ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ ഇനിമുതൽ നേഴ്സ് എന്ന പദവി ആർക്കൊക്കെ ഉപയോഗിക്കാം എന്നതിന് പുതിയ നിർവചനം ഉണ്ടാകുമെന്ന വാർത്തകളാണ് പുറത്തു വരുന്നത്. ചൊവ്വാഴ്ച ഈ വിഷയത്തിൽ പാർലമെൻറിൽ ഒരു സുപ്രധാന നിയമ നിർമ്മാണ നിർദേശം സമർപ്പിക്കപ്പെടും. എംപിയായ ഡോൺ ബട്ട്‌ലർ അവതരിപ്പിക്കുന്ന സ്വകാര്യ ബിൽ നേഴ്സ് എന്ന തലക്കെട്ട് സംരക്ഷിക്കാൻ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ്.
സ്വകാര്യ ബിൽ നിയമമാകുകയാണെങ്കിൽ നേഴ്‌സിംഗ് ആൻ്റ് മിഡ്‌വൈഫറി കൗൺസിലിൽ (എൻഎംസി) രജിസ്റ്റർ ചെയ്ത വ്യക്തികൾക്ക് മാത്രമേ നേഴ്സ് എന്ന തൊഴിൽനാമത്തിൽ അറിയപ്പെടാൻ അർഹത ഉണ്ടായിരിക്കുകയുള്ളൂ. ആരോഗ്യ, സാമൂഹിക പരിപാലന രംഗത്ത് പ്രവർത്തിക്കുന്ന നിരവധി പേർ നേഴ്സ് എന്ന തൊഴിൽനാമം ഉപയോഗിക്കുന്നതിന് നിയമം തടസ്സമാകും. ആന്താരാഷ്ട്ര തലത്തിലുള്ള നിയന്ത്രണങ്ങൾ യുകെയിലെ നേഴ്സ് മേഖലയിൽ നടപ്പിൽ വരുത്തുന്നതിനുള്ള മികച്ച തുടക്കമാണ് ബില്ലിന്റെ അവതരണം എന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രൊഫഷണലായി രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് നേഴ്‌സ് എന്ന പേര് പരിമിതപ്പെടുത്തുന്നതിലൂടെ രോഗികളുടെ സുരക്ഷയും ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവരിൽ പൊതുജനങ്ങൾക്ക് ഉള്ള വിശ്വാസവും ഊട്ടി ഉറപ്പിക്കുന്നതിന് പ്രയോജനപ്പെടുമെന്നാണ് ബില്ലിനെ കുറിച്ച് ഉയർന്നു വന്നിരിക്കുന്ന അഭിപ്രായം. ബില്ലിന് റോയൽ കോളേജ് ഓഫ് നേഴ്സിംഗ് ശക്തമായ പിന്തുണ അറിയിച്ചു കഴിഞ്ഞു . നേഴ്‌സിംഗ് തൊഴിലിനെ ബഹുമാനിക്കേണ്ടതിൻ്റെ പ്രാധാന്യം ഊന്നി പറഞ്ഞുകൊണ്ട് ഈ ക്യാമ്പെയ്‌നെ പിന്തുണയ്ക്കാൻ സർക്കാരിനോടും എല്ലാ രാഷ്ട്രീയ പാർട്ടികളോടും ആർസിഎൻ അഭ്യർത്ഥിച്ചു . 2022 ലെ ആർസിഎൻ കോൺഗ്രസിൽ പാസാക്കിയ ഒരു പ്രധാന പ്രമേയമാണ് “നഴ്‌സ്” എന്ന പദവിയുടെ സംരക്ഷണം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജർമ്മൻ ബഹിരാകാശ പേടക കമ്പനിയായ റോക്കറ്റ് ഫാക്ടറി ഓഗ്സ്ബർഗിൽ (ആർഎഫ്എ) യുകെയിലെ ഷെറ്റ്ലൻഡിലുള്ള സാക്സവോർഡ് സ്‌പേസ്‌പോർട്ടിൽ നടത്തിയ വിക്ഷേപണ പരീക്ഷണത്തിനിടെ സ്‌ഫോടനം. പരീക്ഷണത്തിൽ യുകെയുടെ ആദ്യത്തെ ലംബ റോക്കറ്റ് വിക്ഷേപണത്തിന് തയ്യാറെടുക്കാനുള്ള ആർഎഫ്എ യുടെ ശ്രമങ്ങളുടെ ഭാഗമായി ഒമ്പത് എഞ്ചിൻ ട്രയൽ ഉൾപ്പെട്ടിരുന്നു. പൊട്ടിത്തെറിയിൽ ആർക്കും പരുക്കുകൾ ഇല്ല. അപകടത്തിൽ ലോഞ്ച് പാഡിന് കേടുപാടുകൾ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്നും എത്രയും വേഗം പതിവ് പ്രവർത്തനങ്ങൾ പുനരാരംഭിക്കാനാണ് തങ്ങളുടെ ലക്ഷ്യമെന്നും ആർഎഫ്എ പ്രതികരിച്ചു. വിക്ഷേപണം പരാജയപ്പെട്ടതിൻെറ കാരണം നിർണ്ണയിക്കാൻ ഒരു സ്‌പേസ്‌പോർട്ടും അധികാരികളും ചേർന്ന് പ്രവർത്തിക്കുകയാണ്. എത്രയും പെട്ടെന്ന് പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തിക്കാനാണ് കമ്പനിയുടെ ശ്രമം. മൂന്ന് മാസം മുമ്പ് വിജയകരമായ ഒരു റോക്കറ്റ് പരീക്ഷണം ആർ എഫ് എ ഇവിടെ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എട്ട് സെക്കൻഡ് എഞ്ചിൻ ഫയറിംഗ് നടത്താൻ കമ്പനി തയാറായത്.
650 ഓളം നിവാസികളുള്ള ബ്രിട്ടീഷ് ദ്വീപുകളുടെ ഏറ്റവും വടക്കേ അറ്റമായ അൺസ്റ്റ്, ഇപ്പോൾ റോക്കറ്റ് വിക്ഷേപണങ്ങളുടെ പ്രധാന സ്ഥലമായി മാറിയിരിക്കുകയാണ്. ദ്വീപിൻ്റെ സ്ഥാനം റോക്കറ്റുകളെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ പറക്കുന്നത് ഒഴിവാക്കാൻ അനുവദിക്കുന്നു. യുകെ സിവിൽ ഏവിയേഷൻ അതോറിറ്റി അടുത്തിടെ ബഹിരാകാശ വിക്ഷേപണങ്ങൾക്കായി അൺസ്റ്റ് അംഗീകരിച്ചിരുന്നു.
ചെംസ്ഫോർഡ്: ചെംസ്ഫോർഡിലെ ആദ്യകാല മലയാളികളിൽ ഒരാളായ കുറ്റിക്കാട്ടിൽ ജേക്കബ് കുര്യൻ (53) നിര്യാതനായി. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ക്യാൻസർ ചികിത്സയിൽ ഇരിക്കെയാണ് മരണം എന്നാണ് അറിയുന്നത്. ഭാര്യയും മൂന്ന് കുട്ടികളും ഉൾപ്പെടുന്നതാണ് പരേതന്റെ കുടുംബം.
ശവസംസ്‌കാര വിവരങ്ങൾ ഒന്നും അറിവായിട്ടില്ല. ഫ്യൂണറൽ ഡിറക്ടർസ് ഏറ്റെടുത്തിരിക്കുന്നതിനാൽ പിന്നീട് മാത്രമേ കൂടുതൽ വിവരങ്ങൾ അറിവാകുകയുള്ളു. ജേക്കബ് കുര്യന്റെ ആകസ്മിക വേർപാടിൽ പരേതന് മലയാളം യുകെയുടെ ആദരാഞ്ജലികൾ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചെസ്റ്ററിലെ കൗണ്ടസ് ഓഫ് ചെസ്റ്ററിൽ ക്യാൻസർ ബാധിതനായി ചികിത്സയിൽ കഴിഞ്ഞിരുന്ന സച്ചിൻ സാബു (30) നിര്യാതനായി. ചെസ്റ്ററിൽ കെയർ അസിസ്റ്റന്റായി ജോലി ചെയ്തു വരവെയാണ് സച്ചിന് രോഗം സ്ഥിരീകരിച്ചത്. സച്ചിൻ യുകെയിൽ എത്തിയിട്ട് അധിക നാളായിട്ടില്ല. ഭാര്യയും ഒരു കൈക്കുഞ്ഞും അടങ്ങുന്നതാണ് സച്ചിൻെറ കുടുംബം. സ്റ്റുഡൻഡ് വിസയിൽ നിന്നും വർക്ക് പെർമിറ്റിലേക്ക് മാറി അധിക നാൾ ആകുന്നതിന് മുൻപ് തന്നെ രോഗം പിടിപ്പെടുകയായിരുന്നു. 7 മാസം പ്രായമുള്ള മകനും ഭാര്യ ശരണ്യയും ചെസ്റ്ററിൽ താമസിച്ച് വരികയായിരുന്നു.
സച്ചിൻ സാബുവിന്റെ വേർപാടിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബാൻഡ് 3 പോസ്റ്റിലേയ്ക്ക് വർക്ക് പെർമിറ്റ് നൽകാൻ നിരവധി എൻഎച്ച്എസ് ട്രസ്റ്റുകൾ തയ്യാറാകുന്നത് സ്റ്റുഡൻറ് വിസയിൽ യുകെയിലെത്തിയ മലയാളി വിദ്യാർത്ഥികൾക്ക് പുതിയ അവസരം തുറന്നു കൊടുത്തിരിക്കുകയാണ്. ഇതിനോടകം തന്നെ നിരവധി മലയാളികൾ ഈ അവസരം ഉപയോഗപ്പെടുത്തിയതായി ഒട്ടേറെ വിദ്യാർത്ഥികൾ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
ആരോഗ്യമേഖലയിൽ മുൻ പരിചയം ഉള്ളവർക്കാണ് നിലവിൽ മുൻഗണന നൽകുന്നത്. അടുത്തകാലത്ത് കുടിയേറ്റ നയത്തിൽ യുകെ സമൂലമായ മാറ്റം വരുത്തിയിരുന്നു . പുതിയ സാഹചര്യത്തിൽ വിദ്യാർത്ഥി വിസയിൽ യുകെയിലെത്തി പിആർ എടുക്കുക എന്നത് ദുഷ്കരമാണ്. എന്നാൽ പല എൻ എച്ച് എസ് ട്രസ്റ്റുകളും 5 വർഷത്തേയ്ക്കുള്ള വർക്ക് പെർമിറ്റ് നൽകാൻ തയ്യാറാകുന്നത് പല മലയാളി വിദ്യാർത്ഥികൾക്കും ഇവിടെ തുടരാനും സ്ഥിര താമസത്തിനായുള്ള വിസ സമ്പാദിക്കാനുമുള്ള അനന്തസാധ്യതകളാണ് തുറന്നു കിട്ടിയിരിക്കുന്നത്.
ഇപ്പോൾ തന്നെ വിദ്യാർത്ഥി വിസയിൽ യുകെയിലെത്തിയ ഒട്ടേറെ മലയാളി വിദ്യാർഥികളാണ് നേഴ്സിംഗ് ഹോമുകളിലും മറ്റും ജോലി ചെയ്യുന്നത്. ഇങ്ങനെയുള്ള വിദ്യാർത്ഥികൾക്ക് ഈ അവസരം പരമാവധി വിനിയോഗിക്കാൻ സാധിക്കും.
കുടിയേറ്റം കുറയ്ക്കാൻ ലക്ഷ്യമിട്ട് യുകെ പ്രഖ്യാപിച്ച കുടിയേറ്റ നയം പുതിയതായി യുകെയിൽ എത്താൻ ആഗ്രഹിക്കുന്നവർക്ക് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത് . തങ്ങളുടെ കുടുംബത്തെ യുകെയിലേയ്ക്ക് കൊണ്ടുവരുന്നതിനുള്ള മിനിമം ശമ്പള പരിധി 38,700 പൗണ്ട് ആയി ഉയർത്തിയതാണ് ഇതിന് പ്രധാന കാരണമായി വിമർശകർ ചൂണ്ടി കാണിക്കുന്നത്. നേരത്തെ ഇത് 18,000 പൗണ്ട് മാത്രമാണ് . കടുത്ത എതിർപ്പിനെ തുടർന്ന് ശമ്പള പരുധി താത്കാലികമായി 29,000 പൗണ്ട് ആയി കുറച്ചിട്ടുണ്ട്. പുതിയ നിയമം നിലവിൽ വരുന്നതോടെ ഈ വരുമാന പരുധിയിൽ താഴെ ശമ്പളമുള്ളവരുടെ ആശ്രിതർക്ക് രാജ്യം വിടേണ്ടതായി വരും.
മൂന്ന് വിഭാഗങ്ങളിലായാണ് മലയാളികളിൽ ഭൂരിഭാഗവും യുകെയിൽ എത്തിച്ചേരുന്നത്. ആദ്യത്തെ വിഭാഗത്തിൽപ്പെട്ട ബ്രിട്ടനിലെ ആരോഗ്യ പരിപാലന മേഖലയായ എൻഎച്ച്എസിനോട് അനുബന്ധിച്ച് ജോലി ചെയ്യുന്ന നേഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് നിയമത്തിലെ മാറ്റങ്ങൾ വലിയ രീതിയിൽ ബാധിക്കില്ല. എന്നാൽ ജനുവരി മുതൽ ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് വർദ്ധിപ്പിക്കാനുള്ള തീരുമാനം യുകെയിൽ ജോലിക്കായി വരുന്ന നേഴ്സുമാരുടെയും അവരുടെ ആശ്രിത വിസയിൽ വരുന്നവരുടെയും വിസ ചിലവുകൾ വർദ്ധിപ്പിക്കാൻ കാരണമാകും.
യുകെയിലേയ്ക്ക് വ്യാപകമായ രീതിയിൽ ജോലിക്കായി വരുന്ന രണ്ടാമത്തെ വിഭാഗത്തിൽപ്പെട്ടവർ കെയർ വിസയിൽ ഉള്ളവരാണ്. കെയർ വിസയിൽ എത്തിയവർക്ക് ആശ്രിത വിസയിൽ മറ്റുള്ളവരെ കൊണ്ടുവരാൻ സാധിക്കില്ല എന്നതും മറ്റ് കുടുംബാംഗങ്ങളെ കൊണ്ടുവരാനുള്ള ശമ്പള പരുധി ഉയർത്തിയതും ഈ മേഖലയിൽ ജോലി ചെയ്യുന്ന മലയാളികളെ ആകമാനം ബാധിക്കും.
മൂന്നാമത്തെ വിഭാഗത്തിൽപ്പെട്ടത് സ്റ്റുഡൻറ് വിസയിൽ എത്തുന്നവരാണ് . സ്റ്റുഡൻറ് വിസയുടെ നടപടികൾ ബ്രിട്ടൻ ലഘൂകരിച്ചതിനെ തുടർന്ന് കേരളത്തിന്റെ മുക്കിലും മൂലയിലും നിന്ന് പതിനായിരക്കണക്കിന് വിദ്യാർത്ഥികളാണ് യുകെയിലെത്തിയത്. വിദ്യാർത്ഥി വിസയിൽ പലരും യുകെയിൽ എത്തിയത് തന്നെ കുടുംബത്തെ ഒന്നാകെ ബ്രിട്ടനിൽ എത്തിക്കാനാണ്. ഇവരിൽ പലർക്കും ഉടനെ തിരിച്ചു വരേണ്ടതായി വരും . പല വിദ്യാർത്ഥികളും പിടിച്ചു നിൽക്കാൻ കെയർ മേഖലയിൽ ജോലിക്കായി ശ്രമിക്കാറാണ് പതിവ്. എന്നാൽ കെയർ മേഖലയിലെ ജീവനക്കാർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇക്കൂട്ടർക്ക് വീണ്ടും തിരിച്ചടിയാവും
ഇവർക്കെല്ലാം യുകെയിൽ പുതിയൊരു ജീവിതം കരു പിടിപ്പിക്കാനുള്ള വഴിയാണ് എൻഎച്ച്എസ്സിന്റെ ബാൻഡ് 3 പോസ്റ്റിലൂടെ തുറന്നു കിട്ടിയിരിക്കുന്നത്.
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ മുഖ്യ പ്രതി അറസ്റ്റില്‍. മൈസൂരു കാഡ്ബഗരുവില്‍ താമസിക്കുന്ന ചാവക്കാട് സ്വദേശി ഷാജഹാനെ (36) മീനാക്ഷിപുരത്തുനിന്നാണ് കോതമംഗലം പോലീസ് പിടികൂടിയത്. പ്രതിയില്‍നിന്ന് കര്‍ണാടക, തമിഴ്നാട്, കേരള വിലാസത്തിലുള്ള മൂന്ന് വോട്ടര്‍ ഐഡിയും മൂന്ന് പാസ്പോര്‍ട്ടുകളും പിടിച്ചെടുത്തു.
കോതമംഗലം ചേലാട് വാടകയ്ക്ക് താമസിക്കുന്ന സഹോദരങ്ങള്‍ക്ക് യു.കെ.യില്‍ തൊഴില്‍ വിസ നല്‍കാമെന്നു പറഞ്ഞ് 6,14,000 രൂപ തട്ടിയ കേസിലാണ് അറസ്റ്റിലായത്. കോതമംഗലം, മൂവാറ്റുപുഴ, കുന്നത്തുനാട്, നെയ്യാറ്റിന്‍കര, കൊല്ലം, കാഞ്ഞിരപ്പള്ളി തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ പത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. വിവിധ സ്റ്റേഷനുകളിലായി സമാനമായ മുപ്പതിലേറെ കേസുകള്‍ പ്രതിയുടെ പേരിലുണ്ട്.
ഏതാനും മാസം കുവൈത്തില്‍ ജോലി ചെയ്തിരുന്ന ഷാജഹാന്‍ അവിടെ നിന്ന് വന്ന ശേഷമാണ് തട്ടിപ്പ് തുടങ്ങിയതെന്ന് പോലീസ് പറഞ്ഞു.കമ്മിഷന്‍ വ്യവസ്ഥയില്‍ സുഹൃത്തുക്കളാണ് വിദേശത്ത് പോകാന്‍ താത്പര്യമുള്ളവരെ സമീപിച്ച് തൊഴില്‍ വിസയുണ്ടെന്നു പറഞ്ഞ് ഇയാള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത്. യു.കെ. സിം ഉള്‍പ്പെടെ നാല് സിമ്മുകളാണ് ഇയാള്‍ക്കുള്ളത്. ഉദ്യോഗാര്‍ഥികളെ നേരിട്ട് സമീപിക്കാതെ വീഡിയോ കോള്‍ വഴി ബന്ധപ്പെട്ട് പണം അക്കൗണ്ടില്‍ സ്വീകരിക്കും. ഷാജഹാന്റെ രണ്ട് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ ഒരു കോടി രൂപയുടെ ഇടപാടുകള്‍ നടന്നതായാണ് ലഭിച്ച വിവരം.
മീനാക്ഷിപുരത്ത് ഒളിച്ചു കഴിയുകയായിരുന്ന ഷാജഹാനെ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേല്‍നോട്ടത്തില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം സാഹസികമായാണ് പിടികൂടിയത്. പോലീസിനെ ആക്രമിച്ച് വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഏറെ ദൂരം പിന്തുടര്‍ന്നാണ് പിടികൂടിയത്.
വാഹനത്തില്‍നിന്ന് വ്യാജ പാസ്പോര്‍ട്ട്, ഉദ്യോഗാര്‍ഥികളുടെ പാസ്പോര്‍ട്ട്, ചെക്ക് ബുക്കുകള്‍, പ്രോമിസറി നോട്ട് എന്നിവ കണ്ടെടുത്തു. ഇന്‍സ്പെക്ടര്‍ പി.ടി. ബിജോയി, എസ്.ഐ.മാരായ അല്‍ബിന്‍ സണ്ണി, കെ.ആര്‍. ദേവസി, സീനിയര്‍ സി.പി.ഒ.മാരായ ടി.ആര്‍. ശ്രീജിത്ത്, നിയാസ് മീരാന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഈ മാസം ജൂനിയർ ഡോക്ടർമാർ 5 ദിവസം സമരം നടത്തുമെന്ന് ഡോക്ടർമാരുടെ സംഘടനയായ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) അറിയിച്ചു. ഫെബ്രുവരി 24 മുതൽ 28 വരെയുള്ള 5 ദിവസങ്ങളിലാണ് ശമ്പള വർദ്ധനവിനായി പണിമുടക്ക് നടക്കുന്നത്. യൂണിയൻറെ ഭാഗത്തുനിന്നും 35 ശതമാനം ശമ്പള വർദ്ധനവ് ആണ് ആവശ്യപ്പെടുന്നത്. എന്നാൽ ഈ നിർദ്ദേശം സർക്കാർ നിരസിച്ചിരുന്നു.
സമരത്തെ തുടർന്ന് വ്യാപകമായി എൻഎച്ച്എസ് ഹോസ്പിറ്റലുകളിലെ സേവനങ്ങൾ റദ്ദാക്കപ്പെടും. ന്യായമായ ശമ്പള വർദ്ധനവിനായുള്ള ചർച്ചകൾക്ക് തയ്യാറാണെന്നാണ് സർക്കാർ നൽകുന്ന സൂചന. കഴിഞ്ഞ വർഷം 9 % ശമ്പള വർദ്ധനവ് ജൂനിയർ ഡോക്ടർമാർക്ക് ലഭിച്ചിരുന്നു. ഇത് കൂടാതെ 3 % കൂടെ അധികമായി നൽകാനും കഴിഞ്ഞവർഷം അവസാന നടന്ന ചർച്ചകളിൽ സർക്കാരിന്റെ ഭാഗത്തു നിന്നും സമമായ നീക്കമായി നിർദേശം മുന്നോട്ട് വച്ചിരുന്നു. എന്നാൽ പരസ്പര ധാരണയിലെത്താത്ത ആ ചർച്ചകൾ അലസി പിരിയുകയായിരുന്നു.
പണപ്പെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനവിനും ആനുപാതികമായി ശമ്പള വർദ്ധനവ് നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി ബി എം എ യെ പ്രതിനിധീകരിച്ച് ജൂനിയർ ഡോക്ടേഴ്സ് കമ്മിറ്റി ചെയർമാൻമാരായ ഡോ. റോബർട്ട് ലോറൻസും ഡോ. വിവേക് ത്രിവേദിയും പറഞ്ഞു. പണപ്പെരുപ്പം കണക്കാക്കിയാൽ നിലവിലെ ശമ്പളം 2008 ലേതിനെക്കാൾ താഴെയാണെന്നാണ് യൂണിയൻ വാദിക്കുന്നത്.
ഡോക്ടർമാരുടെ സമരം എൻഎച്ച്എസ്സിന്റെ പ്രവർത്തനത്തെ അടിമുടി ബാധിക്കുമെന്നത് ന്യായീകരിക്കാൻ സാധിക്കുന്നതല്ലെന്ന് ആരോഗ്യ സെക്രട്ടറി വിക്ടോറിയ അറ്റ്കിൻസ് പറഞ്ഞു. 2023 മാർച്ച് മാസത്തിനുശേഷം ഡോക്ടർമാർ നടത്തുന്ന പത്താമത്തെ പണിമുടക്കാണിത്. കഴിഞ്ഞമാസം ജനുവരിയിൽ 6 ദിവസത്തെ പണിമുടക്ക് ഡോക്ടർമാർ നടത്തിയിരുന്നു. ഒരു ലക്ഷത്തോളം അപ്പോയിന്റ്മെന്റ്കൾ ആണ് കഴിഞ്ഞ പണിമുടക്കിന്റെ ഭാഗമായി മുടങ്ങിയത്. നേഴ്സുമാർ ഉൾപ്പെടെ ആരോഗ്യ മേഖലയിലെ ജീവനക്കാർ 2022 മുതൽ നടത്തിയ വിവിധ പണിമുടക്കുകളിലായി 1.2 ദശലക്ഷത്തിലധികം മെഡിക്കൽ അപ്പോയിന്റ്മെൻ്റുകൾ മുടങ്ങിയതായാണ് കണക്കാക്കിയിരിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിൽ സ്ത്രീയെയും രണ്ടു കുട്ടികളെയും ആസിഡ് ഒഴിച്ച് മാരകമായി പരിക്കേൽപ്പിച്ച സംഭവം ബ്രിട്ടനെ ആകെ ഞെട്ടിച്ചതായിരുന്നു. 35കാരനായ പ്രതിയെ കണ്ടെത്താൻ പോലീസ് വ്യാപകമായ തിരച്ചിലാണ് നടത്തിയത്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം തരുന്നവർക്ക് 20,000 പൗണ്ട് പാരിതോഷികം പോലീസ് വാഗ്ദാനം ചെയ്തിരുന്നു. ജനുവരി 31-ന് രാത്രിയിലാണ് അമ്മയുടെയും രണ്ട് കുട്ടികളുടെയും മേൽ ആസിഡ് ആക്രമണം നടത്തിയതിനുശേഷം ഇയാൾ ഒളിവിലായത്.
സംഭവം നടന്ന് 10 ദിവസത്തിനുശേഷവും ഇയാളെ കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് പ്രതി ജീവനോടെയില്ലാതിരിക്കാനുള്ള സാധ്യതയിലേയ്ക്കാണ് പോലീസ് ഇപ്പോൾ വിരൽ ചൂണ്ടുന്നത് . ചെൽസി ബ്രിഡ്ജിൽ അവസാനമായി കണ്ടതിനുശേഷം അയാൾ തെംസ് നദിയിൽ ആത്മഹത്യ ചെയ്തിരിക്കാമെന്ന് പോലീസ് പത്രസമ്മേളനത്തിൽ പറഞ്ഞു. ഈ സാധ്യത നേരത്തെ ഉയർന്നു വന്നിരുന്നെങ്കിലും മൃതദേഹം കണ്ടെത്താനാവാത്തതാണ് അന്വേഷണസംഘത്തെ കുഴപ്പിച്ചത് . ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കാനായി നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ നദിയിൽ വീണ്ടും പരിശോധന നടത്താനാണ് പോലീസ് തീരുമാനം.
ആക്രമണത്തിന് ഇരയായ സ്ത്രീക്ക് എസെദിയുമായി ബന്ധമുണ്ടായിരുന്നെന്ന് പോലീസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. യുവതി ഇപ്പോഴും ആശുപത്രിയിൽ തന്നെ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഇവരുടെ ഒരു കണ്ണിൻറെ കാഴ്ച നഷ്ടപ്പെടുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ആക്രമണത്തിൽ പരുക്കു പറ്റിയ എട്ടും മൂന്നും വയസ്സുള്ള രണ്ടു കുട്ടികൾ ആശുപത്രി വിട്ടിരുന്നു.
അഫ്ഗാനിസ്ഥാനിൽ നിന്ന് ഒരു ലോറിയിൽ അനധികൃതമായി യുകെയിലേയ്ക്ക് കുടിയേറിയ ആളാണ് പ്രതി എന്നുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. 2018 -ൽ ഇയാളെ ലൈംഗിക കുറ്റകൃത്യത്തിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. ഇതിനിടെ മുസ്ലീമായിരുന്ന പ്രതി യുകെയിൽ നിന്ന് നാടു കടത്താതിരിക്കാനായി ക്രിസ്തുമതം സ്വീകരിച്ചതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്
അമേരിക്കയില്‍ ഉപരി പഠനത്തിനായി പോയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. യുഎസിലെ പര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന നീല്‍ ആചാര്യയെ ഞായറാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മകനെ കാണാനില്ലെന്ന് അമ്മ പരാതി നല്‍കി മണിക്കൂറുകള്‍ക്കുള്ളിലാണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്.
യൂണിവേഴ്‌സിറ്റി ക്യാമ്പസിലാണ് നീല്‍ ആചാര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കമ്പ്യൂട്ടര്‍ സയന്‍സ്, ഡാറ്റ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്നു നീല്‍. പര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയിലെ ജോണ്‍ മാര്‍ട്ടിന്‍സണ്‍ ഓണേഴ്‌സ് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു നീല്‍.
നീലിന്റെ അമ്മ ഗൗരി ആചാര്യ മകനെ കാണാനില്ലെന്ന് ഞായറാഴ്ച സമൂഹ മാധ്യമമായ എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു ‘ഞങ്ങളുടെ മകന്‍ നീല്‍ ആചാര്യയെ ജനുവരി 28 മുതല്‍ കാണാനില്ല. അവന്‍ യുഎസിലെ പര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയിലാണ് പഠിക്കുന്നത്. അവനെ അവസാനമായി കണ്ടത് പര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയില്‍ എത്തിച്ച ഊബര്‍ ഡ്രൈവറാണ്. അവനെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുമോ എന്ന് അന്വേഷിക്കുകയാണ്. നിങ്ങള്‍ക്ക് എന്തെങ്കിലും വിവരം കിട്ടിയാല്‍ ദയവുചെയ്ത് ഞങ്ങളെ സഹായിക്കൂ.’
ചിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഗൗരി ആചാര്യയുടെ പോസ്റ്റിന് മറുപടി നല്‍കിയിരുന്നു, കോണ്‍സുലേറ്റ് പര്‍ഡ്യൂ യൂണിവേഴ്‌സിറ്റി അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്, സാധ്യമായ എല്ലാ പിന്തുണയും സഹായവും നല്‍കും എന്നാണ് അറിയിച്ചത്. പിന്നാലെയാണ് ക്യാമ്പസില്‍ നിന്ന് നീലിന്റെ മൃതദേഹം ലഭിച്ചത്. നീല്‍ എങ്ങനെയാണ് മരിച്ചതെന്ന് ഇപ്പോള്‍ വ്യക്തമല്ല.
‘ഞങ്ങളുടെ വിദ്യാര്‍ത്ഥികളിലൊരാളായ നീല്‍ ആചാര്യ അന്തരിച്ചുവെന്ന് ഞാന്‍ നിങ്ങളെ വളരെ സങ്കടത്തോടെ അറിയിക്കുന്നു. കുടുംബത്തെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നു ‘ കമ്പ്യൂട്ടര്‍ സയന്‍സ് മേധാവി ക്രിസ് ക്ലിഫ്റ്റണ്‍ ഇമെയിലില്‍ വിദ്യാര്‍ത്ഥികളെ അറിയിച്ചു.
ഇന്നലെ രാത്രി ഉണ്ടായ ഗുരുതരമായ അപകടത്തെ തുടർന്ന് എം 4 താത്കാലികമായി അടച്ചതായി പോലീസ് അറിയിച്ചു. പോലീസ് ഇൻവെസ്റ്റിഗേഷൻ കഴിയുന്നത് വരെയാണ് മോട്ടോർവേ ഭാഗികമായി അടച്ചിരിക്കുന്നത്. ഇന്ന് രാവിലെയാണ് ന്യൂപോർട്ടിനും കാർഡിഫിനും ഇടയിൽ മോട്ടോർ വെയിൽ അപകടം സംഭവിച്ചിരിക്കുന്നത്. അപകടത്തിൽ 52 വയസ്സുകാരനായ ഒരാൾ മരണമടഞ്ഞിട്ടുണ്ട്.
ഇന്നലെ രാത്രി ഒൻപതു മണിയോടെയാണ് മോട്ടോർവേയുടെ ജംഗ്‌ഷൻ 28 നും 29 നുമിടയിൽ ഗുരുതരമായ അപകടം ഉണ്ടായത്. ഒരു ബിഎംഡബ്ലിയു എക്സ് 4 , വോക്‌സൽ അജില, വോക്‌സ്‌വാഗൺ പോളോ എന്നിവയാണ് അപകടത്തിൽ ഉൾപ്പെട്ടത്. ഇതിൽ വോക്‌സാൽ ഓടിച്ചിരുന്ന ന്യൂപോർട്ടിൽ നിന്നുള്ള അന്പത്തിരണ്ടുകാരൻ കൊല്ലപ്പെട്ടതായാണ് ഗ്വെൻറ് പോലീസ് അറിയിച്ചിരിക്കുന്നത്. അന്വേഷണം പൂർത്തിയാക്കി ഇന്ന് ഉച്ചയോടു കൂടി മാത്രമേ മോട്ടോർ വേയിൽ പൂർണ്ണ തോതിലുള്ള ഗതാഗതം സാധ്യമാകൂ എന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.