്കും.

ഒരു പൂർണ്ണദിന ഉല്ലാസപരിപാടിയായി സംവിധാനം ചെയ്തിട്ടുള്ള മത്സര സ്ഥലത്ത് കേരളത്തിന്റെ തനതു രുചിയിലുള്ള സ്വാദിഷ്ടമായ ഭക്ഷണങ്ങൾ ലഭിക്കുന്ന കൗണ്ടറുകളും, മറ്റ് ആഘോഷ അവസരങ്ങളും ഒരുക്കിയിട്ടുണ്ട്. കാലത്ത് 9 മണി മുതൽ ലഭ്യമാകുന്ന തരത്തിൽ ബ്രേക്ക്ഫാസ്റ് ലഞ്ച്, സ്നാക്ക്‌സ്, ശീതളപാനീയങ്ങൾ എന്നിവ മിതമായ വിലയ്ക്ക് ഫുഡ് കൗണ്ടറുകളിലൂടെ ലഭ്യമാണ്. മികവാർന്ന ഈ പരിപാടിയുടെ മുഖ്യ സ്പോൺസേഴ്‌സ് യു. കെ. യിലെ ആരോഗ്യ മേഖലയിലെ മലയാളി സംരംഭകരായ സിഗ്ന കെയർ ഗ്രൂപ്പും, സഹ സ്പോൺസർ ഔൾ ഫിനാൻസും ആണ്. യു. കെ. യിലെ പ്രമുഖ വ്യക്തികളും, സംഘടനാ സാരഥികളും, സാംസ്കാരിക നായകരും ക്ഷണിതാക്കളായുള്ള ഈ ബാറ്റ്മിന്റൺ മേളയിലേക്ക് എല്ലാവരെയും സാദരം ക്ഷണിക്കുന്നു.

മത്സരത്തിൽ പങ്കെടുക്കാനോ, ക്രമീകരണങ്ങളെക്കുറിച്ച് അറിയാനോ സംഘാടകരെ ബന്ധപ്പെടുന്നതിന് –
റെജി തോമസ് 07888895607
വിപിൻ വർഗീസ് 07552248419
ഷാജി ജോസ് 07832444411

 

ഉണ്ണികൃഷ്ണൻ ബാലൻ

യുകെയിലെ ഏറ്റവും വലിയ ഇടതുപക്ഷ പുരോഗമന കലാ സാംസ്കാരിക സംഘടനയായ സമീക്ഷ യുകെയുടെ വനിതാ വിഭാഗം സ്ത്രീ സമീക്ഷ കഴിഞ്ഞ ഞായറാഴ്ച മാർച്ച് 20 ന് ലോക വനിതാദിനം ആഘോഷിച്ചു. രാഷ്ട്രീയ കലാ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖർ സ്ത്രീ സമീക്ഷ സംഘടിപ്പിച്ച വെബ് നാറിൽ പങ്കെടുത്തു.. “സുസ്ഥിര നാളെക്കായി ഇന്ന് ലിംഗസമത്വം” എന്ന ഈ വർഷത്തെ അന്താരാഷ്ട്ര വനിതാദിനത്തിന്റെ വിഷയത്തെ ആസ്പദമാക്കിയാണ് സ്ത്രീ സമീക്ഷ വെബിമിനാർ സംഘടിപ്പിച്ചത് .

സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ വൈസ് പ്രസിഡന്റും കൂടിയായ സഖാവ് .സുഭാഷിണി അലി വെബിനാർ ഉത്‌ഘാടനം ചെയ്തു. സി പി എം കേന്ദ്രകമ്മിറ്റി അംഗവും സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറും ആയ സഖാവ്. പി. കെ. ശ്രീമതി ടീച്ചർ, പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയും ആയ മൃദുല ദേവി. മുതിർന്ന മാധ്യമ പ്രവർത്തക ശ്രീമതി. സ്മൃതി പരുത്തിക്കാട് , പ്രമുഖ തിരക്കഥാകൃത്തും സംവിധായകനും കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനുമായ രഞ്ജിത് ബാലകൃഷ്ണൻ തുടങ്ങിയവർ പരിപാടിയിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.

സമീക്ഷ യുകെ നാഷണൽ ജോയിൻ സെക്രട്ടറി ചിഞ്ചു സണ്ണി സ്വാഗതവും നാഷണൽ ട്രഷറർ രാജി രാജൻ പരിപാടിയിൽ പങ്കെടുത്ത ഏവർക്കും നന്ദിയും അറിയിച്ചു . യുവതയുടെ ശബ്ദമായി ആര്യ ജോഷിയും, ഇൻഷ വക്കുളങ്ങരയും സുസ്ഥിര നാളെക്കായി ഇന്ന് ലിംഗസമത്വം എന്ന വിഷയത്തെ കുറിച്ച് നടത്തിയ ചെറു പ്രഭാഷണങ്ങൾ ഇവർ നാളെയുടെ ശബ്ദമായി മാറും എന്ന് നിസ്സംശയം പറയാവുന്നവ ആയിരുന്നു. ശ്രീ സത്യനാരായണന്റെ വിപ്ലവഗാനത്തോടെ തുടങ്ങിയ ചടങ്ങ് കലാ പരിപാടികൾ കൊണ്ടും സമ്പന്നമായിരുന്നു. ആര്യ ശ്രീ ഭാസ്ക്കറിന്റെ ഗാനാലാപനവും അനുപമ ലാനിഷിൻറെ ശാസ്ത്രീയ നൃത്തവും പരിപാടിക്ക് പകിട്ടേകി. ഓൺലൈൻ ആയി നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. സ്ത്രീ സമീക്ഷയുടെ മുമ്പോട്ടുള്ള യാത്രയ്ക്ക് പരിപാടിയിൽ പങ്കെടുത്ത വിശിഷ്ട വ്യക്തികൾ എല്ലാവരും ആശംസയും പൂർണ്ണ പിന്തുണയും അറിയിച്ചു.

ഉണ്ണികൃഷ്ണൻ ബാലൻ

യു.കെ.യിലെ ഇടതു-പക്ഷ പുരോഗമന സാംസ്കാരിക സംഘടനയായ സമീക്ഷ അതുയർത്തിപ്പിടിക്കുന്ന ആശയങ്ങളോടും, പ്രവർത്തനങ്ങളോടും, നിലപാടുകളാടും ചേർന്നു നിൽക്കാനാഗ്രഹിക്കുന്ന ഏവരേയും സംഘടനയിലേക്ക് സ്വാഗതം ചെയ്തു കൊണ്ടുള്ള അംഗത്വ വിതരണ പ്രവർത്തനം യു.കെയിലുടനീളം ഓരോ ബ്രാഞ്ചുകളിലും നടന്നു വരികയാണ്. ഇതിൻ്റെ ഭാഗമായി മിഡ്ലാൻഡ് മേഖലയിലെ ബോസ്റ്റൺ ബ്രാഞ്ചിലും വിപുലമായ പരിപാടികളോടെ അംഗത്വ വിതരണത്തിനായി കുടുംബയോഗം സംഘടിപ്പിക്കുകയുണ്ടായി.

13/03/22 ന് ഞായറാഴ്ച 3 മണിക്ക് ‘ശ്രീപുരം’ബോസ്റ്റണിൽ നടന്ന കുടുബസംഗത്തിൽ ബോസ്റ്റണിലെ വിവിധ മേഖലകളിൽ നിന്നായി നിരവധി പേർ പങ്കെടുത്തു.ബ്രാഞ്ച് പ്രസിഡൻ്റ് സ.ഷാജി പി. മത്തായിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്രാഞ്ച് സെക്രട്ടറി സ.സന്തോഷ് ദേവസ്സി ഏവർക്കും സ്വാഗതമാശംസിച്ചു. മിഡ്ലാൻ ഏരിയാ സെക്രട്ടറിയും, lT Team അംഗവുമായ സ. പ്രവീൺ രാമചന്ദ്രൻ , ലോക കേരള സഭാംഗവും, സ്ത്രീ സമീക്ഷ കോർഡിനേറ്റും, സമീക്ഷ ദേശീയ സമിതി അംഗവുമായ സ. സ്വപ്നാ പ്രവീൺ എന്നിവർ മേൽക്കമ്മറ്റി പ്രതിനിധികളായി പങ്കെടുത്തു. എൻഎച്ച്എസ് സ്റ്റാഫ് ആയി അടുത്തിടെ ബോസ്റ്റണിൽ എത്തിച്ചേർന്ന കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയായ സ. ഐശ്വര്യ വിഷ്ണുവിന് ആദ്യ മെമ്പർഷിപ്പ് കൂപ്പൺ നൽകിക്കൊണ്ട് സ. പ്രവീൺ രാമചന്ദ്രൻ അംഗത്വവിതരണോദ്ഘാനം നിർവ്വഹിച്ചു.

ഇടതുപക്ഷ- പുരോഗമനാശയങ്ങൾ ജനങ്ങളിലെത്തിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും, സമീക്ഷ യു കെ യിൽ അംഗമാകുന്നതോടെ ഈ ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ ഓരോരുത്തരും സ്വയം പങ്കാളികളായി മാറുകയാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ സ. പ്രവീൺ ഓർമ്മിപ്പിച്ചു. സ്ത്രീ ശാക്തീകരണ പ്രവർത്തനത്തിൻ്റെ പ്രസക്തിയും പ്രാധാന്യവും തിരിച്ചറിഞ്ഞ് കൂടുതൽ സ്ത്രീകൾ സ്ത്രീ സമീക്ഷയിലേക്ക് കടന്നു വരണമെന്ന് സ. സ്വപ്നാ പ്രവീൺ തൻ്റെ ആശംസാ പ്രസംഗത്തൽ അഭ്യർത്ഥിച്ചു.

സമീക്ഷയുടെ മുൻകാല പ്രവർത്തനത്തെയും, ആശയപരമായ നിലപാടുകളെയും കുറിച്ച് അംഗങ്ങൾക്ക് വ്യക്തത നൽകുന്നതിനായി ദേശീയ സമ്മേളനത്തിൻ്റെ ഭാഗമായി ചിത്രീകരിച്ച ഒരു ഹ്രസ്വദൃശ്യാവിഷ്‌കാരം യോഗത്തിൽ പ്രദർശിപ്പിക്കുകയുണ്ടായി. സമീക്ഷയുടെ ആശയങ്ങളെ കുറിച്ചും, നിലപാടുകളെ കുറിച്ചും പ്രസക്തമായ ചോദ്യങ്ങളുന്നയിച്ച സ. നിധീഷ് പാലക്കൽ (ബ്രാഞ്ച് ട്രഷറർ), സ. നവീൻ എന്നിവർ ചോദ്യോത്തരവേളയെ ഏറെ സജീവമാക്കി.

സഖാക്കൾ വിഷ്ണുദാസ് , അനീഷ് ചന്ദ്, നിധീഷ് പാലക്കൽ എന്നിവരൊരുക്കിയ സംഗീത വിരുന്ന് ഏറെ ആസ്വാദ്യകരമായിരുന്നു ‘രുചികരമായ ഭക്ഷണമൊരുക്കിയ സഖാക്കൾ മയാ ഭാസ്കർ, സന്തോഷ് ദേവസ്സി, ഷാജി പി മത്തായി, നീതു നിധീഷ്, നിധീഷ് പാലക്കൽ എന്നിവരെ യോഗം പ്രത്യേകം അഭിനന്ദിച്ചു.
ദേശീയ വൈ. പ്രസിഡൻ്റ് സ.ഭാസ്കർ പുരയിലിൻ്റെ നന്ദി പ്രകടനത്തോടെ സമീക്ഷ ബോസ്റ്റൺ ബ്രാഞ്ചിൻ്റെ ഈ കാലയളവിലെ അംഗത്വ വിതരണ കുടുംബ സംഗമത്തിന് പരിസമാപ്തിയായി.

 

 

ഉണ്ണികൃഷ്ണൻ ബാലൻ

പുരോഗമന ആശയ ഗതികൾ ഉൾക്കൊള്ളുന്ന എല്ലാവരെയും ഒരേ കുടകീഴിൽ അണിനിരത്തുക എന്ന ഉദ്ദേശലക്ഷ്യത്തോടെ സമീക്ഷ യു കെ യുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിന് ഷെഫീല്‍ഡ് ബ്രാഞ്ചിൽ മികച്ച തുടക്കം. മാര്‍ച്ച് 13 ഞാറാഴ്ചയാണ് ഷെഫീൽഡ് ബ്രാഞ്ചിന്റെ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം നടന്നത് . ഉച്ചതിരിഞ്ഞു മൂന്ന് മണിക്ക് സെന്റ് പാട്രിക് കാത്തോലിക് വോളണ്ടറി അക്കാഡമിയില്‍ വെച്ച് നടന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയനില്‍ ബ്രാഞ്ച് മെമ്പര്‍മാർക്കൊപ്പം പുരോഗമന ആശയങ്ങൾ ഉൾകൊള്ളാൻ കഴിയുന്ന നിരവധിപേർ പങ്കെടുത്തു . ബ്രാഞ്ച് പ്രസിഡന്റ് സ. അരുൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എല്ലാവരെയും സ്വാഗതം ചെയ്തുകൊണ്ട് ബ്രാഞ്ച് സെക്രട്ടറി സ. ഷാജു ബേബി സംസാരിച്ചു. നാഷണല്‍ സെക്രട്ടറി സ .ദിനേശ് വെള്ളാപ്പള്ളിയാണ് ചടങ്ങ് ഉദ്‌ഘാടനം ചെയ്തത്……

 

സമീക്ഷ യുകെ കഴിഞ്ഞകാലങ്ങളിൽ നടത്തിയ ഒട്ടനവധി പ്രവർത്തനങ്ങളെക്കുറിച്ചു നാഷണല്‍ സെക്രട്ടറി പുതിയ അംഗങ്ങൾക്കായി വിശദീകരിച്ചു. കൂടാതെ നാഷണൽ സെക്രട്ടറിയേറ്റ് അംഗം സ. ജോഷി ഇറക്കത്തില്‍ ചടങ്ങിൽ ആശംസകള്‍ അര്‍പ്പിച്ചു.അതോടൊപ്പം സ. ജൂലി ജോഷി സ്ത്രീ സമീക്ഷയുടെ പ്രവർത്തനങ്ങളെകുറിച്ച് ചടങ്ങിൽ വിശദീകരിച്ചു. ഇത് ചടങ്ങിൽ പങ്കെടുത്ത വിദ്യാർഥിനികൾക്കും,വനിതകൾക്കും സ്ത്രീ സമീക്ഷയുടെ പ്രവർത്തങ്ങളിലേക്ക് കടന്നുവരാൻ പ്രചോദനമായി.

യുവതലമുറയുടെ വാഗ്ദാനമായ സഖാവ് ആര്യ ജോഷിക്ക് ആദ്യ മെമ്പർഷിപ്പ് കൈമാറികൊണ്ട് ബ്രാഞ്ചിന്റെ ക്യാമ്പയിൻ ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്‌തു .

നാട്ടിൽ നിന്നും മക്കൾക്കൊപ്പം കുറച്ചുകാലം ചിലവഴിക്കാൻ എത്തിയ ശ്രീ കുര്യാക്കോസ് &ശ്രീമതി വത്സമ്മ എന്നിവർ ചടങ്ങിൽ പങ്കെടുത്തത് ഏവർക്കും ആവേശം പകർന്നു. നാട്ടിൽ സിപിഎമ്മിന്റെ സജീവപ്രവർത്തകനായ അദ്ദേഹം,ഈ നാട്ടിലെ തിരക്കിട്ട ജീവിതത്തിനിടയിലും ഇടതുപക്ഷത്തിനൊപ്പം നിന്നുകൊണ്ട് ഇത്രയും പ്രവർത്തങ്ങൾ നടത്തുന്ന സമീക്ഷ പ്രവർത്തകരെ അഭിനന്ദിച്ചു. കൂടാതെ മെമ്പർഷിപ്പ്‌ ക്യാമ്പയിന് ശേഷം ഷെഫീല്‍ഡ് ബ്രാഞ്ചിലെ കലാകാരന്മാരുടെ ഗാന സന്ധ്യയും വിവിധ കലാപരിപാടികളും നടന്നു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും സഖാവ് സ്റ്റാന്‍ലി ജോസഫ് നന്ദി അർപ്പിച്ചു..

മലയാളി അസോസിയേഷൻ ക്രൂ (MAC) യുദ്ധക്കെടുതി യാൽ ബുദ്ധിമുട്ടുന്ന ഉക്രൈനിലെ ജനതയ്ക്ക് വേണ്ടി മലയാളി അസോസിയേഷൻ മെമ്പേഴ്സും ക്രൂ വിന്റെ പരിസര പ്രദേശങ്ങളിലും ഉള്ള മറ്റ് കമ്മ്യൂണിറ്റികളിൽ നിന്നും വൻ പ്രതികരണമാണ് ലഭിച്ചത്. ഉക്രൈനിലെ യുദ്ധ ബാധിതരായ കുടുംബങ്ങൾക്ക് വസ്ത്രങ്ങൾ, പ്രാഥമിക ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ, മരുന്നുകൾ , ബേബിഫുഡുകൾ, മറ്റ് കുട്ടികൾക്കായുള്ള സാധനങ്ങൾ തുടങ്ങിയവ സംഭാവനയായി നൽകാൻ മലയാളി അസോസിയേഷൻ ക്രൂന്റ (MAC) ഭാരവാഹികൾ അഭ്യർത്ഥിച്ചിരുന്നു.

സംഭാവനയായി ലഭിച്ച എല്ലാ സാധനങ്ങളും2022 മാർച്ച് 14 ന് ചെഷ്യർ ഈസ്റ്റ് കൗൺസിലിൽ രജിസ്റ്റർ ചെയ്ത ഏജൻസികൾക്ക് കൈമാറി. മലയാളി അസോസിയേഷൻ ക്രൂന്റ (MAC) ഈ അഭ്യർത്ഥനയോടെ അനുകൂലമായി പ്രതികരിച്ച എല്ലാവരോടും പ്രത്യേകിച്ച് സൈപ്രസ്സ് കോർട്ട് നേഴ്സിങ് ഹോം ക്രൂ വിലെ ജീവനക്കാർക്കും റസിഡൻസിനും അവരുടെ ഫാമിലിക്കും MAC ന്റ പ്രസിഡന്റ് ബിജോയ് തോമസ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ജിയോ ജോസഫ്

ലണ്ടൻ :വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ 2022-24 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോളി തടത്തിൽ ചെയർമാൻ l(ജർമ്മനി ), സുനിൽ ഫ്രാൻസിസ് വൈസ് ചെയർമാൻ (ജർമ്മനി ), ജോളി പടയാട്ടിൽ പ്രസിഡന്റ്‌ (ജർമ്മനി ), ബിജു ജോസഫ് ഇടക്കുന്നത്തു വൈസ് പ്രസിഡന്റ്‌ (ജർമ്മനി ), ബാബു തോട്ടാപ്പിള്ളി ജനറൽ സെക്രട്ടറി (യുകെ ),ഷൈബു ജോസഫ് കട്ടിക്കാട്ട് ട്രെഷറർ (അയർലണ്ട് ), എന്നിവരാണ് പുതിയ ഭാരവാഹികൾ.

മാർച്ച്‌ ആറിന് വൈകുന്നേരം വെർച്ചുൽ പ്ലാറ്റൂഫോമിൽ നടന്ന യോഗത്തിൽ വരണാധികാരിയായ മേഴ്‌സി തടത്തിലാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. തുടുർന്നു നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗ്ലോബൽ ജനറൽ സെക്രട്ടറി ഗ്രിഗറി മേടയിൽ (ജർമ്മനി ), പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി തടത്തിൽ അധ്യക്ഷത വഹിച്ചു. ഡബ്ലിയു എംസി യുകെ പ്രൊവിൻസ് ട്രെഷറർ ടാൻസി പാലാട്ടി പ്രാർത്ഥനാ ഗാനം ആലപിച്ചു. പ്രസിഡന്റ്‌ ജോളി പടയാട്ടിൽ സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി ബാബു തോട്ടാപ്പിള്ളി നന്ദി പറഞ്ഞു.

യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ പ്രൊവിൻസ് ഭാരവാഹികളായ ഗ്രിഗറി മേടയിൽ, ജോസ് കുമ്പുള്‌വേലിൽ, ബാബു ചെമ്പകത്തിനാൽ, ബിജു സെബാസ്റ്റ്യൻ, ദീപു ശ്രീധർ, സൈബിൻ പാലാട്ടി, ഡോ :ജിമ്മി മൊയ്‌ലാൻ, രാജു കുന്നക്കാട്ട്, ഡോ :ഗ്രേഷ്യസ്, ചിന്നു പടയാട്ടിൽ, സാറാമ്മ ജോസഫ് എന്നിവർ ആശംസകൾ നേർന്നു.

ഷൈബു ജോസഫ് കട്ടിക്കാട്ട് ഗാനം ആലപിച്ചു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഡോ :ഇബ്രാഹിം ഹാജിയുടെ അകാല വേർപാടിൽ യോഗം അനുശോചനം രേഖപ്പെടുത്തി.ഈ വർഷം ജൂൺ 23,24,25, തിയതികളിൽ ബഹറിനിൽ വച്ചു നടക്കുന്ന ഗ്ലോബൽ മീറ്റിൽ എല്ലാവരും തന്നെ പങ്കെടുക്കണമെന്ന ആഹ്വനത്തോടെ യോഗം അവസാനിച്ചു.

കൂടുതൽ വിവരങ്ങൾക്ക് യൂറോപ്പ് റീജിയൻ ജനറൽ സെക്രട്ടറി ബാബു തോട്ടാപ്പിള്ളിയുമായി ബന്ധപ്പെടുക.

ഫോൺ 00447577834404 അല്ലെങ്കിൽ
[email protected]

 

 

യുകെയിലെ പ്രമുഖ മലയാളി സംഘടന ഡോർസെറ്റ് കേരള കമ്മ്യൂണിറ്റിയുടെ പത്താംവാർഷികം ഈ വരുന്ന ശനിയാഴ്ച, മാർച്ച് പന്ത്രണ്ടാം തീയതി ഡോർസെറ്റിലെ പൂളിൽ “ദശപുഷ്‌പോത്സവം 2022” എന്നപേരിൽ അതിവിപുലമായ ആഘോഷിക്കുന്നു.

ഏഷ്യാനെറ്റ് യൂറോപ്പ് ഡയറക്ടർ ശ്രീകുമാർ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങ് യുക്മ നാഷണൽ സെക്രട്ടറി അലക്സ് വർഗീസ് ഉൽഘാടനം നിർവഹിക്കും.

ഓട്ടന്തുള്ളലും, ബോളിവുഡ് നൃത്തചുവടുകളും, കോമഡിഷോയും, നാടകവും, നാടൻ രുചിവൈവിധ്യങ്ങളും മുതൽ സെലിബ്രിറ്റികളെ അണിനിരത്തി അതിവിപുലമായ ആഘോഷപരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നതെന്ന് ഡോർസെറ്റ് കേരള കമ്മ്യൂണിറ്റി അധ്യക്ഷൻ ഷാജി തോമസ് അറിയിച്ചു.

കവൻട്രി കേരളാ കമ്മ്യൂണിറ്റിയും, കവൻട്രി ക്നാനായ യൂണിറ്റും, കവൻട്രി വാത്സ്ഗ്രേവ് സ്ക്കൂളും, എമ്മാവൂസ് കവൻട്രി ചർച്ചും സംയുക്തമായി ഒരാഴ്ചയ്ക്കുള്ളിൽ ശേഖരിച്ച് റെഡ് ക്രോസ്സിന് അയച്ച് കൊടുത്തത് രണ്ട് ടണ്ണിന് മുകളിൽ ഉള്ള ആവശ്യ സാധനങ്ങൾ.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് കയറ്റി അയച്ച സാധനങ്ങൾ ബുധനാഴ്ച ഉക്രെയ്നിൽ എത്തിയതായി റെഡ് ക്രോസ്സ് സ്ഥിരീകരിച്ചു എന്ന് കവൻട്രി കേരളാ കമ്മ്യൂണിറ്റിയുടെ പ്രസിഡന്റ് ശ്രീ ഷിൻസൺ മാത്യൂ അറിയിച്ചു.

മുകളിൽ പറഞ്ഞിരിക്കുന്ന സന്നദ്ധ സംഘടനകൾ എല്ലാവരും ചേർന്ന് ഒരാഴ്ചക്കുള്ളിൽ ഇത്രയും സാധനം എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കവൻട്രി കേരളാ കമ്മറ്റിയുടെ സെക്രട്ടറി ശ്രീ സെബാസ്റ്റ്യൻ ജോൺ അറിയിച്ചു.

കവന്‍ട്രി മലയാളി സമൂഹം നാലു ദിവസത്തെ യുക്രൈന്‍ സഹായ അപ്പീലില്‍ ഭക്ഷണവും വസ്ത്രങ്ങളും മരുന്നുകളും അടക്കം രണ്ട് ടണ്‍ സാധനങ്ങളാണ് സമാഹരിക്കപ്പെട്ടത്. യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഭക്ഷണവും വെള്ളവും മരുന്നുകളും ലഭിക്കാതെ വലയുന്ന ജനതയ്ക്ക് ആശ്വാസമേകാന്‍ സഹായങ്ങള്‍ ഏറ്റവും വേഗത്തില്‍ ലഭിക്കണം എന്നതിനാല്‍ ലഭ്യമായ വസ്തുക്കളുമായി ഞായറാഴ്ച തന്നെ ട്രക്കുകള്‍ പുറപ്പെടുകയും ബുധനാഴ്ച അത് യുക്രെയ്നിൽ ഉള്ള റെഡ് ക്രോസ്സ് സൊസൈറ്റിയിൽ എത്തുകയും ചെയ്തു.

കോവിഡിന്റെ പശ്ച്ചാത്തലത്തിലും ഓൺലൈനായും അല്ലാതെയും വിവിധതരം പരിപാടികളുമായി മുന്നോട്ട് വന്ന കവൻട്രി കേരളാ കമ്മ്യൂണിറ്റി പ്രദേശത്തെ എല്ലാ സന്നദ്ധ സംഘടനകളുമായി ചേർന്ന് യുക്രെയ്നിൽ കഴ്ടപ്പെടുന്നവർക്കായി യുകെയിൽ നിന്നും അവശ്യ സാധനങ്ങൾ ഏറ്റവും ആദ്യം എത്തിച്ച്
എല്ലാവർക്കും മാതൃകയായിരിക്കുകയാണ്.

സുജു ജോസഫ്

സാലിസ്ബറി: സാലിസ്ബറി മലയാളി അസ്സോസിയേഷൻ(എസ് എം എ) സംഘടിപ്പിക്കുന്ന സീന മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിക്കായുള്ള രണ്ടാമത് T12 ക്രിക്കറ്റ് ടൂർണ്ണമെന്റ് ജൂൺ രണ്ടിന്. യുകെയിലെ മികച്ച ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിലെ വിജയികൾക്ക് ക്യാഷ് പ്രൈസായി ആയിരം പൗണ്ടും സീന മെമ്മോറിയൽ എവർ റോളിങ് ട്രോഫിയും സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് അറുന്നൂറ് പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനമായി ലഭിക്കുക. ടീമുകൾക്കായുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി അരുൺ(07427473109) ജിനോയെസ്(07553219090) ജോൺ പോൾ(07459062227) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

തുടർച്ചയായി രണ്ടാം തവണയും സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണ്ണമെന്റ് ഡിവൈസിസിലെ വിശാലമായ ഡിവൈസസ് ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടിലാകും നടക്കുക. പന്ത്രണ്ട് വീതം ഓവറുകളിലായി രണ്ടു പിച്ചുകളിലായി നടക്കുന്ന മത്സരങ്ങൾ രാവിലെ ഒൻപത് മണിയോടെ തന്നെ ആരംഭിക്കും. ലോയൽറ്റി ഫിനാൻഷ്യൽ സർവീസസ്, ഏബിൾഡെയ്ൽ കെയർ തുടങ്ങിയ പ്രമുഖരാണ് ടൂർണമെന്റിന്റെ സ്‌പോൺസർമാർ. മിതമായ നിരക്കിൽ നാടൻ വിഭവങ്ങളോട് കൂടിയ ഭക്ഷണവും സംഘാടകർ ഒരുക്കുന്നുണ്ട്.

പ്രസിഡന്റ് ഷിബു ജോൺ, സെക്രട്ടറി ഡിനു ഓലിക്കൽ, ട്രഷറർ ഷാൽമോൻ പങ്കെത്, സ്പോർട്ട്സ് കോർഡിനേറ്റർ ജോൺ പോൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ടൂർണ്ണമെന്റിനായുള്ള മുന്നൊരുക്കങ്ങൾ നടക്കുന്നത്. സാലിസ്ബറി മലയാളി അസ്സോസിയേഷന്റെ സ്വന്തം ടീമായ എസ് എം എ ചലഞ്ചേഴ്‌സ്(സ്മാക്) ഇക്കുറിയും ടൂർണ്ണമെന്റിൽ മാറ്റുരയ്ക്കും. ക്യാപ്റ്റൻ അരുൺ കൃഷ്ണൻറെയും വൈസ് ക്യാപ്റ്റൻ എംപി പദ്മരാജിന്റെയും നേതൃത്വത്തിലാണ് സ്മാക് കളത്തിലിറങ്ങുന്നത്. അകാലത്തിൽ വിട്ടുപിരിഞ്ഞ എസ് എം എ മുൻ സെക്രട്ടറിയും അംഗവുമായിരുന്ന സീന ഷിബുവിന്റെ സ്മരണാർത്ഥമാണ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.

ഉണ്ണികൃഷ്ണൻ ബാലൻ

യുകെയിലെ ഇടതുപക്ഷ പുരോഗമന കലാസംസ്കാരിക സംഘടനയായ സമീക്ഷ യുകെയുടെ നേതൃത്വത്തിൽ ഈ വരുന്ന ഏപ്രിൽ മൂന്നിന് പ്രാവസ സദസ്സ് സംഘടിപ്പിക്കും. പ്രാവാസി കുടുംബങ്ങളിലും പൊതുസമൂഹത്തിലും കെ റെയിലിനെ കുറിച്ചു ഉയർന്നു വന്നിരിക്കുന്ന സംശയങ്ങളും ആശങ്കകളും പരിഹരിക്കുക എന്നതാണ് പരുപാടിയുടെ ലക്ഷ്യം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽതിന്നും ഉള്ള പ്രവാസി സംഘടനാ പ്രതിനിധികൾ പരുപാടിയിൽ പങ്കെടുക്കും. നാട്ടിൽ നിന്നും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ സംസാരിക്കുകയും ആശങ്കകൾക്ക് മറുപടി നൽകുകയും ചെയ്യും. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.

 

RECENT POSTS
Copyright © . All rights reserved