Breaking news

ലീഡ്‌സ് : മലയാളി വിദ്യാർത്ഥിനിക്ക് വാഹനാപകടത്തിൽ ജീവഹാനി. ഇന്ന് രാവിലെ ലീഡ്‌സിലുണ്ടായ അപകടത്തിൽ ആണ് ആതിരാ അനിൽകുമാർ മരണമടഞ്ഞിരിക്കുന്നത്. ആതിര തിരുവനന്തപുരം ജില്ലയിലെ മംഗലപുരം തേന്നക്കൽ സ്വദേശിനിയാണ്. അനിൽകുമാർ & ലാലി ദമ്പതികളുടെ മകളാണ് പരേതയായ ആതിര. സഹോദരൻ അനന്തു, തിരുവനന്തപുരം ടെക്നോ പാർക്കിൽ ജോലി ചെയ്യുന്നു. ആയ ആതിരയുടെ ഭർത്താവായ രാഹുൽ ഒമാനിൽ ജോലി ചെയ്യുന്നു. ഒരു കുട്ടിയുണ്ട്.  2023 ജനുവരിയിൽ ആണ് ആതിര ലീഡ്‌സിൽ പഠനത്തിനായി എത്തിച്ചേർന്നത്.

ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം ഉണ്ടായത്. വളരെ തെളിഞ്ഞ കാലാവസ്ഥയായതുകൊണ്ട്  ലീഡ്‌സിന് സമീപമുള്ള ആമിലി ബസ് ലെയിൻ  ഷെൽറ്ററിന് മുൻപിൽ ബസ് കാത്തു നിൽക്കുകയായിരുന്നു ആതിര. പാഞ്ഞു വന്ന വോൾസ്‌വാഗൻ ഗോൾഫ് കാർ ബസ് കാത്തുനിന്ന ആതിരെയും സമീപത്തുകൂടി നടന്നു പോയിരുന്ന  മറ്റൊരു ആളെയും ഇടിച്ചു  തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് ഷെൽട്ടർ പൂർണ്ണമായും തകർന്നുപോയി. പോലീസും ആംബുലൻസും ഉടനടി സംഭവസ്ഥലത്തു എത്തിക്കയും ചെയ്‌തു.

എന്നാൽ സംഭവസ്ഥലത്തുവച്ചു തന്നെ ആതിര മരണപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടു. മറ്റൊരാൾക്ക് കാര്യമായ പരിക്കുകൾ ഉണ്ടെങ്കിലും വ്യക്തി സ്റ്റേബിൾ ആണെന്ന് ആശുപത്രി വൃത്തങ്ങളും പോലീസും അറിയിച്ചു. അപകടകരമായ രീതിയിൽ വാഹനമോടിച്ച ഇരുപത്തിയഞ്ച് വയസ്സുള്ള ഒരു യുവതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

ലീഡ്‌സ് യൂണിവേഴ്സിറ്റിയിൽ പ്രൊജക്റ്റ് മാനേജ്‌മന്റ് വിദ്യാർത്ഥിനിയായിരുന്നു ആതിര. ലീഡ്‌സിൽ പോലീസുമായും അതുപോലെ തന്നെ നാട്ടിലെ കുടുംബവുമായി ബന്ധപ്പെടുന്നത് ലീഡ്‌സ് മലയാളി അസോസിയേഷനും, പ്രസിഡന്റ് ആയ സാബു ഘോഷ് ഉൾപ്പെടുന്ന മറ്റു ഭാരവാഹികളും സഹായസഹകരണങ്ങൾ ചെയ്തുവരുന്നു.

ആതിരയുടെ അകാല നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുമിത്രാതികളെ അറിയിക്കുന്നതിനൊപ്പം പരേതക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.

ലിവർപൂൾ: ലിവർപൂൾ മലയാളികൾക്ക് വീണ്ടും വേദന സമ്മാനിച്ച് മലയാളി നഴ്സിന്റെ മരണം. ലിവർപൂൾ Heart & Chest ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സും പാലാ സ്വദേശിയുമായ മാർട്ടിൻ വി ജോർജിന്റെ ഭാര്യ അനു മാർട്ടിൻ  (37)അല്‍പം മുമ്പ് മാഞ്ചസ്റ്റർ റോയൽ ആശുപത്രിൽ വച്ച് നിര്യാതയായത്. ഭർത്താവായ മാർട്ടിൻ ലിവർപൂളിൽ എത്തിയിട്ട് നാല് മാസം മാത്രമാണ് ആയിട്ടുള്ളത്. അനു യുകെയിൽ എത്തിയിട്ട്  വെറും മൂന്ന് ആഴ്ചകൾ പൂർത്തിയാകുമ്പോൾ ഇന്ന് എല്ലാ സ്വപ്നങ്ങളും ബാക്കിയാക്കി നിത്യതയിലേക്ക് യാത്രയായിരിക്കുന്നത്.

നഴ്‌സായ അനു  കഴിഞ്ഞ രണ്ട് വർഷക്കാലമായിട്ട് ബ്ലഡ് ക്യാൻസർ  രോഗബാധിതയായി ചികിത്സയിലായിരുന്നുവെങ്കിലും Born Marrow Transplantation ലൂടെ രോഗത്തെ നിയന്ത്രിച്ചതിന് ശേഷമാണ് യുകെയിൽ വലിയ പ്രതീക്ഷകളോടെ ഭർത്താവിനൊപ്പം ചേർന്നത് . എന്നാൽ ലിവർപൂളിലെത്തിയ ആദ്യ ദിവസംതന്നെ അനുവിനെ വളരെ ക്ഷീണിതയായി കാണപ്പെടുകയും ഉടനടി Liverpool Royal ആശുപത്രിയിലും പിന്നീട് Royal Clatterbridge hospital ലേക്കും മാറ്റുകയായിരുന്നൂ.

എന്നാൽ ഈ കഴിഞ്ഞ ആഴ്ചയിൽ അനുവിന്റെ ആരോഗ്യനില കൂടുതൽ വഷളായതിനെ തുടർന്ന്, മാഞ്ചസ്റ്റർ Royal Infirmary ആശുപത്രിയിലെ  Critical care യൂണിറ്റിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ചികിത്സകൾ തുടരുന്നതിനിടെ ആരോഗ്യനില വീണ്ടും വഷളായി ഇന്ന് ആറ് മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

രണ്ട് പെൺമക്കൾ-  ആഞ്‌ജലീന  (7) ഇസബെല്ല  (3).  മക്കൾ ഇരുവരും നാട്ടിൽ ആണ് ഉള്ളത്. അനു, മാനന്തവാടി കാട്ടിക്കുന്ന് വടക്കേടത്ത്ശ്രീ V.P ജോർജ് & ഗ്രേസി ദമ്പതികളുടെ  ഇരട്ടമക്കളിൽ ഒരാളാണ്.

പ്രിയപ്പെട്ട സഹോദരി അനു വിന്റെ ആകസ്മികമായ വേർപാടിൽ മലയാളം യുകെയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതിനൊപ്പം  ദുഃഖാർത്തരായ കുടുംബാംഗങ്ങളുടെ വേദനയിൽ പങ്ക്‌ചേരുകയും ചെയ്യുന്നു.

ന്യൂ മിൽട്ടൺ: മരണങ്ങൾ പതിവാകുന്ന വേദനാജനകമായ സാഹചര്യത്തിലൂടെ യുകെ മലയാളികൾ. ഇന്നലെ ലൂട്ടണിൽ പതിനാറുകാരി പെൺകുട്ടി പനിപിടിച്ചു മരിച്ചതിന് പിന്നാലെ അൽപം മുൻപ് ന്യൂ മിൽട്ടണിൽ താമസിച്ചിരുന്ന നടുവട്ടം മാഞ്ഞൂരാൻ വീട്ടിൽ പോളി മാഞ്ഞൂരാൻ (55) ആണ്  ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ മരണമടഞ്ഞത്.

കഴിഞ്ഞ മൂന്നു ദിവസമായി രോഗം വഷളായി പോളി ബോൺമൗത്ത് റോയൽ ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ആയിരുന്നു പോളി. ഭാര്യ ഷീബ. മക്കൾ ഗ്രേയ്സ്, റോസ്, പോൾ.

സംസ്ക്കാരം സംബന്ധിച്ച വിവരങ്ങൾ ഒന്നും തീരുമാനമായിട്ടില്ല. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.

പോളിയുടെ വേർപാടിൽ ദുഃഖിച്ചിരിക്കുന്ന ബന്ധുമിത്രാദികളെ മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നു.

സൗത്ത് പോർട്ട് : സൗത്ത് പോർട്ടിൽ താമസിച്ചിരുന്ന മലയാളിയായ സ്റ്റീഫൻ പി കെ ( ജെയ്‌സൺ, 51)  ഇന്ന് രാവിലെ നാട്ടിൽ വച്ച് മരണമടഞ്ഞു. കോതമംഗലം ചെമ്മീൻകുത്ത് സ്വദേശിയും പോക്കാട്ട് കുടുംബാംഗവുമാണ് പരേതൻ. സൗത്ത് പോർട്ടിൽ  NHS ആശുപത്രിയിലെ നഴ്‌സ്  ഭാര്യ ജിബി, ഡിഗ്രി വിദ്യാത്ഥിനിയായ ക്രിസ്റ്റീന സ്റ്റീഫൻ, എട്ടാം ക്ലാസ് വിദ്യാർത്ഥിയായ എൽദോസ് സ്റ്റീഫൻ എന്നിവർ അടങ്ങുന്നതാണ് പരേതന്റെ കുടുംബം.

ഒരു വർഷം മുൻപാണ് കുടുംബം യുകെയിലേക്ക് കുടിയേറിയത്. NHS സിന്റെ നേരിട്ടുള്ള ഇന്റർവ്യൂ പാസ്സായി സൗത്ത് പോർട്ടിൽ ജോലിക്കെത്തിയതായിരുന്നു കുടുംബം. എന്നാൽ മൂത്ത മകൾക്ക് പതിനെട്ട് വയസ്സ് പൂർത്തിയായതിനാൽ യുകെയിൽ എത്തുവാൻ സാധിച്ചിരുന്നില്ല. അതിനാൽ അവസാന വർഷ ഡിഗ്രി പഠനം നാട്ടിൽ തുടരുകയായിരുന്നു മൂത്ത മകൾ. ഈ മകൾ നാട്ടിൽ തനിച്ച് കഴിയുന്നതിനാൽ മകൾക്ക് കൂട്ടായിട്ട് നാല് മാസം മുൻപ് നാട്ടിലേക്ക് തിരിച്ചുപോകുയിരുന്നു സ്റ്റീഫൻ .

നല്ലൊരു കായിക താരമായ സ്റ്റീഫൻ പതിവുപോലെ ഇന്ന് രാവിലെയും ഓടാൻ പോയിരുന്നു. മൂത്തമകൾ കോളേജിൽ നിന്ന് വിനോദ യാത്രയ്ക്ക് പോയിരിക്കുകയായിരുന്നു ഇന്ന് . റോഡിനോട് ചേർന്നുള്ള വീടായതിനാൽ കുറെ നേരമായി തുറന്നു കിടക്കുന്ന മുൻ വാതിൽ കണ്ട് അയൽവക്കത്തുള്ളവർ കയറി നോക്കിയപ്പോൾ വാതിലിനടുത്തു വീണു കിടക്കുന്ന സ്റ്റീഫനെയാണ് കണ്ടത്. പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം തന്നെ സ്റ്റീഫൻ മരിച്ചിരുന്നു. ഹൃദയതംഭനമാണ് മരണകാരണമെന്ന് പിന്നീട് തിരിച്ചറിഞ്ഞു.

മുൻ നേവി ഉദ്യോഗസ്ഥനും , കായിക താരവും,  അധ്യാപകനുമാണ് പി കെ സ്റ്റീഫൻ . കോതമംഗലം എം. എ. ഇന്റർനാഷണൽ സ്കൂൾ, ചേലാട് സെന്റ് സ്റ്റീഫൻസ് ബസ് അനിയാ പബ്ലിക് സ്കൂൾ, കെ. വി. സ്കൂൾ എന്നിവിടങ്ങളിൽ കായിക അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സഹോദരങ്ങൾ : പി. കെ. എൽദോസ് (അഗ്നി രക്ഷ നിലയം കട്ടപ്പന ), വിത്സൺ പി. കുര്യാക്കോസ് (അഗ്നി രക്ഷ നിലയം കോതമംഗലം ), ജിജി എൽദോസ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് പിണ്ടിമന സെന്റ് ജോൺസ് യാക്കോബായ പള്ളിയിൽ വച്ച് നടത്തപ്പെടുന്നതാണ്.
സ്റ്റീഫന്റെ അകാല നിര്യാണത്തിൽ മലയാളം യുകെയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം , ദുഃഖാർത്ഥരായ ബന്ധുമിത്രാദികളുടെ വേദനയിൽ പങ്ക് ചേരുകയും ചെയ്യുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ചാൾസ് രാജാവിന്റെ ഔദ്യോഗിക കിരീടധാരണത്തിന്റെ വിശദവിവരങ്ങൾ പുറത്തിറക്കി ബക്കിംഗ്ഹാം കൊട്ടാരം. വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടക്കുന്ന ചടങ്ങിൽ ദശലക്ഷക്കണക്കിന് ആളുകൾ എത്തുമെന്നാണ് പുറത്ത് വരുന്ന വിവരം. മെയ്‌ മാസത്തിൽ മൂന്ന് ദിവസങ്ങളിലായാണ് പരിപാടി നടക്കുന്നത്. ഹാരി രാജകുമാരന്റെ വെളിപ്പെടുത്തലുകളും, ആത്മകഥയിലെ സംഭവവികാസങ്ങളും രാജകുടുംബത്തിന് കടുത്ത ക്ഷീണമാണ് സൃഷ്ടിച്ചത്. ഒരിടവേളയ്ക്ക് ശേഷം വാർത്തകളിൽ വിവാദങ്ങളെ തുടർന്ന് രാജകുടുംബം നിറഞ്ഞു നിന്നു. കുടുംബ കലഹം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന നിരവധി സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചതിനു ശേഷമാണ് രാജാവ് ആദ്യമായി മെയ് 6 -ന് പൊതുവേദിയിൽ എത്തുന്നത്.

കിരീടധാരണം വലിയ ജനക്കൂട്ടത്തെ സാക്ഷി നിർത്തികൊണ്ടാണ് നടക്കുന്നത്. ലണ്ടനിലേക്ക് മുൻപ് ഒരിക്കലും ഇല്ലാത്ത രീതിയിൽ ആളുകളുടെ ഒഴുക്ക് ഉണ്ടാകുമെന്നും കരുതുന്നു. ചടങ്ങിൽ കാമില രാജ്ഞി ഔദ്യോഗികമായി കിരീടധാരണം നടത്തും. അതിന് ശേഷം തൊട്ടടുത്ത ദിവസം വിൻഡ്‌സർ കാസിലിൽ ആഘോഷ സംഗീത വിരുന്നാണ് ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ, ആഘോഷങ്ങൾ ബാങ്ക് അവധി ദിവസമായ തിങ്കളാഴ്ച വരെ തുടരുമെന്ന് അധികാരികൾ അറിയിച്ചു.

ഇതിനു മുൻപ് രാജ്ഞിയുടെ ജൂബിലിയ്ക്കാണ് ഇത്തരത്തിൽ ഒരു പരിപാടി നടന്നത്. പൊതുജനങ്ങളോട് പ്രസ്തുത പരിപാടിയിൽ വോളന്റീയറിങ് പ്രവർത്തനങ്ങൾക്ക് സന്നദ്ധരാകണമെന്നും കൊട്ടാരം അഭ്യർത്ഥിച്ചു. എലിസബത്ത് രാജ്ഞിയുടെ വേർപാടുകൾക്ക് എട്ട് മാസം ശേഷമാണ് ഇത്തരത്തിൽ ഒരു പൊതുപരിപാടി ഇംഗ്ലണ്ടിൽ നടക്കുന്നത്. മരണത്തെ തുടർന്ന് അവകാശം തുടർച്ചയായി ചാൾസ് രാജാവിന് കൈമാറിയെങ്കിലും, ചടങ്ങുകൾ പൂർത്തിയാകാൻ ഉണ്ട്. 700 വർഷം പഴക്കമുള്ള എഡ്വേർഡ് രാജാവിന്റെ കസേരയിൽ ഇരുന്നുകൊണ്ട് നടക്കുന്ന കിരീടധാരണത്തിൽ കാന്റർബറി ആർച്ച് ബിഷപ്പ് നേതൃത്വം നൽകുകയും അനുഗ്രഹ പ്രാർത്ഥനകൾ നടത്തുകയും ചെയ്യുന്നതിലൂടെയാണ് ചടങ്ങുകൾ പൂർത്തിയാകുന്നത്

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ബ്രിട്ടനിൽ ചെലവുകൾ കുതിച്ചുയരുന്നതിനെ തുടർന്ന് അടുത്ത രണ്ട് വർഷത്തിനുള്ളിൽ 750,000-ത്തിലധികം കുടുംബങ്ങൾ മോർട്ട്‌ഗേജുകളിൽ വീഴ്ച വരുത്താനുള്ള സാധ്യതയിലാണെന്ന മുന്നറിയിപ്പ് നൽകി അധികൃതർ രംഗത്ത്. 2022 ജൂൺ മാസം മുതൽ തന്നെ 200,000-ത്തിലധികം കുടുംബങ്ങൾ തവണകൾ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുണ്ടെന്ന് ഫിനാൻഷ്യൽ കണ്ടക്‌ട് അതോറിറ്റി പറയുന്നു.

117,000 വായ്പക്കാർ തങ്ങളുടെ മോർട്ട്ഗേജിന്റെ തിരിച്ചടവിൽ ഗുരുതര വീഴ്ചയാണ് വരുത്തിയിരിക്കുന്നതെന്നും, പലരും തുകയുടെ പകുതി പോലെ അടച്ചിട്ടില്ലെന്നും ചിലർ ആയിരം പൗണ്ടിനുപോലും പിന്നിലാണെന്നും ഫിനാൻഷ്യൽ കണ്ടക്‌ട് അതോറിറ്റിയുടെ ചീഫ് എക്‌സിക്യൂട്ടീവ് നിഖിൽ രതി പറഞ്ഞു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 570,000 കുടുംബങ്ങൾക്ക് തുക അടയ്ക്കാൻ വരുമാനത്തിന്റെ 30 ശതമാനത്തിലധികം വേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടികാട്ടുന്നു.

അതിനിടയിൽ വരും മാസങ്ങളിൽ വീടുകൾക്ക് വിലകുറയുമെന്ന് മുന്നറിയിപ്പുമായി ട്രഷറി സെലക്ട് കമ്മിറ്റി എം പി മാർക്ക് കത്തും അയച്ചിട്ടുണ്ട്. 41 വർഷത്തിന് ശേഷം അപ്രതീക്ഷിതമായുണ്ടായ പണപെരുപ്പവും, പലിശനിരക്കും വർദ്ധിച്ചുവരുന്ന ജീവിത ചിലവുകളുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ‘ഈ വർഷം എത്ര പേർക്ക് ജോലി നഷ്‌ടപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഡിഫോൾട്ടുകളുടെ എണ്ണം, 2023 അവസാനം വരെയെങ്കിലും സമ്പദ്‌വ്യവസ്ഥ ഇതേ രീതിയിൽ തുടരാനാണ് സാധ്യത’- നിഖിൽ രതി പറഞ്ഞു

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെയിലെ പോലീസ് കാറുകളായി ഇനി മുതൽ ബിഎംഡബ്ല്യു ഉണ്ടാകില്ലെന്ന് സ്ഥിരീകരിച്ചു കമ്പനി രംഗത്ത്. വാഹന വിൽപ്പന കൈകാര്യം ചെയ്യുന്നതിൽ ഇന്റർനാഷണൽ & സ്പെഷ്യലിസ്റ്റ് സെയിൽസ് ഡിവിഷൻ ഉൾപ്പെടെ, മേഫെയറിലെ പാർക്ക് ലെയ്ൻ ഡീലർഷിപ്പ് പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. വാഹന വ്യവസായം നേരിടുന്ന ഗുരുതര പ്രതിസന്ധിയെ തുടർന്ന് റീട്ടെയിൽ, കോർപ്പറേറ്റ് ഉപഭോക്താക്കൾക്കുള്ള വിൽപ്പനയ്ക്കാണ് കമ്പനി മുൻ‌തൂക്കം നൽകുന്നതെന്നും ഔദ്യോഗിക കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു.

സെമികണ്ടക്റ്റേഴ്‌സ് ഉൾപ്പടെ നിരവധി പാർട്സുകളുടെ ക്ഷാമം വിപണി നിലവിൽ നേരിടുന്നുണ്ട്. അതുകൊണ്ട് കൂടിയാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് ബിഎംഡബ്ല്യു എത്തിച്ചേർന്നതെന്നാണ് വിദഗ്ധർ പറയുന്നത്. പുതിയ തീരുമാനം യുകെയിൽ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും അധികൃതർ വ്യക്തമാക്കുന്നു. ഭാവിയിൽ റീട്ടെയിൽ, കോർപ്പറേറ്റ് മേഖലകളിലെ വില്പനയ്ക്ക് ഞങ്ങൾ മുൻ‌തൂക്കം നൽകാൻ ആഗ്രഹിക്കുന്നു. അതിനാൽ ചില മേഖലകളിൽ നിന്ന് മാറാൻ ആഗ്രഹിക്കുന്നെന്നും ബി‌എം‌ഡബ്ല്യു പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

അതേസമയം, ബിഎംഡബ്ല്യുവിന്റെ N57 എഞ്ചിൻ ഘടിപ്പിച്ച ബിഎംഡബ്ല്യു പട്രോൾ കാറുകൾ സുരക്ഷാ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് ഉയർന്ന വേഗതയിൽ ഉപയോഗിക്കരുതെന്ന് യുകെയിലെ പോലീസ് സേനകൾക്ക് നിർദ്ദേശം നൽകിയതിന് ഒരു വർഷത്തിന് ശേഷമാണ് ഈ വാർത്ത വരുന്നത്. എന്നാൽ നിലവിലെ തീരുമാനത്തിൽ പോലീസിന്റെ ഭാഗത്ത്‌ നിന്ന് ഔദ്യോഗിക വിശദീകരണം ഒന്നും തന്നെ വന്നിട്ടില്ല.

വോക്കിങ്:  യുകെ മലയാളികളെ വിട്ടൊഴിയാതെ മലയാളി മരണങ്ങൾ.  വോക്കിങ്ങിൽ കുടുംബസമേതം താമസിച്ചിരുന്ന ആദ്യയകാല മലയാളികളിൽ ഒരാളായ വിജയന്റെ (63) ആകസ്മിത മരണം അൽപം മുൻപ് സംഭവിച്ചത്. ഭാര്യ ലളിത,  കവിത, വിചിത എന്നിവർ മക്കളും രമിത് മരുമകനുമാണ്. പയ്യന്നൂർ കുഞ്ഞിമംഗലം ആണ് പരേതന്റെ സ്വദേശം.

വോക്കിങ്ങിൽ ഉള്ള ചെന്നെ ദോശ റെസ്റ്റോറന്റിൽ ഷെഫായിട്ടാണ് ജോലി ചെയ്‌തിരുന്നത്‌. മൂന്ന് ദിവസം മുൻപ് ജോലി ചെയ്തുകൊണ്ടിരിക്കെ അനുഭവപ്പെട്ട നെഞ്ചുവേദനയെത്തുടന്ന് ആശുപത്രിയിൽ പരിശോധനക്കായി പോയതായിരുന്നു വിജയൻ. ആശുപത്രിയിൽ വച്ച് സ്ട്രോക്ക് ഉണ്ടാവുകയും ചെയ്‌തു. ആരോഗ്യ നില വഷളായതോടെ എയർ ആംബുലസിൽ ലണ്ടൻ കിങ്‌സ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വെന്റിലേറ്ററിൽ ആയിരുന്ന വിജയൻറെ അതിജീവനത്തിന് ഉതകുന്ന തരത്തിൽ പുരോഗതി ലഭിച്ചില്ല. തുടന്ന് കുടുംബാംഗങ്ങളോട് സംസാരിച്ച ശേഷം വെന്റിലേറ്ററിൽ നിന്നും മാറ്റി മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഈ മാസം ഏഴാം തിയതി നാട്ടിൽ പോകാനിരിക്കെയാണ് മരണം വിജയനെ കുടുംബത്തിൽ നിന്നും എന്നന്നേക്കുമായി  വേർപെടുത്തിയത്. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന രണ്ടാമത്തെ മകളുടെ വിവാഹത്തിനായി തിരക്കിട്ട കാര്യങ്ങൾ ക്രമീകരിച്ചുകൊണ്ടിരുന്ന ഈ കുടുംബനാഥന്റെ മരണം ആ കുടുംബത്തെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതിനും അപ്പുറത്താണ്. എല്ലാവരോടും സ്നേഹത്തോടെ സംസാരിച്ചു നടന്ന വിജയൻറെ മരണം സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വിശ്വസിക്കാനാവുന്നില്ല.

സംസ്ക്കാരം സംബന്ധിച്ച വിവരങ്ങൾ ഒന്നും തീരുമാനിച്ചിട്ടില്ല. വിജയൻറെ അകാല നിര്യാണത്തിൽ മലയാളം യുകെയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതിനൊപ്പം ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

 

ലൂട്ടൻ: മരണങ്ങളുടെ മണിമുഴക്കം അവസാനിക്കാതെ യുകെ മലയാളികൾ. ഇന്നലെ ലൂട്ടനിൽ  ലൂട്ടനിൽ താമസിക്കുന്ന ജിജി മാത്യസിന്റെ (56, മുഞ്ഞനാട്ട് കുടുംബാംഗം) മരണം ലൂട്ടൻ മലയാളികളെ എന്നപോലെ തന്നെ യുകെയിലെ മറ്റു മലയാളികളെയും ഒരുപോലെ ഞെട്ടിച്ചു എന്നത് ഒരു യാഥാർത്യമാണ്. രാത്രി ഒരു മണിയോടെ അസ്വസ്ഥ തോന്നിയ ജിജി വെള്ളം കുടിക്കാനായിട്ടാണ് മുകളിൽ നിന്നും അടുക്കളയിൽ എത്തുന്നത്.

എണീറ്റുപോകുന്നത് ശ്രദ്ധിച്ച ഭാര്യ താഴെയെത്തിയപ്പോൾ ആണ് മുകളിലേക്ക് കയറാനാകാതെ വീണുകിടക്കുന്ന ഭർത്താവിനെ കാണുന്നത്. ക്രിസ്മസ് ആഘോഷത്തിനായി ഈയിടെ വിവാഹം കഴിച്ചയച്ച ഡോക്ടറായ മകൾ ഉൾപ്പെടെ എല്ലാവരും വീട്ടിൽ ഉണ്ടായിരുന്നു.

എല്ലാവരും താഴെയെത്തി. ഡോക്ടർ ആയ മകളും നഴ്‌സായ ഭാര്യയും സി പി ആർ  നൽകി. ഇതിനിടയിൽ തന്നെ ആംബുലൻസ് ടീമും സ്ഥലത്തെത്തി. ഉടനടി ആശുപത്രിലേക്ക് മാറ്റിയെങ്കിലും ജീവൻ നിലനിർത്താൻ സാധിക്കാതെ വരുകയായിരുന്നു. നാട്ടിൽ പത്തനംതിട്ടയിലെ മൈലപ്ര സ്വദേശിയാണ് ജിജി. സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന ബെജിയുടെ മൂത്ത സഹോദരനാണ് പരേതനായ ജിജി മാത്യൂസ്.

എല്ലാവരുമായും ക്രിസ്മസിന്റെ സന്തോഷം പങ്കുവെച്ചു തലേദിവസം പിരിഞ്ഞ പ്രിയ സുഹൃത്തിന്റെ ആകസ്മിക വേർപാടിൽ ഞെട്ടലിലാണ് യുകെയിൽ മലയാളി സുഹൃത്തുക്കൾ.  യുകെയിൽ ഏറെ സൗഹൃദമുള്ള ജിജി, പ്രവാസി മലയാളി സംഘടനയായ ല്യൂട്ടന്‍ കേരളൈറ്റ് അസോസിയേഷന്റെ ആദ്യകാല പ്രസിഡന്റും ലൂട്ടൻ മലയാളി അസ്സോസിയേഷന്റെ സ്ഥാപകരിൽ ഒരാളുമാണ്. മലയാളികളുടെ എല്ലാ പ്രശ്നങ്ങളിലും സജീവമായി ഇടപെടുന്ന അദ്ദേഹം, സംഘടനയുടെ പ്രസിഡന്റ്‌, യുക്മയുടെ പല പരിപാടികളിലും സജീവ പങ്കാളിത്വം വഹിച്ചിട്ടുണ്ട്.

ഗ്ലോസ്റ്ററില്‍ ഈ അടുത്ത് നടന്ന രണ്ട് കാർ അപകടങ്ങളിൽ പെട്ടവർക്ക്  സാമ്പത്തിക സഹായം എത്തിക്കുന്നതിനും ജിജി അക്ഷീണം പ്രവർത്തിച്ചിരുന്നു. പ്രിയ സുഹൃത്തിനെക്കാൾ ഉപരിയായി ജ്യേഷ്ഠ സഹോദരനെയാണ് പ്രിയപ്പെട്ടവർക്ക് നഷ്ടമായിരിക്കുന്നത്. എല്ലാ പ്രതിസന്ധിയിലും താങ്ങായി നിന്ന ജിജിയുടെ വേർപാടിന്റെ ആഘാതത്തിലാണ് യുകെ മലയാളികൾ.

ഐയ്ല്‍സ്ബറി എന്‍എച്ച്എസ് ഹോസ്പിറ്റലിലായിരുന്നു ജിജി ജോലി ചെയ്തിരുന്നത്. ഭാര്യ ഷേര്‍ളി ലൂട്ടന്‍ ആന്റ് ഡണ്‍സ്റ്റബിള്‍ ഹോസ്പിറ്റലില്‍ നഴ്‌സാണ്. മക്കള്‍: നിക്കി (എന്‍എച്ച്എസ് ഡോക്ടര്‍), നിഖില്‍, നോയല്‍ എന്നിവരാണ്

ജിജിയുടെ വേർപാടിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനങ്ങൾ രേഖപ്പെടുത്തുന്നു.

നോർത്ത് വെയിൽസ്‌: ക്രിസ്മസ് ദിനത്തിൽ യുകെ മലയാളികൾക്ക് വേദനയായി അങ്കമാലി കരയാമ്പറമ്പ് കാളാംപറമ്പിൽ ജീജോ ജോസിന്റെ (46) മരണം. ജീവിത പ്രതീക്ഷയോടും ജീവന്റെ നിലനിൽപ്പും പ്രതീക്ഷിച്ച് യു കെ യിൽ എത്തി നാല് മാസം തികയും മുമ്പ് ആണ് മരണത്തിന്റെ രംഗപ്രവേശം. മാഞ്ചസ്റ്ററിനടുത്തു ഡൻബിഗ് ഷെയർ, ബോഡാൽവിടാൻ കമ്മ്യുണിറ്റിയിൽ ഗ്ലാൻ ഗ്ലാഡ്‌ ഹോസ്പിറ്റലിൽ വെച്ചാണ് മരണം സംഭവിച്ചത്.

ജീജോ നാട്ടിൽ വെച്ച് തന്നെ ക്യാൻസർ രോഗത്തിൽ ചികിത്സയിലായിരുന്നെങ്കിലും രോഗം നിയന്ത്രണവിധേയം എന്ന് കരുതിയിരുന്നു. നോർത്ത് വെയിൽസിൽ സീനിയർ കെയർ ആയി കഴിഞ്ഞ വര്ഷം എത്തിയ തന്റെ ഭാര്യ നിഷയും  മൂന്നു മക്കളുമായി ജീവിതം പടുത്തുയർത്തുവാനായി നാല് മാസങ്ങൾക്ക് മുൻപ് യുകെയിൽ എത്തിച്ചേർന്നത്.

കാളാംപറമ്പിൽ വർക്കി ജോസ്, ജെസ്സി ജോസ് എന്നി ദമ്പതികളുടെ മകനാണ് പരേതനായ സിജോ ജോസ്. സുജ, റോബിൻ എന്നിവർ സഹോദരങ്ങളും. ഭാര്യ നിഷ ജീജോ. ജോഷ്വാ (13) ജൊഹാൻ (9)ജ്യുവൽ മറിയ (7) എന്നിവർ മക്കളാണ്.

മൃതദേഹം നാട്ടിൽ കൊണ്ടുപോയി അന്ത്യോപചാര ശുശ്രുഷകൾ നടത്തുവാനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. പ്രാദേശിക മലയാളി അസോസിയേഷനും ബന്ധു മിത്രാദികളും കൂട്ടുകാരും  കുടുംബത്തിന് ആശ്വാസമായി ഒപ്പം ഉണ്ട്.

ജീജോ ജോസിന്റെ അകാല വേർപാടിൽ മലയാളം യുകെ ആദരാഞ്ജലികൾ അർപ്പിക്കുന്നതിനൊപ്പം ദുഃഖിതരായ ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

RECENT POSTS
Copyright © . All rights reserved