ന്യൂസ് ഡെസ്ക് മലയാളം യുകെ
സ്വിറ്റ്‌സർലൻഡ് : സ്വിറ്റ്‌സർലൻഡിലെ ആദ്യത്തെ ക്രിപ്‌റ്റോ സ്റ്റാമ്പ് പുറത്തിറങ്ങി. പുറത്തിറക്കിയ ആദ്യ ദിവസം തന്നെ ഡിമാൻഡ് ഉയർന്നതോടെ രാജ്യത്തെ തപാൽ സേവനങ്ങൾ തടസ്സപ്പെട്ടു. ആകർഷകമായ ഓഫറുകൾ നൽകിയ ദിവസം നിരവധി ഓർഡറുകൾ ഒരേസമയം ഓൺലൈൻ ഷോപ്പിൽ എത്തിയപ്പോൾ സാങ്കേതിക പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നതായി സ്വിസ് പോസ്റ്റ് വ്യക്തമാക്കി. നവംബർ 25-ന് വ്യാഴാഴ്ച രാവിലെയാണ് സ്വിറ്റ്സർലൻഡ് ക്രിപ്‌റ്റോ സ്റ്റാമ്പ് പുറത്തിറക്കിയത്. സെപ്റ്റംബറിൽ ആയിരുന്നു പ്രഖ്യാപനം.

സ്റ്റാമ്പ് സ്വന്തമാക്കാൻ താൽപ്പര്യമുള്ളവർ നേരത്തെ തന്നെ തപാലുമായി ബന്ധപ്പെട്ടിരുന്നു. ക്രിപ്‌റ്റോ സ്റ്റാമ്പിൽ രണ്ട് ഭാഗങ്ങളാണുള്ളത്. 8.90 സ്വിസ് ഫ്രാങ്കുകൾക്ക് വാങ്ങാവുന്ന ഒരു ഭാഗവും മറ്റൊരു ഡിജിറ്റൽ ഇമേജും. മറ്റേതൊരു സ്റ്റാമ്പും പോലെ ഇതും ഉപയോഗിക്കാം. നീല നിറത്തിൽ മാറ്റർഹോണിന്റെയും ചന്ദ്രന്റെയും ചിത്രം ഉൾകൊള്ളുന്ന സ്റ്റാമ്പിൽ 8.90 ഫ്രാങ്ക് എന്ന വിലയും ചേർത്തിട്ടുണ്ട്. എന്നാൽ യഥാർത്ഥ ക്രിപ്റ്റോ സ്റ്റാമ്പ് ഡിജിറ്റൽ ആണ്.
സ്വിസ് പോസ്റ്റും ഇനാക്റ്റയും ചേർന്ന് 175,000 ക്രിപ്‌റ്റോ സ്റ്റാമ്പുകൾ പുറത്തിറക്കാൻ പദ്ധതിയിടുന്നു. ഇതിൽ 65,000 എണ്ണം ഡിജിറ്റൽ ഡിസൈൻ ആയിരിക്കും. ക്രിപ്റ്റോ സൗഹൃദ നാടായി സ്വിറ്റ്സർലൻഡ് മാറുകയാണ്. 2018-ൽ ബ്ലോക്ക് ചെയിൻ ഇൻഫ്രാസ്ട്രക് ചർ പ്രോജക്റ്റിൽ ടെലികോം ദാതാവായ സ്വിസ്കോമുമായി സ്വിസ് പോസ്റ്റ് ഒരു സഹകരണം പ്രഖ്യാപിച്ചിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഓസ്ട്രേലിയ : പ്രമുഖ ഓസ്ട്രേലിയൻ ബാങ്കുകളിൽ ഒന്നായ, കോമൺവെൽത്ത് ബാങ്ക് തങ്ങളുടെ കസ്റ്റമേഴ്സിന് ക്രിപ്റ്റോ കറൻസികൾ വ്യാപാരം ചെയ്യാനുള്ള സൗകര്യം ഒരുക്കി നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. ബാങ്കിന്റെ ആപ്പിലൂടെയാണ് ഈ സൗകര്യം കസ്റ്റമേഴ്സിന് ലഭ്യമാകുന്നത്. യു എസ് അടിസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിപ്റ്റോ എക്സ്ചേഞ്ച് ജമിനിയുമായും, ബ്ലോക്ക്‌ചെയിൻ അനാലിസിസ് ഫേം ചെയിൻ അനാലിസിസുമായും ചേർന്നാണ് കോമൺവെൽത്ത് ബാങ്ക് തങ്ങളുടെ 6.5 മില്യൻ ആപ്പ് വഴി കസ്റ്റമേഴ്സിന് ക്രിപ്റ്റോകറൻസികൾ വ്യാപാരം ചെയ്യുവാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ബിറ്റ് കോയിൻ, എതിറിയം, ലൈറ്റ് കോയിൻ ഉൾപ്പെടെ പത്തോളം ക്രിപ്റ്റോകറൻസികൾ വാങ്ങുവാനും വിൽക്കുവാനുമുള്ള സൗകര്യങ്ങൾ കസ്റ്റമേഴ്സിന് ഈ ആപ്പിലൂടെ ലഭ്യമാകും. അടുത്ത ആഴ്ചകൾക്കുള്ളിൽ തന്നെ പരീക്ഷണാർഥത്തിൽ ഇത് നടപ്പിലാക്കുമെന്നും, 2022 ഓടെ ഇത് പൂർണ രീതിയിൽ പ്രവർത്തനമാരംഭിക്കുമെന്നും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ക്രിപ്റ്റോ കറൻസി ട്രേഡിങ്ങിന് പൂർണ്ണമായും സുരക്ഷിതമായ ഒരു പ്ലാറ്റ് ഫോമാണ് തങ്ങൾ ഉറപ്പാക്കാൻ ശ്രമിക്കുന്നതെന്ന് സി ബി എ ചീഫ് എക്സിക്യൂട്ടീവ് മാറ്റ് കോമിൻ വ്യക്തമാക്കി.

ബാങ്ക് നടത്തിയ അന്വേഷണങ്ങളിൽ ഭൂരിഭാഗം കസ്റ്റമേഴ്സും ക്രിപ്റ്റോകറൻസികളിലുള്ള തങ്ങളുടെ താല്പര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ തന്നെ നിരവധി പേർ നിലവിൽ ക്രിപ്റ്റോകറൻസി ട്രേഡിങ് നടത്തുന്നവരുമാണ്. ഇതേ തുടർന്നാണ് ഇത്തരമൊരു സൗകര്യം ഒരുക്കി നൽകുവാൻ ബാങ്ക് മുന്നോട്ടു വന്നിരിക്കുന്നത്. മറ്റു പല എക്സ്ചേഞ്ച് പ്ലാറ്റ് ഫോമുകളിലും ജനങ്ങൾ വഞ്ചിക്കപ്പെടാൻ ഉള്ള സാധ്യതകളേറെ ആണെന്നും, എന്നാൽ അത്തരം ഭീഷണികളെ എല്ലാം ഒഴിവാക്കി പൂർണ്ണ സുരക്ഷിതത്വബോധം കസ്റ്റമേഴ്സിന് നൽകാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് മാറ്റ് കോമിൻ വ്യക്തമാക്കി. ഈ സൗകര്യം ലഭ്യമാക്കുന്ന ഓസ്ട്രേലിയയിലെ ആദ്യ പ്രമുഖ ബാങ്കുകളിൽ ഒന്നാണ് സി ബി എ. ഈ സംവിധാനം ക്രിപ്റ്റോകറൻസികൾക്ക് കൂടുതൽ സ്വീകാര്യത ഉണ്ടാക്കുമെന്നും വിദഗ്ധർ വിലയിരുത്തുന്നു.

കോമൺവെൽത്ത് ബാങ്ക് ഇത്തരമൊരു മേഖലയിലേയ്ക്ക് ചുവടുവച്ചതിൽ തനിക്ക് അത്ഭുതമൊന്നുമില്ലെന്ന് സ്വൈൻബെൺ ബിസിനസ് സ്കൂൾ ലക്ചറർ ഡോക്ടർ ഡിമിട്രിയസ് സലംപാസിസ് വ്യക്തമാക്കി. ക്രിപ്റ്റോകറൻസികളെ അവഗണിച്ചിരുന്ന ഒരു കാലഘട്ടത്തിന് മാറ്റമുണ്ടാവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക മേഖലയിലുള്ള നിരവധി വിദഗ്ധരും ബാങ്കിന്റെ നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ക്രിപ്റ്റോ വിഭാഗത്തിലേക്ക് നൂറു പേരെ നിയമിക്കാനൊരുങ്ങി സിറ്റി ഗ്രൂപ്പ്. ഇതിലൂടെ ഒരു ക്രിപ്റ്റോ ടീമിന് രൂപം നൽകാനാണ് കമ്പനി പദ്ധതിയിടുന്നത്. സിറ്റിയുടെ ഇൻസ്റ്റിറ്റ്യൂഷണൽ ക്ലയന്റ് ഗ്രൂപ്പിലെ ഡിജിറ്റൽ അസറ്റുകളുടെ പുതിയ തലവൻ പുനീത് സിംഗ്വി ആയിരിക്കും. മുമ്പ്, സിറ്റിയുടെ ട്രേഡിംഗ് ബിസിനസിലെ ബ്ലോക്ക് ചെയിൻ, ഡിജിറ്റൽ അസറ്റുകൾ എന്നിവയുടെ തലവനായിരുന്നു സിംഗ്വി. ബ്ലോക്ക് ചെയിനിന്റെയും ഡിജിറ്റൽ അസറ്റുകളുടെയും വലിയ സാധ്യതകളിൽ സിറ്റി ഗ്രൂപ്പ് വിശ്വാസം അർപ്പിക്കുന്നു.

ക്ലയന്റുകൾ, സ്റ്റാർട്ടപ്പുകൾ, റെഗുലേറ്റർമാർ തുടങ്ങി നിരവധി പങ്കാളികളുമായി ഇടപഴകുന്നതിൽ പുനീതും ടീമും ശ്രദ്ധ കേന്ദ്രീകരിക്കും. ഡിജിറ്റൽ അസറ്റ് സ്‌പെയ്‌സിൽ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സിറ്റി ഗ്രൂപ്പ് പ്രസ്താവന ഇറക്കി. ശോഭിത് മൈനിയും വസന്ത് വിശ്വനാഥനും സിറ്റി ഗ്രൂപ്പിന്റെ ഗ്ലോബൽ മാർക്കറ്റ് ബിസിനസിന്റെ ബ്ലോക്ക് ചെയിൻ, ഡിജിറ്റൽ അസറ്റുകളുടെ സഹ-മേധാവികളായിരിക്കും.

ക്രിപ്‌റ്റോകറൻസികളുടെ വർദ്ധിച്ചു വരുന്ന ജനപ്രീതി മുന്നിൽ കണ്ട് ജൂണിൽ സിറ്റി ഗ്രൂപ്പ് ഡിജിറ്റൽ അസറ്റ് ഡിവിഷൻ ആരംഭിച്ചു. ഉപഭോക്താക്കൾക്ക് ക്രിപ്റ്റോകറൻസിയിൽ കൂടുതൽ താല്പര്യം ഉണ്ടെന്ന് വെളിപ്പെടുത്തിയ ഗ്രൂപ്പ്, ബാങ്ക് റെഗുലേറ്ററി അനുമതിയ്ക്കായി കാത്തിരിക്കുകയായിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
എല്‍ സാല്‍വഡോർ : ലോകത്തിലെ ആദ്യ ബിറ്റ് കോയിന്‍ നഗരം നിര്‍മ്മിക്കാന്‍ എല്‍ സാല്‍വഡോർ പദ്ധതിയിടുന്നതായി പ്രസിഡന്റ് നയീബ് ബുകെലെ അറിയിച്ചു. പദ്ധതിയ്ക്ക് ധനസഹായം ലഭ്യമാക്കുന്നതിനായി എല്‍ സാല്‍വഡോര്‍ 1 ബില്യണ്‍ ഡോളറിന്റെ ബിറ്റ് കോയിന്‍ ബോണ്ടുകള്‍ 2022ല്‍ പുറത്തിറക്കും. രാജ്യത്ത് കഴിഞ്ഞ ഒരാഴ്ച നീണ്ടുനിന്ന ലാറ്റിന്‍ അമേരിക്കന്‍ ബിറ്റ്‌കോയിന്‍ ആന്‍ഡ് ബ്ലോക്‌ചെയിൻ കോണ്‍ഫെറൻസിന്റെ സമാപനത്തിലാണ് പ്രസിഡന്റ് നയിബ് ബുകെലെയുടെ പ്രഖ്യാപനം. ബിറ്റ് കോയിനിലൂടെ രാജ്യത്തെ നിക്ഷേപങ്ങള്‍ ഇരട്ടിയാക്കുകയാണ് പ്രധാന ലക്ഷ്യം. ലാ യൂണിയന്‍ മുനിസിപ്പാലിറ്റിയിലാണ് ബിറ്റ്‌കോയിന്‍ സിറ്റി വരുന്നത്. വാറ്റ് ഒഴികെ മറ്റ് നികുതികളൊന്നും പുതിയ സിറ്റിയില്‍ ഉണ്ടാകില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി.

താമസസൗകര്യങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍, സേവനങ്ങള്‍, മ്യൂസിയങ്ങള്‍, വിനോദങ്ങള്‍, വിമാനത്താവളങ്ങള്‍, റെയില്‍വെ തുടങ്ങിയവ ഉൾപ്പെടുന്ന നഗരം വൃത്താകൃതിയിലായിരിക്കും നിർമ്മിക്കുക. ബിറ്റ് കോയിന്‍ നഗരത്തിന്റെ നിര്‍മ്മാണത്തിന് നിശ്ചിത കാലയളവ് നല്‍കിയിട്ടില്ല. ജിയോതെർമൽ എനർജി ഉപയോഗിച്ചാണ് പ്രവർത്തിക്കുക. ഇതൊരു സമ്പൂര്‍ണ്ണ പാരിസ്ഥിതിക നഗരം (ecological city ) ആയിരിക്കുമെന്നും കാര്‍ബണ്‍ഡയോക്‌സൈഡ് പുറന്തള്ളല്‍ പൂജ്യമായിരിക്കുമെന്നും ബുകലെ വ്യക്തമാക്കിയിട്ടുണ്ട്.

അടുത്ത വർഷം 1 ബില്യണ്‍ ഡോളറിന്റെ ബിറ്റ് കോയിന്‍ ബോണ്ടുകള്‍ പുറത്തിറക്കുന്നത് ബ്ലോക് ചെയിന്‍ ടെക് ദാതാക്കളായ ബ്ലോക്ക് സ്ട്രീം ആണ്. ബിറ്റ് കോയിന്‍ നിയമപരമായ കറൻസിയായി അംഗീകരിച്ച ലോകത്തിലെ ആദ്യ രാജ്യമാണ് എല്‍ സാല്‍വഡോർ. കഴിഞ്ഞ സെപ്റ്റംബറിലാണ് എല്‍ സാല്‍വദോര്‍ ബിറ്റ്‌കോയിന് അംഗീകാരം നല്‍കിയത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വിയന്ന : ക്രിപ്‌റ്റോകറൻസികൾക്ക് നികുതി ചുമത്താനുള്ള തീരുമാനവുമായി ഓസ്ട്രിയ. സ്റ്റോക്കുകളിൽ നിന്നും ബോണ്ടുകളിൽ നിന്നുമുള്ള ലാഭത്തിന് സമാനമായി ഡിജിറ്റൽ കറൻസി നിക്ഷേപങ്ങൾക്കും നികുതി ചുമത്താനാണ് നീക്കം. ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ വികസിച്ചുകൊണ്ടിരിക്കുന്ന ക്രിപ്‌റ്റോ കറൻസി മാർക്കറ്റിൽ നിന്നുള്ള വരുമാനത്തിന് നികുതി ചുമത്താനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. ബിറ്റ്‌കോയിൻ പോലുള്ള ക്രിപ്‌റ്റോകറൻസികൾക്ക് തുല്യ പരിഗണനയാണ് നൽകുന്നതെന്ന് ഓസ്ട്രിയൻ സർക്കാർ അറിയിച്ചു. അടുത്ത വർഷം മാർച്ച് മുതൽ ക്രിപ്റ്റോ കറൻസിയിൽ നിന്നുള്ള വരുമാനത്തിന് 27.5% നികുതി ബാധകമാക്കുമെന്ന് സർക്കാർ വ്യക്തമാക്കി.

ഇത് ജനങ്ങൾക്കിടയിൽ വിശ്വാസ്യത വർധിപ്പിക്കുമെന്നും ക്രിപ്റ്റോ കറൻസിയിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ ഉണ്ടാകുമെന്നും ധനകാര്യ മന്ത്രാലയം അറിയിച്ചു. 2022 മാർച്ച് 1 മുതൽ നികുതി പ്രാബല്യത്തിൽ വരും. 2021 ഫെബ്രുവരി 28-ന് ശേഷം വാങ്ങിയ ക്രിപ്‌റ്റോകറൻസികൾക്ക് മാത്രമേ നികുതി ബാധകമാകൂ. അതിന് മുമ്പ് നേടിയ ഡിജിറ്റൽ നാണയങ്ങൾ അടക്കമുള്ള ക്രിപ്റ്റോ ആസ്തികൾക്ക് പുതിയ നികുതി നിയമങ്ങൾക്ക് വിധേയമായിരിക്കില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ
എൽ സാൽവഡോർ: ക്രിപ്റ്റോ കറൻസിയായ ബിറ്റ് കോയിനിനെ സ്വന്തം രാജ്യത്തിന്റെ നാണയമായി അംഗീകരിക്കുന്ന ആദ്യ രാജ്യമാണ് മധ്യ അമേരിക്കയിലെ എൽ സാൽവഡോർ. 20 മില്ല്യൺ ഡോളർ മൂല്യമുള്ള 400 ബിറ്റ് കോയിൻ വാങ്ങിയെന്ന് പ്രസിഡന്റ് നയിബ് ബൂകെലെ അറിയിച്ചിരുന്നു. ബിറ്റ് കോയിനിലൂടെ നേടിയ ലാഭത്തിൽ നിന്ന് പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ ഒരുങ്ങുകയാണ് ഈ രാജ്യം. ഇത്തവണ 20 ബിറ്റ്‌കോയിൻ സ്‌കൂളുകൾ നിർമ്മിക്കാനാണ് ക്രിപ്റ്റോ കറൻസിയിൽ നിന്ന് കിട്ടിയ ലാഭം വിനിയോഗിക്കുന്നത്. പ്രസിഡന്റിന്റെ പ്രസ് സെക്രട്ടറി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 20 ബിറ്റ്‌കോയിൻ സ്‌കൂളുകൾ വഴി സാൽവഡോറിലെ ജനങ്ങൾക്ക് ക്രിപ്‌റ്റോകറൻസി വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് സർക്കാർ അറിയിച്ചു.

ഈ പദ്ധതി, രാജ്യത്തെ പൗരന്മാർക്ക് അധിക നികുതി ഭാരം ചുമത്തില്ലെന്നും സർക്കാർ സ്ഥിരീകരിച്ചു. എൽ സാൽവഡോറിന്റെ ‘മൈ ന്യൂ സ്കൂൾ’ പ്രോഗ്രാമിന്റെ ഭാഗമായി ആസൂത്രണം ചെയ്ത 400 സ്കൂളുകളിൽ 20 ബിറ്റ് കോയിൻ സ്കൂളുകൾ ഉൾപ്പെടും. സെപ്റ്റംബർ 7 നായിരുന്നു രാജ്യം ബിറ്റ് കോയിൻ നിയമവിധേയമാക്കിയത്. ബിറ്റ് കോയിൻ ഹോൾഡിംഗിലൂടെ രാജ്യം 12 മില്യൺ ഡോളർ (8.80 മില്യൺ പൗണ്ട്) ലാഭം നേടിയതായി ഗവണ്മെന്റ് വെളിപ്പെടുത്തുന്നു.

ബിറ്റ് കോയിൻ ലാഭത്തിൽ നിന്ന് തലസ്ഥാന നഗരമായ സാൻ സാൽവഡോറിൽ പുതിയ മൃഗാശുപത്രി നിർമ്മിക്കാനും പദ്ധതിയുണ്ട്. പുതിയ മൃഗാശുപത്രി എങ്ങനെയായിരിക്കുമെന്നതിന്റെ വീഡിയോയും പുറത്തിറക്കികഴിഞ്ഞു. പുതിയ മൃഗാശുപത്രിയിൽ നാല് ഓപ്പറേഷൻ റൂമുകളും നാല് എമർജൻസി ക്ലിനിക്കുകളും 19 ഓഫീസുകളും ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വാഷിംഗ്‌ടൺ : ഈ നൂറ്റാണ്ടിന്റെ നിക്ഷേപമാർഗമായി ക്രിപ്‌റ്റോ കറൻസികൾ മാറികഴിഞ്ഞു. ക്രിപ്‌റ്റോ നിക്ഷേപകർക്കും വിപണികൾക്കും കരുത്തുപകരുന്ന രാജ്യമായി അമേരിക്ക മാറുകയാണ്. ക്രിപ്റ്റോകറൻസികൾ നിരോധിക്കാൻ താൽപ്പര്യമില്ലെന്ന് വ്യക്തമാക്കിയത് യു.എസ്. കേന്ദ്ര ബാങ്കായ ഫെഡ് റിസർവിന്റെ ചെയർമാനായ ജെറോം പവലാണ്. പവലിന്റെ പ്രസ്താവനയ്ക്കു പുറമേ ബിറ്റ്‌കോയിൻ മൂല്യം ഉയർന്നിരുന്നു. ഒക്‌ടോബർ 6 ന് , യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷൻ (എസ്‌ഇസി) തലവൻ ഗാരി ജെൻസ്‌ലറും ക്രിപ്റ്റോകറൻസി നിരോധിക്കില്ലെന്ന് പറഞ്ഞിരുന്നു. ക്രിപ്‌റ്റോകറൻസി നിരോധിക്കുന്നത് എസ്ഇസിയുടെ ഉത്തരവിന് കീഴിലല്ലെന്നും ഡിജിറ്റൽ ആസ്തികൾ നിയമപരമായി നിരോധിക്കാനുള്ള ഏക മാർഗം കോൺഗ്രസിലൂടെയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മൂല്യത്തിൽ സ്ഥിരത പുലർത്തുന്ന കോയിനുകൾക്കായി കൂടുതൽ നിയമങ്ങൾ കൊണ്ടുവരികയാണു വേണ്ടതെന്ന് പവൽ അഭിപ്രായപ്പെട്ടിരുന്നു. ക്രിപ്‌റ്റോകറൻസി വളരാൻ യുഎസ് അനുവദിക്കുമെന്നും വ്യവസായത്തെ നിയന്ത്രിക്കുന്നതിനുള്ള മികച്ച വഴികൾ ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ കുറച്ചു മാസങ്ങളായി ക്രിപ്റ്റോ തകർച്ചയുടെ വക്കിലായിരുന്നു. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈന ക്രിപ്‌റ്റോ കറൻസികൾക്കു നിരോധനമേർപ്പെടുത്തിയതാണ് വിപണി തകരാൻ കാരണം. ബിറ്റ് കോയിന്റെ മൂല്യം 39,000 ഡോളർ വരെ താഴ്ന്നിരുന്നെങ്കിലും പിന്നീട് കുതിച്ചുയർന്നു.

അമേരിക്കൻ നിയമനിർമ്മാതാക്കൾ പോലും ബിറ്റ് കോയിൻ വാങ്ങുന്നുണ്ടെന്ന വാർത്ത ക്രിപ്റ്റോയുടെ വളർച്ചയ്ക്ക് ഗതിവേഗം പകരുന്നുണ്ട്. 50,001 ഡോളറിനും 100,000 ഡോളറിനും ഇടയിൽ വിലമതിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസി ആഗസ്റ്റ് 16-ന് താൻ സ്വന്തമാക്കിയതായി യുഎസ് സെനറ്റർ സിന്തിയ ലുമ്മിസ് വെളിപ്പെടുത്തിയിരുന്നു. യുഎസ് ഗവൺമെന്റ് ക്രിപ്‌റ്റോകറൻസികൾ നിരോധിക്കാത്തതിനാലും അമേരിക്കൻ രാഷ്ട്രീയക്കാർ അവയിൽ നിക്ഷേപം നടത്തുന്നതിനാലും മൂല്യം ഇനിയും ഉയർന്നേക്കും. ബിറ്റ്‌കോയിൻ, ബ്ലോക്ക്‌ചെയിൻ ടെക്‌നോളജി, മറ്റ് ക്രിപ്‌റ്റോകറൻസികൾ എന്നിവ സ്വീകരിക്കുമെന്നും രാജ്യം വ്യക്തമാക്കികഴിഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞദിവസം വൈറലായ ഒരു ജോലിയ്ക്കുള്ള അപേക്ഷയുണ്ട്. ദക്ഷിണ കൊറിയയില്‍ ഉള്ളി കൃഷിക്കായി അപേക്ഷകരെ ക്ഷണിച്ചത്. പത്താം ക്ലാസ് യോഗ്യത, ഒരു ലക്ഷം രൂപ ശമ്പളം. ഇങ്ങനെയൊരു പരസ്യം കണ്ടതോടെ മലയാളികളും വെറുതെയിരുന്നില്ല. കുത്തിയിരുന്നങ്ങ് അപേക്ഷിച്ചു. ഇപ്പോള്‍ അപേക്ഷകരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്.
അപേക്ഷകരുടെ തിരക്ക് കാരണം സംസ്ഥാന സര്‍ക്കാരിന്റെ വിദേശ റിക്രൂട്ടിങ് ഏജന്‍സിയായ ഒഡേപെകിന്റെ വെബ്സൈറ്റിന്റെ പ്രവര്‍ത്തനം തടസപ്പെടുകയും ചെയ്തു. അപേക്ഷകരുടെ എണ്ണം വര്‍ധിച്ചതോടെ പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നത് തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്. 5000 പേര്‍ ഇ-മെയില്‍ വഴിയും 2000 പേര്‍ ഫേസ്ബുക്ക് വഴിയുമാണ് അപേക്ഷ നല്‍കിയത്.
സംസ്ഥാന സര്‍ക്കാരിന്റെ വിദേശ റിക്രൂട്ടിങ് ഏജന്‍സിയായ ഒഡേപെക് മുഖേന 100 ഒഴിവുകളിലേക്ക് നടത്തുന്ന തെരഞ്ഞെടുപ്പിനായി രണ്ടു ദിവസത്തിനിടെ അയ്യായിരത്തിലധികം പേരാണ് അപേക്ഷിച്ചത്. ദക്ഷിണ കൊറിയയില്‍ ജോലിക്കായി 22നാണ് ഒഡേപെക് അപേക്ഷ ക്ഷണിച്ചത്. പത്താം ക്ലാസ് പാസായ 25 നും 45 നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമാണ് ജോലിക്ക് അപേക്ഷിക്കാന്‍ അവസരമുള്ളത്. പ്രതിമാസം ഒരു ലക്ഷം രൂപയാണ് ശമ്പളം. ആദ്യമായാണ് ഒഡെപെക് ദക്ഷിണ കൊറിയയിലേക്കു തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത്. കൊറിയന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സുമായി ചേര്‍ന്നാണു നിയമനം.
രജിസ്റ്റര്‍ ചെയ്തവര്‍ രണ്ട് ഡോസ് കോവിഷീല്‍ഡ് വാക്‌സീന്‍ എടുത്തിരിക്കണം. താല്‍പര്യമുള്ളവര്‍ക്കായി ഒഡെപെക് 27നു തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലും 29ന് എറണാകുളം മുനിസിപ്പല്‍ ടൗണ്‍ ഹാളിലും സെമിനാര്‍ നടത്തും. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് രണ്ട് ലക്ഷം രൂപയാണ് ചെലവായി വരുന്നത്. 100 പേര്‍ക്കാണ് തുടക്കത്തില്‍ നിയമനം ലഭിക്കുക. കാര്‍ഷികവൃത്തിയില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. ഭക്ഷണം ഉള്‍പ്പെടെ കമ്പനി നല്‍കും. അപേക്ഷ അയക്കേണ്ട ഇമെയില്‍: [email protected] വെബ്‌സൈറ്റ്: www.odepc.kerala.gov.in.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു എസ് : ബിറ്റ് കോയിൻ ഓഫ് അമേരിക്കയുടെ ക്രിപ്റ്റോകറൻസി എ ടി എമ്മുകളിൽ എതീറിയം കൂടി ഉൾപ്പെടുത്താൻ തീരുമാനം. എതീറിയത്തിന്റെ വർദ്ധിച്ചു വരുന്ന ജനപ്രീതി കണക്കിലെടുത്താണ് പുതിയ തീരുമാനം. നിലവിൽ ബിറ്റ് കോയിൻ ഓഫ് അമേരിക്കയ്ക്ക് 31 സ്റ്റേറ്റുകളിലായി ഏകദേശം 1300 ഓളം ക്രിപ്റ്റോകറൻസി എ ടി എമ്മുകളാണ് ഉള്ളത്. എ ടിഎം മെഷീനുകളോടൊപ്പം തന്നെ ഓൺലൈനായും ബിറ്റ് കോയിൻ ഓഫ് അമേരിക്ക തങ്ങളുടെ സേവനങ്ങൾ ഉപഭോക്താക്കളിൽ എത്തിക്കുന്നുണ്ട്. ഇത്തരം എ ടിഎമ്മുകളിൽ നിന്നും ഉപഭോക്താക്കൾക്ക് പണം ഉപയോഗിച്ചോ ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ ബിറ്റ് കോയിൻ സ്വന്തമാക്കാവുന്നതാണ്. ഈ വർഷം തുടക്കത്തിൽ തങ്ങളുടെ കിയോസ്ക് മെഷീനുകളിൽ കൂടുതൽ പുതുമ ബിറ്റ് കോയിൻ ഓഫ് അമേരിക്ക വരുത്തിയിരുന്നു. ഇതിൽ പ്രകാരം മൂന്നു തരത്തിലുള്ള ഉപയോഗമാണ് ഒരു ബിറ്റ് കോയിൻ മെഷീൻ കൊണ്ട് ഉപഭോക്താക്കൾക്ക് ഉണ്ടാകുന്നത്. ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുന്ന സാധാരണ രീതിയിലുള്ള എ ടിഎം സേവനങ്ങൾക്കു പുറമേ, പണം ഉപയോഗിച്ച് ക്രിപ്റ്റോ കറൻസി വാങ്ങുവാനും , ക്രിപ്റ്റോ കറൻസി വിൽക്കുന്നതിലൂടെ ലഭിക്കുന്ന പണം കൈപ്പറ്റാൻ ഇത്തരം മെഷീനുകളിലൂടെ സാധിക്കും.

വളരെ പ്രശംസനീയമായ സേവനങ്ങളാണ് നിലവിൽ ബിറ്റ് കോയിൻ ഓഫ് അമേരിക്ക ജനങ്ങളിൽ എത്തിക്കുന്നത്. ഇത്തരത്തിൽ എതീറിയം കൂടി ക്രിപ്റ്റോ കറൻസികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയത് കൂടുതൽ ഉപകാരപ്രദമാകുമെന്ന വിലയിരുത്തലാണ് സാമ്പത്തിക വിദഗ്ധർ നടത്തുന്നത്. കൂടുതൽ പുതിയ മാറ്റങ്ങളാണ് ക്രിപ്റ്റോ കറൻസിയുടെ മേഖലയിൽ നടന്നുവരുന്നത് . ഇത് കൂടുതൽ ആളുകളെ ഇവയിലേക്ക് ആകർഷിക്കുന്നതിന് കാരണമാകുന്നുണ്ട്.
ഭക്ഷ്യ-സംസ്കരണ റീട്ടെയിൽ മേഖലകളിൽ ഇന്ത്യയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ലുലു ചെയർമാൻ എം.എ. യൂസുഫലി. ഇതുസംബന്ധിച്ച് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ലഖ്നോ, തിരുവനന്തപുരം എന്നിവിടങ്ങിലെ ഷോപ്പിങ് മാൾ ഈ വർഷാവസാനത്തോടെ പ്രവർത്തനസജ്ജമാകും. ഇതുൾപ്പെടെ 5,000 കോടി രൂപയുടെ നിക്ഷേപമാണ് ലുലു ഗ്രൂപ് ഈ മേഖലയിൽ നടത്തിയത്.
കൂടുതൽ ആളുകൾക്ക് ഇതിലൂടെ തൊഴിൽ ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ടെന്നും യൂസുഫലി പ്രധാനമന്ത്രിയെ അറിയിച്ചു. പ്രവാസികളായ നിരവധി നിക്ഷേപകർ രാജ്യത്ത് കൂടുതലായി മുതൽമുടക്കാൻ തയാറാകുന്നുണ്ട്. ഇതിനു കാരണം വിദേശ ഇന്ത്യക്കാരുടെ നിക്ഷേപം ആഭ്യന്തര നിക്ഷേപമായി കണക്കാക്കുന്ന മോദി സർക്കാറിെൻറ പുതിയ നയമാണ്. ഭക്ഷ്യ സംസ്കരണ രംഗത്തും ലുലു വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കും. നോയിഡയിൽ ഭക്ഷ്യ സംസ്കരണ കേന്ദ്രത്തിെൻറ പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുകയാണ്. കശ്മീരിൽനിന്നുള്ള ഭക്ഷ്യ കയറ്റുമതി വർധിപ്പിക്കും. കശ്മീർ ഉൽപന്നങ്ങൾക്ക് മികച്ച ആവശ്യകതയാണ് ഗൾഫ് നാടുകളിലുള്ളത്.
ഗുജറാത്തിൽ പുതിയ ഭക്ഷ്യ സംസ്കരണ കേന്ദ്രം, ഹൈപർ മാർക്കറ്റ് എന്നിവ ആരംഭിക്കുന്നതിനു ചർച്ചകൾ നടക്കുന്നുവെന്നും എം.എ യൂസുഫലി വ്യക്തമാക്കി. രാജ്യത്തിെൻറ ഭക്ഷ്യ സുരക്ഷാവിഷയത്തിലും ഇന്ത്യയിലെ ഭക്ഷ്യോൽപന്നങ്ങളുടെ ആഗോള വ്യാപന പ്രക്രിയയിലും ലുലു ഗ്രൂപ് നടത്തുന്ന പ്രവർത്തനങ്ങളിൽ സന്തുഷ്ടി പ്രകടിപ്പിച്ച പ്രധാനമന്ത്രി പ്രാദേശിക ഉൽപന്നങ്ങൾക്ക് പ്രചാരം ലഭിക്കുന്നതോടൊപ്പം കർഷകർക്ക് തങ്ങളുടെ വിളകൾക്ക് മികച്ച വിലയാണ് ലഭിക്കുന്നതെന്നും വ്യക്തമാക്കി.