ഇന്ത്യയില്‍ നിന്നുള്ളവര് രാജ്യത്തേക്കു പ്രവേശിച്ചാല് ജയില്ശിക്ഷയും പിഴയും നേരിടേണ്ടി വരുമെന്നു പ്രഖ്യാപിച്ച ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട് മോറിസനെതിരെ രൂക്ഷ വിമര്ശനവുമായി ഓസീസ് താരവും ഐ.പി.എല് കമന്റേറ്ററുമായ മൈക്കല് സ്ലേറ്റര്. മനുഷ്യരാശി ബുദ്ധിമുട്ടു നേരിടുമ്പോള് പ്രധാനമന്ത്രിയുടെ ഈ നിലപാട് അംഗീകരിക്കാനാവുന്നതല്ലെന്ന് സ്ലേറ്റര് പറഞ്ഞു.
‘മനുഷ്യരാശി ബുദ്ധിമുട്ടു നേരിടുമ്പോള് പ്രധാനമന്ത്രിയുടെ നിലപാട് കൊള്ളാം. നിങ്ങളുടെ സ്വകാര്യ വിമാനമെടുത്ത് നിങ്ങള് ഇന്ത്യ സന്ദര്ശിക്കണം. തെരുവുകളില് മൃതശരീരങ്ങള് വീണു കിടക്കുന്നതു നിങ്ങള് കാണണം. ഇന്ത്യയിലെ സ്ഥിതി നിങ്ങള് മനസ്സിലാക്കണം’ ട്വിറ്ററിലൂടെ സ്ലേറ്റര് പറഞ്ഞു.
പതിനാലു ദിവസത്തിനുള്ളില് ഇന്ത്യ സന്ദര്ശിച്ചവര് മടങ്ങിയെത്തിയാല് അഞ്ചുവര്ഷത്തെ ജയില്ശിക്ഷ നല്കുമെന്നും മോറിസണ് അറിയിച്ചിരുന്നു. ജയില്ശിക്ഷയെന്നത് രാജ്യത്തിന്റെ താത്പര്യം കണക്കിലെടുത്താണെന്നും ഓസ്ട്രേലിയയില് കോവിഡ് മൂന്നാം തരംഗം ഉണ്ടാവാതിരിക്കാനാണ് കടുത്ത നടപടികളെന്നുമാണ് മോറിസണിന്റെ വിശദീകരണം.
ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്ക്ക് ഓസ്ട്രേലിയ നേരത്തെ വിലക്കേര്പ്പെടുത്തിയിരുന്നു. മൈക്കല് സ്ലേറ്റര് ഇതിനെതിരെ രൂക്ഷ വിമര്ശനവുമായി രംഗത്തെത്തിയിരുന്നു. അയാളുടെ ‘കൈകളില് രക്തക്കറയുണ്ട്’ എന്നായിരുന്നു സ്ലേറ്റര് പ്രധാനമന്ത്രിക്കെതിരെ പ്രതികരിച്ചത്. ‘അസംബന്ധം’ ആണെന്ന് മോറിസണ് അതിന് മറുപടി നല്കിയത്.
Amazing to smoke out the PM on a matter that is a human crisis. The panic, the fear of every Australian in India is real!! How about you take your private jet and come and witness dead bodies on the street!
— Michael Slater (@mj_slats) May 5, 2021
കാൻബറ: ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം സ്റ്റുവർട്ട് മക്ഗില്ലിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സിഡ്നിയിൽ നിന്നാണ് നാലംഗ സംഘത്തെ പോലീസ് പിടികൂടിയത്.
വടക്കൻ സിഡ്നിയിൽ വച്ച് ഏപ്രിൽ 14-നായിരുന്നു സംഭവം. മൂന്നംഗ സംഘം 50-കാരനായ മക്ഗില്ലിനെ വാഹനത്തിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഒരു മണിക്കൂർ വാഹനത്തിലിരുത്തി നഗരത്തിന്റെ പുറത്തെത്തിച്ച് തോക്കിൻ മുനയിൽ സംഘം മർദ്ദിച്ചുവെന്നും മോചനദ്രവ്യം ആവശ്യപ്പെട്ടുവെന്നും മഗിൽ പോലീസിന് മൊഴി നൽകിയിരുന്നു.
തുടർന്ന് പോലീസ് പ്രതികൾക്കായി തെരച്ചിൽ വരികയായിരുന്നു. മോചനദ്രവ്യം നൽകിയില്ലെന്നും പ്രതികൾ പണത്തിനായാണ് മക്ഗില്ലിനെ തട്ടിക്കൊണ്ടുപോയതെന്നും പോലീസ് വെളിപ്പെടുത്തി.
ഇന്ത്യയിൽ നിന്ന് തിരികെ വരുന്ന പൗരൻമാർക്ക് വിലക്കുമായി ഓസ്ട്രേലിയ. 14 ദിവസമെങ്കിലും ഇന്ത്യയിൽ ചിലവഴിച്ചവർ തൽക്കാലം ഓസ്ട്രേലിയയിലേക്ക് പ്രവേശിക്കേണ്ട എന്നാണ് സർക്കാർ തീരുമാനം. വിലക്ക് ലംഘിച്ചാൽ അഞ്ച് വർഷം വരെ തടവോ 66000ഡോളർ പിഴയോ ശിക്ഷയായി ലഭിക്കും.
കോവിഡ് രണ്ടാംതരംഗം ഇന്ത്യൽ അതിരൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഓസ്ട്രേലിയൻ സർക്കാരിന്റെ ഈ നീക്കം. പ്രവേശന വിലക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് ഓസ്ട്രേലിയ നേരത്തേ വിലക്ക് ഏർപ്പെടുത്തിയിരുന്നു. 9000 ത്തോളം ഓസ്ട്രേലിയൻ പൗരൻമാർ ഇന്ത്യയിലുണ്ടെന്നാണ് കണക്ക്. ഇവരിൽ 600 പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഐപിഎല്ലിന്റെ ഭാഗമായും ഓസീസ് താരങ്ങൾ രാജ്യത്തുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
7 ലക്ഷത്തിലധികം ഓക്സ്ഫോർഡ് വാക്സിൻ ബ്രിട്ടൻ ആസ്ട്രേലിയയിലേയ്ക്ക് രഹസ്യമായി നൽകി എന്ന വാർത്തകൾ പുറത്തുവന്നു. ഇന്ത്യയിൽ നിന്നും യൂറോപ്യൻ യൂണിയനിൽ നിന്നും വാക്സിൻെറ കയറ്റുമതി പ്രശ്നങ്ങൾ കാരണം ബ്രിട്ടനിലെ പ്രതിരോധ കുത്തിവെയ്പ്പുകളുടെ താളംതെറ്റുമോ എന്നത് രാജ്യത്ത് ചൂടുപിടിച്ച ചർച്ചയ്ക്ക് വിഷയമായിരുന്നു. രാജ്യത്ത് വാക്സിൻ ദൗർലഭ്യം ഉടലെടുത്തേക്കാനുള്ള സാധ്യതകൾ നിലനിൽക്കെ മറ്റൊരു രാജ്യത്തിന് വാക്സിൻ നൽകിയത് വൻ വിവാദങ്ങൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്. യുകെയിൽ ആഭ്യന്തര ഉത്പാദന ശേഷിയുണ്ടെങ്കിലും രാജ്യത്തിലെ പ്രതിരോധകുത്തിവെയ്പ്പ് മുന്നേറുന്നത് ഇന്ത്യയിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള ഇറക്കുമതിയെ ആശ്രയിച്ചാണ്.
എന്നാൽ ആസ്ട്രേലിയയിലേയ്ക്ക് വാക്സിൻ കയറ്റുമതി ചെയ്തത് ഒരിക്കലും യുകെയുടെ പ്രതിരോധ കുത്തിവെയ്പ്പിനെ ബാധിച്ചിട്ടില്ലെന്ന് വൈറ്റ് ഹാളിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ലോകത്തിലെതന്നെ ഏറ്റവും വേഗത്തിൽ ജനങ്ങൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്ന രാജ്യങ്ങളിലൊന്നാണ് യുകെ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിവാദ വിഷയത്തെക്കുറിച്ച് പരസ്യമായി പറയാൻ അധികാരമില്ലാത്തതിനാൽ പേര് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. ബ്രിട്ടൻ ഞങ്ങളെ വളരെയധികം സഹായിച്ചിട്ടുണ്ടെന്ന് ആസ്ട്രേലിയൻ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. ബ്രണ്ടൻ മർഫി കഴിഞ്ഞമാസം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു . പക്ഷേ അത് എങ്ങനെയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നില്ല.
ആസ്ട്രേലിയയിലെ കിഴക്കൻ തീരമായ ന്യൂ സൗത്ത് വെയിൽസിൽ കനത്ത മഴയെ തുടർന്ന് സിഡ്നിയിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നു. വെള്ളപ്പൊക്ക സാധ്യതയെ തുടർന്നാണ് ഒഴിപ്പിക്കൽ.
ന്യൂ സൗത്ത് വെയിൽസിലെ 12 പ്രദേശങ്ങളിൽ നിന്നാണ് ആളുകളെ ഒഴിപ്പിക്കുന്നത്. നദികളെല്ലാം കരകവിഞ്ഞൊഴുകി. വരും ദിവസങ്ങളിലും മഴ കനക്കുമെന്നാണ് വിവരം.
എമർജൻസി നമ്പറിലേക്ക് കഴിഞ്ഞദിവസം രാത്രി 600 ഓളം ഫോൺ വിളികൾ വന്നതായി അധികൃതർ അറിയിച്ചു. ഇതിൽ 60 എണ്ണം വെള്ളപ്പൊക്കത്തിൽനിന്ന് രക്ഷിക്കണമെന്ന് അഭ്യർഥിച്ചാണെന്നും നിരവധി പേരെ രക്ഷപ്പെടുത്തിയതായും അധികൃതർ കൂട്ടിച്ചേർത്തു.
താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം അടിച്ചുകയറുകയാണ്. നിരവധി വീടുകൾ നശിക്കുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു. റോഡ് ഗതാഗതം പൂർണമായി തടസപ്പെടുകയും േറാഡുകൾ തകരുകയും ചെയ്തു. താഴ്ന്ന പ്രദേശങ്ങളിലെ സ്കൂളുകൾ അടച്ചിട്ടു.
കനത്ത മഴ നാശം വിതക്കുന്നതോടെ സിഡ്നിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തടസപ്പെട്ടു. ആദ്യ ഘട്ട കോവിഡ് വാക്സിൻ വിതരണം നടന്നുകൊണ്ടിരിക്കെയാണ് വെള്ളെപ്പാക്കം വലക്കുന്നത്.
ഹോംസ്‌റ്റേ നടത്തുന്നതിനിടെ രണ്ടുദിവസത്തിനായി മാത്രം വന്നെത്തിയ ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡ്കാരി സഞ്ചാരി കെറി ബഡ്ഡ് തന്റെ ജീവിതസഖിയായ കഥ പറയുകയാണ് ആലപ്പുഴക്കാരൻ അഞ്ജു അഹം. ലോക്ക്ഡൗണിനും നാല് മാസം മുമ്പ് മാത്രം ആലപ്പുഴയിൽ ആരംഭിച്ച ഹോംസ്‌റ്റേയാണ് അഞ്ജു അഹം എന്ന 32കാരന്റെ ജീവിതം മാറ്റി മറിച്ചത്. കെറിയുമായി സൗഹൃദത്തിലാവുകയും പിന്നീട് പ്രണയത്തിലാവുകയും ഇപ്പോൾ വിവാഹത്തിലേക്ക് വരെ കാര്യങ്ങൾ എത്തിച്ചേർന്നതും ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്താണെന്ന് ഈ യുവാവ് പറയുന്നു.
അഞ്ജു അഹം ഫേസ്ബുക്കിൽ കുറിച്ച തന്റെ കഥ വൈറലാവുകയാണ് ഇപ്പോൾ. ഈ ഇന്ത്യൻ പ്രണയകഥ സോഷ്യൽമീഡിയ ഏറ്റെടുത്തുകഴിഞ്ഞു.
1999 ജനുവരി 22ന് ഒഡീഷയിലെ കിയോണ്‍ജാര്‍ ജില്ലയിലെ മനോഹര്‍പൂര്‍ ഗ്രാമത്തില്‍ തന്റെ വാഹനത്തില്‍ കിടന്നുറങ്ങുകയായിരുന്ന ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ മിഷണറി ഗ്രഹാം സ്റ്റുവര്‍ട്ട് സ്‌റ്റെയ്ന്‍സിനെയും അദ്ദേഹത്തിന്റെ രണ്ട് പുത്രന്മാരായ പത്തുവയസുകാരന്‍ ഫിലിപ്പിനെയും ആറു വയസുകാരന്‍ തിമോത്തിയെയും സംഘപരിവാര്‍ സംഘടനയായ ബജ്രംഗ് ദളുമായി ബന്ധമുള്ള സംഘം തീവെച്ചു കൊന്നു. ഗ്രഹാം സ്‌റ്റെയ്ന്‍സിനെയും അദ്ദേഹത്തിന്റെ പുത്രന്മാരെയും കൊലപ്പെടുത്തിയ സംഘത്തിന് നേതൃത്വം നല്‍കിയ ബജ്രംഗദള്‍ പ്രവര്‍ത്തകന്‍ ദാരസിംഗിന് 2003ല്‍ വിചാരണകോടതി വധശിക്ഷയ്ക്ക് വിധിച്ചു. മത, പൗര നേതാക്കന്മാരും രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും ഹിന്ദുത്വ ഭീകരര്‍ നടത്തിയ കൊലപാതകങ്ങളെ അപലപിച്ചു.
ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ടതിനും വിഭാഗീയ സംഘര്‍ഷങ്ങളെ രാഷ്ട്രീയ ലാഭങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനും അന്നത്തെ ഇന്ത്യന്‍ സര്‍ക്കാരിനെ യുഎസ് ആസ്ഥാനമായുള്ള ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് വിമര്‍ശിച്ചു. ‘ഹിന്ദു ദേശീയവാദികളായ’ ബിജെപി അധികാരത്തില്‍ വന്നതിന് ശേഷം ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമങ്ങള്‍ ‘ക്രമാതീതമായി’ വര്‍ദ്ധിച്ചുവെന്ന് സംഘടന ചൂണ്ടിക്കാട്ടി. അന്നത്തെ പ്രധാനമന്ത്രിയും ബിജെപി നേതാവുമായിരുന്ന അടല്‍ ബിഹാരി വാജ്‌പേയ് ‘ഭീബത്സമായ ആക്രമണത്തെ’ അപലപിക്കുകയും കൊലപാതകികളെ പിടികൂടുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു.
ക്യൂന്‍സ്ലാന്റിലെ പാംവുഡ്‌സില്‍ 1941ലാണ് സ്റ്റെയ്ന്‍സ് ജനിച്ചത്. 1965ല്‍ ഇന്ത്യ ആദ്യമായി ഇന്ത്യ സന്ദര്‍ശിച്ച അദ്ദേഹം ഇവാഞ്ചലിക്കല്‍ മിഷണറി സൊസൈറ്റി ഓഫ് മയൂര്‍ബനിയില്‍ (ഇഎംഎസ്എം) ചേരുകയും മിഷണറി പ്രവര്‍ത്തനങ്ങളുടെ ദീര്‍ഘ ചരിത്രമുള്ള അദ്ദേഹം ഈ പിന്നോക്ക ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. 1983ല്‍ അദ്ദേഹം ബരിപാഡയിലെ മിഷന്റെ നേതൃത്വം ഏറ്റെടുത്തു. 1982ല്‍, ഒരു രജിസ്‌ട്രേഡ് സൊസൈറ്റിയായി മയൂര്‍ബനി കുഷ്ഠരോഗ കേന്ദ്രം സ്ഥാപിക്കുന്നതിന് അദ്ദേഹം സഹായങ്ങള്‍ ചെയ്തു. കുഷ്ഠ രോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിനിടയില്‍ 1981ല്‍ അദ്ദേഹം ഗ്ലാഡിസ് ജെയ്‌നെ കണ്ടുമുട്ടുകയും 1983ല്‍ അവര്‍ വിവാഹിതരാവുകയും ചെയ്തു. അതിന് ശേഷം ഇരുവരും ഒരുമിച്ചാണ് പ്രവര്‍ത്തിച്ചുവന്നിരുന്നത്. രണ്ട് പുത്രന്മാരെ കൂടാതെ എസ്തര്‍ എന്ന ഒരു പുത്രി കൂടി അവര്‍ക്കുണ്ടായിരുന്നു.
കുഷ്ഠരോഗി കേന്ദ്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെങ്കിലും ബൈബിളിന്റെ ഒരു ഭാഗം ഹോ ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യുന്നതില്‍ അദ്ദേഹം പങ്കാളിയായി. പുതിയ നിയമത്തിന്റെ എഴുത്തുപതിപ്പ് മുഴുവന്‍ പ്രൂഫ് നോക്കിയതും അദ്ദേഹമായിരുന്നു. ഒഴുക്കോടെ ഒറിയ സംസാരിച്ചിരുന്ന അദ്ദേഹം, രോഗം ഭേദമായ ശേഷം അദ്ദേഹം സഹായിച്ചിരുന്ന രോഗകള്‍ക്ക് പ്രിയങ്കരനായിരുന്നു. നിരവധി ഹിന്ദുക്കള്‍ ക്രിസ്തീയ വിശ്വാസത്തിലേക്ക് സ്റ്റെയ്ന്‍സ് നിര്‍ബന്ധിച്ച് പരിവര്‍ത്തിപ്പിക്കുകയോ പുതിയ മതം സ്വീകരിക്കാന്‍ പ്രലോഭിക്കുകയോ ചെയ്തതായി ഹിന്ദു സംഘടനകള്‍ ആരോപിച്ചിരുന്നു.
1999 ജനുവരി 22ന് രാത്രി, പ്രദേശത്തെ ക്രിസ്ത്യാനികളുടെ മത, സാമൂഹിക സംവാദങ്ങള്‍ക്കായുള്ള ഒരു വാര്‍ഷീക വനയോഗത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. ഒഡിഷയിലെ ആദിവാസി കേന്ദ്രീകൃത ജില്ലകളായ മയൂര്‍ബഞ്ച്, കിയോണ്‍ജാര്‍ ജില്ലകളുടെ അതിര്‍ത്തിയിലുള്ള ഒരു ഗ്രാമത്തിലാണ് സമ്മേളനം നടന്നത്. ഊട്ടിയിലെ സ്‌കൂളില്‍ നിന്നും അവധിക്കാലം ചിലവഴിക്കാനെത്തിയ തന്റെ ആണ്‍മക്കളോടൊപ്പം കിയോണ്‍ജാറിലേക്കുള്ള യാത്രയിലായിരുന്നു അവര്‍. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി അവര്‍ യാത്ര ഇടയ്ക്കുവച്ചു നിറുത്തുകയും മനോഹര്‍പൂരില്‍ രാത്രി വിശ്രമിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. കടുത്ത തണുപ്പിനെ തുടര്‍ന്ന് അവര്‍ വാഹനത്തില്‍ കിടന്നുറങ്ങി. അദ്ദേഹത്തിന്റെ ഭാര്യയും മകളും ബാരിപഡയിലായിരുന്നു. കോടാലിയും മറ്റ് പണിയായുധങ്ങളുമായി 50 പേര്‍ വരുന്ന ഒരു സംഘം ഗാഢനിദ്രയിലായിരുന്ന സ്റ്റെയ്ന്‍സും മക്കളും ഉറങ്ങിയിരുന്ന വാഹനം ആക്രമിക്കുകയും അതിന് തീവെക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗ്രഹാമിനെയും ഫിലിപ്പിനെയും തിമോത്തിയെയും ജീവനോടെ ചുട്ടുകൊല്ലുകയായിരുന്നു. സ്‌റ്റെയ്ന്‍സും മക്കളും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ജനക്കൂട്ടം അതനുവദിച്ചില്ല.
ഗുണ്ടകളുടെ തലവനായ ദാരസിംഗിനെ ഭുവനേശ്വറിലെ വിചാരണ കോടതി സ്‌റ്റെയ്ന്‍സിനെയും മക്കളെയും കൊന്ന കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിച്ചു. 2005ല്‍, ഒഡിഷ ഹൈക്കോടതി ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു. 2011 ജനുവരി 21ന്, ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. 2004 ല്‍, ഓസ്‌ട്രേലിയയിലേക്ക് മടങ്ങിപോകും വരെ, സ്‌റ്റെയ്ന്‍സിന്റെ ഭാര്യ ഗ്ലാഡിസ് കുഷ്ഠരോഗികളുടെ ശിശ്രൂഷയുമായി ഇന്ത്യയില്‍ തന്നെ തുടര്‍ന്നു. ഒഡിഷയിലെ കുഷ്ഠരോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചതിനുള്ള അംഗീകാരം എന്ന നിലയില്‍ ഇന്ത്യയിലെ നാലാമത്തെ പരമോന്നത് സിവിലിയന്‍ ബഹുമതിയായ പത്മശ്രീ നല്‍കി ഇന്ത്യ 2005ല്‍ ഗ്ലാഡിസിനെ ആദരിച്ചു. 2016ല്‍, സാമൂഹിക നീതിക്കായുള്ള അന്താരാഷ്ട്ര മദര്‍ തെരേസ മെമ്മോറിയല്‍ അവാര്‍ഡ് അവര്‍ക്ക് സമ്മാനിക്കപ്പെട്ടു.
2020 ഡിസംബർ 26 നാണ് ഓസ്ട്രേലിയയിലെ മെൽബണിലുള്ള കെവിൻ സെല്ലി എന്നയാളുടെ വീടിന്റെ പുറകിൽ അപരിചതനായ ഒരു പ്രാവിനെ കണ്ടെത്തുന്നത്. കാലിൽ കെട്ടിയെ ബാൻഡിൽ നിന്നും പ്രാവ് പറത്തൽ മത്സരത്തിൽ പങ്കെടുത്തയാളാണെന്ന് മനസ്സിലായി. പക്ഷേ, മത്സരം നടന്നത് ഓസ്ട്രേലിയയിലല്ല, 13000 കിലോമീറ്റർ ദൂരെയുള്ള യുഎസിലെ യുഎസ്സിലെ ഒറിഗോണിലാണ്.
മത്സരത്തിനിടയിൽ നിന്നും എങ്ങനെയൊക്കെയോ ജോ എന്ന പ്രാവ് ഓസ്ട്രേലിയയിൽ എത്തുകയായിരുന്നു. എന്തായാലും ഒരു പ്രാവ് 13000 കിലോമീറ്റർ താണ്ടി എത്തിയത് ഓസ്ട്രേലിയൻ അധികൃതർ അത്ര നിസ്സാരമായിട്ടല്ല കണ്ടത്. കൂടുതൽ അന്വേഷണം നടത്താൻ തീരുമാനിച്ചു. പ്രാവിന്റെ കാലിലുള്ള ബാൻഡ് വ്യാജമാണെന്ന് കൂടി കണ്ടെത്തിയതോടെ അധികൃതരുടെ സംശയം ബലപ്പെട്ടു. യുഎസ് ബേർഡ് ഓർഗനൈസേഷനാണ് ബാൻഡ് വ്യാജമാണെന്ന് സ്ഥിരീകരിച്ചത്.
പ്രാവിനെ വീടിന്റെ പിന്നാമ്പുറത്തു നിന്നും കണ്ടെത്തുമ്പോൾ അവശനിലയിലായിരുന്നുവെന്ന് കെവിൻ സെല്ലി പറയുന്നു. അലബാമയിലുള്ള ആളാണ് പ്രാവിന്റെ ഉടമ എന്നും കെവിൻ പറഞ്ഞിരുന്നു.
പക്ഷിപ്പനി ഭീതിയടക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ പുറത്തു നിന്ന് പക്ഷികൾക്ക് കർശന നിയന്ത്രണമുള്ള രാജ്യമാണ് ഓസ്ട്രേലിയ. വിദേശത്തു നിന്നെത്തിയ പ്രാവിൽ അപകടകാരികളായ വൈറസോ രോഗമോ ഉണ്ടാകാൻ സാധ്യതയുണ്ടെന്നതിനാൽ ജോയെ കൊന്നു കളയണമെന്നായിരുന്നു അധികൃതരുടെ തീരുമാനം. ഇതിനിടയിൽ യുഎസിൽ നിന്നും പറന്നെത്തിയ അതിഥിയുടെ വാർത്ത ഓസ്ട്രേലിയയും കടന്ന് ആഗോളതലത്തിൽ ചർച്ചയായിരുന്നു. പ്രാവിനെ കൊല്ലാൻ തീരുമാനിച്ച നടപടിയും ഇതോടെ വിവാദത്തിലായി.
13,000 കിലോമീറ്റർ ദൂരം പറന്ന് പ്രാവ് എത്തിയതാകാമെന്ന തീയറിയും അധികൃതർ വിശ്വസിക്കുന്നില്ല. ചരക്കുകപ്പലിലോ മറ്റോ ആയിരിക്കും ദൂരത്തിൽ ഭൂരിഭാഗവും താണ്ടിയതെന്നാണ് നിഗമനം.
എന്തായാലും പ്രാവിനെ കൊല്ലാനുള്ള തീരുമാനത്തിന് എതിരെ വിവിധ സംഘടനകളും രംഗത്തെത്തി. ജോ എന്ന പ്രാവിന്റെ രക്ഷകനായി ആദ്യം എത്തിയത് അമേരിക്കൻ പീജിയൻ റേസിങ് യൂണിയൻ തന്നെയാണ്. കാലിലെ ബാൻഡ് കണ്ട് അമേരിക്കക്കാരനാണെന്ന് സ്ഥിരീകരിക്കേണ്ടതില്ലെന്നാണ് പീജിയൻ റേസിങ് യൂണിയൻ പറയുന്നത്. ജോ ഓസ്ട്രേലിയക്കാരനാകാനാണ് സാധ്യതയെന്നും ഇവർ പറയുന്നു.
മെൽബണിലെ പ്രാവ് സംരക്ഷണ സംഘം പറയുന്നത് പ്രകാരം ഇ-ബേ വഴി എളുപ്പത്തിൽ എവിടെയും ലഭിക്കാവുന്ന മോതിരമാണ് പ്രാവിന്റെ കാലിലുള്ളതെന്നാണ്. അതിനാൽ തന്നെ അതിർത്തി കടന്നെത്തി എന്ന ഒറ്റക്കാരണത്താൽ ജോയുടെ ജീവൻ എടുക്കേണ്ടതില്ലെന്നും പറയുന്നു.
ഒരു പ്രാവ് രാജ്യത്തെ പക്ഷികൾക്കും ഇറച്ചിക്കോഴി വ്യവസായത്തിനും കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്നാണ് ഓസ്ട്രേലിയയിലെ അഗ്രികൾച്ചറൽ ഡിപ്പാർട്മെന്റ് പറയുന്നത്.
ട്രെയിനില്‍ യാത്ര ചെയ്യവേ ഫോണില്‍ ഹിന്ദി സംസാരിച്ചതിന്റെ പേരില്‍ യുവാവിനോടു തട്ടിക്കയറിയ യുവതിയ്ക്ക് ഒടുവില്‍ കിട്ടിയത് എട്ടിന്റെ പണി. ന്യൂസിലന്‍ഡിലെ വെല്ലിംഗ്ടണിലാണ് സംഭവം. ഫോണില്‍ ഹിന്ദി സംസാരിച്ചതിന്റെ പേരില്‍ ഇന്ത്യക്കാരനായ യുവാവിനോട് ന്യൂസിലന്‍ഡുകാരിയായ പതിനാറുകാരി തട്ടിക്കയറുകയായിരുന്നു. ഇവിടെ നിങ്ങളുടെ ഭാഷ സംസാരിക്കാന്‍ ആണെങ്കില്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകണം എന്നായിരുന്നു പെണ്‍കുട്ടി പറഞ്ഞത്.
സംഭവം ശ്രദ്ധയില്‍ പെട്ട ടിക്കറ്റ് എക്സാമിനര്‍ എത്തുകയും കാര്യങ്ങള്‍ തിരക്കുകയും ചെയ്തു. ഇയാളെ ട്രെയിനില്‍ നിന്നും ഇറക്കി വിടണം രാജ്യം കടത്തണം എന്നൊക്കെ പ്രതികരിച്ചപ്പോള്‍ എല്ലാം കേട്ടു നില്‍ക്കുകയല്ലാതെ മറുപടി പറയാതെ നില്‍ക്കുകയായിരുന്നു യുവാവ്. എന്നാല്‍ സംഭവത്തില്‍ ട്വിസ്റ്റ് മറ്റൊന്നായിരുന്നു.യുവാവിനോട് ഇരുന്നോളാൻ പറഞ്ഞ ശേഷം പെണ്‍കുട്ടിയോട് ടിടി ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ പറഞ്ഞു. സഹയാത്രികരോട് മാന്യമായി പെരുമാറാന്‍ സാധിക്കുന്നില്ലെങ്കില്‍ ട്രെയിനില്‍ നിന്നും ഇറങ്ങണമെന്ന് പറഞ്ഞ ടിടിയോടും പെണ്‍കുട്ടി തട്ടിക്കയറി. ഇതോടെ ട്രയെിനില്‍ നിന്നും ഇറങ്ങണമെന്ന കര്‍ശന നിലപാട് സ്വീകരിക്കുകയായിരുന്നു ജെ ജെ ഫിലിപ്പ് എന്ന ടിടിഇ. പെണ്‍കുട്ടി ട്രെയിനില്‍ നിന്നും ഇറങ്ങാനോ ക്ഷമാപണം നടത്താനോ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഏകദേശം ഇരുപത് മിനിറ്റോളം ആണ് ട്രെയിന്‍ നിര്‍ത്തിയിട്ടത്.
ടിടിഇ നിലപാടില്‍ നിന്ന് മാറില്ലെന്ന് വ്യക്തമായതോടെ പെണ്‍കുട്ടി ട്രെയ്‌നില്‍ നിന്നും ഇറങ്ങുകയായിരുന്നു. രൂക്ഷമായ ഭാഷയില്‍ പെണ്‍കുട്ടി യുവാവിനെ അസംബന്ധം പറഞ്ഞതോടെയാണ് ശക്തമായ നിലപാട് സ്വീകരിച്ചതെന്ന് ടിടിഇ പിന്നീട് വ്യക്തമാക്കി.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
ഫലപ്രദവും സുരക്ഷിതവുമായുള്ള വാക്സിന് വേണ്ടിയുള്ള പരീക്ഷണങ്ങൾ ലോകമെങ്ങും പുരോഗമിക്കുകയാണ്. ഓസ്‌ട്രേലിയിൽ വികസിപ്പിച്ച കോവിഡ് വാക്സിൻെറ ഫലപ്രാപ്തിയെ കുറിച്ചുള്ള ശുഭ സൂചനകൾ പുറത്തുവന്നു. ഫൈസറിൻെറ കോവിഡ് വാക്‌സിൻ 90 ശതമാനം ആളുകളിലും ഫലപ്രദമാണെന്നുള്ള വാർത്തകൾ കഴിഞ്ഞ തിങ്കളാഴ്ച ലോകമെങ്ങും വൻ മാധ്യമശ്രദ്ധ നേടിയിരുന്നു. ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റി ആയ യൂണിവേഴ്സിറ്റി ഓഫ് ക്യൂൻസ് ലാൻഡ് വികസിപ്പിച്ച വാക്‌സിൻ പ്രായമായവരിലും ഗർഭിണികളിലും ഫൈസറിൻെറ വാക്സിനുകളെക്കാളും കൂടുതൽ ഫലപ്രദമാണെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ.
പ്രതീക്ഷിച്ചതിലും നേരത്തെ പരീക്ഷണങ്ങൾ പൂർത്തിയാക്കിയ വാക്സിൻ വിജയകരമാണെന്ന് പ്രഖ്യാപിച്ചത് ഓസ്ട്രേലിയൻ ഹെൽത്ത് മിനിസ്റ്റർ ഗ്രെഗ് ഹണ്ട് ആണ്. കൊറോണ വൈറസിനെതിരെ പോസിറ്റീവ് ആൻറിബോഡി ഉത്പാദിപ്പിക്കുന്നതിൽ വാക്സിൻ വിജയം കണ്ടു എന്ന് അദ്ദേഹം പറഞ്ഞു. അടുത്തവർഷം തന്നെ സാധ്യമായ എല്ലാവർക്കും വാക്സിൻ ലഭ്യമാക്കാനാണ് ഓസ്ട്രേലിയ ലക്ഷ്യമിടുന്നത്. 10 മില്യൺ ഡോസ് ഫൈസർ വാക്സിനായും ഓസ്ട്രേലിയ കരാർ ഉറപ്പിച്ചിട്ടുണ്ട്.
ഇതിനിടെ യുകെയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് 9 ദിനങ്ങൾ പിന്നിട്ടിട്ടും കോവിഡ് ബാധിച്ചവരുടെ എണ്ണത്തിലെ കുതിപ്പ് തുടരുകയാണ്. ഇന്നലെ മാത്രം യുകെയിൽ 33470 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം യുകെയിൽ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കൂടിയ നിരക്കാണ് ഇന്നലത്തേത്. ഇത് കൂടി ഉൾപ്പെടുത്തി രാജ്യത്താകമാനം ഇതുവരെ 1.29 ദശലക്ഷം പേർക്കാണ് കോവിഡ് ബാധിച്ചത്. കോവിഡ് വ്യാപനത്തിന് കുറവുണ്ടാകാത്ത പശ്ചാത്തലത്തിൽ ജനങ്ങൾ കൂടുതൽ മുൻകരുതലുകൾ കൈക്കൊള്ളണമെന്നും കോവിഡ് -19 പ്രോട്ടോകോൾ പാലിക്കണമെന്നും ആരോഗ്യ മേഖലയിൽ ഉള്ളവർ ആവശ്യപ്പെടുന്നു. കഴിഞ്ഞ ബുധനാഴ്ച യൂറോപ്പിൽ ആദ്യമായി കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 50,000 പിന്നിട്ട രാജ്യമായി ബ്രിട്ടൻ മാറിയിരുന്നു. ഇന്ത്യ, അമേരിക്ക, ബ്രസീൽ, മെക്സിക്കോ എന്നിവയാണ് മരണസംഖ്യ 50,000 കടന്ന മറ്റ് രാജ്യങ്ങൾ.